കൊച്ചി: ലക്ഷദ്വീപിൽ വിവിധ വകുപ്പുകളിലായി വൻതോതിൽ തസ്തികകൾ വെട്ടിച്ചുരുക്കാൻ തീരുമാനം. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം.

കൃഷിവകുപ്പിലാണ് വലിയ വെട്ടിച്ചുരുക്കൽ. നിലവിലുള്ള 31 ടെക്‌നിക്കൽ തസ്തികകൾ ഇല്ലാതാവും. എട്ട് തസ്തികകൾ മറ്റു വകുപ്പുകളിലേക്കു മാറ്റും. 176 മറ്റു തസ്തികകൾ ജനറൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിലേക്കു മാറ്റും. ഇതോടെ വകുപ്പിലെ ജീവനക്കാരുടെ എണ്ണം 252-ൽനിന്ന് 37 ആയി ചുരുങ്ങും. കോക്കനട്ട് ഡെവലപ്‌മെന്റ് ഓഫീസർ തസ്തികയുടെ ഗ്രേഡും താഴ്ത്താൻ തീരുമാനിച്ചിട്ടുണ്ട്.

പഞ്ചായത്ത് വകുപ്പിൽനിന്നു ജോയന്റ് സി.ഇ.ഒ., അസിസ്റ്റന്റ് ഡയറക്ടർ തസ്തികകൾ ഇല്ലാതാവും. റൂറൽ ഡെവലപ്‌മെന്റ് വകുപ്പും പഞ്ചായത്തുവകുപ്പും സംയോജിപ്പിച്ച് ജീവനക്കാരെ പങ്കുവെക്കാനും നിർദേശമുണ്ട്. മറ്റു വകുപ്പുകളിലും സമാന നടപടിയുണ്ടാകുമെന്ന സൂചനയാണുള്ളത്. സ്മാർട്ട് സിറ്റി പദ്ധതി വേഗത്തിൽ നടപ്പാക്കാൻ കവരത്തിയിൽ നടന്ന യോഗത്തിൽ പ്രഫുൽ പട്ടേൽ ഉന്നത ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

അതിനിടെ, തൊഴിൽനഷ്ടമായ താത്കാലിക ജീവനക്കാർ ദ്വീപിൽ പ്രതിഷേധമിരുന്നു. ടൂറിസം വകുപ്പിലുള്ള നൂറുകണക്കിനു പേരെയാണ് പിരിച്ചുവിട്ടത്.

പട്ടേൽ മടങ്ങുന്നു, പാത്രം കൊട്ടി ദ്വീപുകാർ

അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ശനിയാഴ്ച രാവിലെ മടങ്ങിയേക്കുമെന്ന് സൂചന ലഭിച്ചതോടെ ദ്വീപുകാർ വെള്ളിയാഴ്ച രാത്രി പാത്രങ്ങൾ കൊട്ടി മെഴുകുതിരി തെളിയിച്ച് യാത്രയയപ്പ് നൽകി. ഔദ്യോഗിക സന്ദർശന പരിപാടിയനുസരിച്ച് ഞായറാഴ്ചയാണ് പ്രഫുൽ പട്ടേൽ മടങ്ങേണ്ടിയിരുന്നത്. എന്നാൽ, അദ്ദേഹത്തെ ഡൽഹിക്ക് വിളിപ്പിച്ചതായാണു സൂചന.