തിരുവനന്തപുരം: മലയാളഭാഷയിലെ കൃതികള്‍ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ യോജിച്ച ശ്രമങ്ങളുണ്ടാവണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ആഗോളീകരണത്തിന്റെ കാലത്ത് സാഹിത്യത്തിന്, ഭൂമിശാസ്ത്രപരിധിയിലൊതുങ്ങാന്‍ കഴിയില്ല. മലയാളസാഹിത്യത്തെ ലോകഭാഷകളിലേക്കെത്തിക്കാന്‍ മാതൃഭൂമി മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കനകക്കുന്ന് കൊട്ടാരത്തില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

തലമുറകളായി മലയാളികളുടെ ജീവിതത്തെ സ്വാധീനിച്ച സ്ഥാപനമാണ് മാതൃഭൂമി. കേരളത്തിന്റെ സാമൂഹികമാറ്റത്തില്‍ വലിയപങ്കാണ് മാതൃഭൂമി വഹിച്ചത്. മലയാള അക്ഷരങ്ങളുടെ പരിഷ്‌കരണം, ഭാഷയുടെ നിലവാരം കൂട്ടല്‍, സ്വാതന്ത്ര്യസമരകാലത്ത് ദേശീയതയുടെ സന്ദേശം പരത്തല്‍ എന്നിവയൊക്കെ നിര്‍വഹിച്ച ഈ പത്രം തലമുറകള്‍ക്ക് പ്രചോദനമാണ്. കേരള വികസനത്തിലും സാഹിത്യവികാസത്തിനും മാതൃഭൂമി വഹിച്ച പങ്ക് പ്രശംസാര്‍ഹമാണ്.

മിക്ക എഴുത്തുകാരുടെയും രചനകള്‍ മാതൃഭൂമിയിലൂടെയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്നതാണ് നിലവാരത്തിന്റെ മാനദണ്ഡമായി കണക്കാക്കപ്പെട്ടിരുന്നത്. അന്താരാഷ്ട്ര അക്ഷരോത്സവം സംഘടിപ്പിച്ചതിലൂടെ അതിന്റെ തുടര്‍ച്ചയിലേക്ക് വളരുകയാണ് മാതൃഭൂമി ചെയ്തിരിക്കുന്നത് -ഗവര്‍ണര്‍ പറഞ്ഞു.

മികച്ച ചിന്തകളും എഴുത്തുകാരുമാണ് അക്ഷരോത്സവത്തെ സവിശേഷമാക്കിയതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. എഴുത്തിന്റെ പശ്ചാത്തലമുള്ളവര്‍ക്കേ നല്ല സിനിമയുണ്ടാക്കാനുമാവൂ. അത്തരത്തിലുള്ളവരാണ് മലയാളത്തിലെ പ്രതീക്ഷയുണര്‍ത്തുന്ന ചെറുപ്പക്കാരായ സംവിധായകരെന്നും അടൂര്‍ പറഞ്ഞു.

പല രാജ്യങ്ങളില്‍നിന്നുള്ള എഴുത്തുകാരെ ഒരു വേദിയിലെത്തിക്കാനായതില്‍ മാതൃഭൂമിക്ക് അഭിമാനമുണ്ടെന്ന് സ്വാഗതപ്രസംഗത്തില്‍ മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ പറഞ്ഞു. ദേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായി തുടങ്ങിയ മാതൃഭൂമി എല്ലായ്‌പ്പോഴും എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എം.പി. വീരേന്ദ്രകുമാര്‍ അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. മാതൃഭൂമി ടെലിവിഷന്‍ ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു. നീതി രവീന്ദ്രനായിരുന്നു അവതാരക.
 


അക്ഷരോത്സവം അടുത്ത വര്‍ഷവും


അടുത്തവര്‍ഷവും ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ അക്ഷരോത്സവം നടത്തുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ ജനങ്ങള്‍ നല്‍കിയ ഉത്തേജനം കണക്കിലെടുത്താണ് ഈ തീരുമാനം.

സാങ്കേതികവിദ്യയിലൂടെ ലോകം ചെറുതാവുകയാണെങ്കിലും മനുഷ്യന്‍ വലുതാവുകയാണെന്ന ബോധ്യം ഈ അക്ഷരോത്സവത്തിലൂടെ ഉണ്ടായി. വെറുമൊരുത്സവമായിരുന്നില്ല, ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും കൈമാറ്റമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.