ഉഴവൂർ: ഇന്ത്യൻ ഭരണഘടനയ്ക്ക് 71 വർഷം പൂർത്തിയായ ദിവസമായിരുന്നു, വ്യാഴാഴ്ച. അതേസമയം, ഉഴവൂർ എള്ളങ്കീൽ വീട്ടിൽ ഒരു ദാമ്പത്യത്തിന്റെ 75-ാം വാർഷികാഘോഷം നടന്നു. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് ഒന്നരവർഷം മുമ്പ് 1945 നവംബർ 26-ന് ഉഴവൂർ ഇടവക എള്ളങ്കീൽ വീട്ടിൽ കുഞ്ഞുമത്തായി എന്ന മാത്യു കരിങ്കുന്നം, വടക്കുമുറി ഇടവകയിൽപെട്ട മറ്റപ്പള്ളിൽ മറിയം എന്ന മറിയക്കുട്ടിയെ കൈപിടിച്ചതിന്റെ വാർഷികദിനമാണ് ആഘോഷിച്ചത്. ഭരണഘടന അനുവദിച്ച പ്രായപൂർത്തി വോട്ടവകാശം വിനിയോഗിക്കാൻ കിട്ടിയ ഒരവസരവും ഇരുവരും നഷ്ടപ്പെടുത്തിയിട്ടില്ല. ഈ തിരഞ്ഞെടുപ്പിലും ആ നയം തുടരും.

വിവാഹദിനത്തെക്കുറിച്ചുള്ള ഓർമകൾ ഇരുവരും പങ്കുവെച്ചു. മാത്യു 14-ാമത്തെ വയസ്സിലാണ് മറിയക്കുട്ടിയെ ജീവിതസഖിയാക്കിയത്. അന്ന് വാഹനങ്ങൾ ഇല്ല. വിവാഹത്തിന് കാളവണ്ടിയിലാണ് വന്നതെന്ന് മറിയക്കുട്ടി ഓർക്കുന്നു. പിന്നീട് ഇവർക്ക് വടക്കുമുറി-ഉഴവൂർ, വലിയദൂരം അല്ലാതായി. രാവിലെ ചൂട്ടും കത്തിച്ചിറങ്ങി, നെല്ലാപ്പാറ കയറ്റംകയറി, കുണിഞ്ഞിമല ഇറങ്ങി, രാമപുരത്തുപള്ളിയിൽ നേർച്ചയിട്ട്, കൂടപ്പുലം, പാറത്തോട് കയറ്റവും കയറി ഉഴവൂരിൽ രാവിലെ 10-ന് മുന്പേ എത്താനായിരുന്നു. ആ നടപ്പിന് ഒരു മടിയും തോന്നിയില്ലെന്നും ഇവർ പറയുന്നു.

മറിയത്തിന്റെ വീട്ടിൽ തേനീച്ചക്കൂടുകൾ ഉണ്ടായിരുന്നു. അപ്പന്റെ പ്രധാന ശീലങ്ങളിലൊന്നായിരുന്നു തേൻവളർത്തൽ. തേൻ നിത്യവും കുടിച്ചിരുന്ന അദ്ദേഹം, 100 വയസ്സിലേറെ ജീവിച്ചു. മാത്യു-മറിയക്കുട്ടി ദമ്പതിമാർക്ക് എട്ട് മക്കൾ. നാലുവീതം ആണും പെണ്ണും.

മൂത്തമകൻ സൈമൻ ഓർമയായി. കുഞ്ഞുകുട്ടപ്പൻ, ശാന്തമ്മ, ആൻസി, എൽസി, ജോസ്, സാലി, കുഞ്ഞുമോൻ എന്നിവരാണ് മറ്റ് മക്കൾ. വേദന തുടങ്ങുന്ന പെൺമക്കളെയുംകൊണ്ട്, കാരിമാക്കിത്തോട് കടന്ന് ഉഴവൂർ ആശുപത്രിയിൽ എത്തുന്നതിനുമുന്നേ പ്രസവിച്ചിട്ടുണ്ടെന്ന് മാത്യു ഓർക്കുന്നു.

മൂന്നാം തലമുറയിൽ കൊച്ചുമക്കൾ 25 പേർ. അവർക്കും മക്കളും മരുമക്കളുമായി. ഇവർ 75 ആഘോഷിക്കുമ്പോൾ മക്കളിൽ ചിലർ ദാമ്പത്യത്തിന്റെ 50 പിന്നിട്ടു. ലോകത്തിന്റെ വിവിധ കോണുകളിൽ ഇവരുടെ കൊച്ചുമക്കളും അവരുടെ മക്കളും ജീവിതം നയിക്കുന്നു. നാട്ടിലുള്ള മക്കളെല്ലാം വാർഷികാഘോഷത്തിന് എത്തിയിരുന്നു.