തൃശ്ശൂർ: എറണാകുളത്തെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് ആഡംബര ജീവിതം നയിച്ചിരുന്നതിന്റെ തുടക്കം അമിത പലിശ ഇടപാടിൽ. പിന്നീട് മണി ചെയിൻ തട്ടിപ്പുംനടത്തി. വിദേശത്തായിരുന്ന മാർട്ടിൻ തിരിച്ചെത്തിയ ശേഷമാണ് അമിത പലിശയ്ക്ക് പണമിടപാട് നടത്തിയതെന്ന് പോലീസ് പറയുന്നു.

പോലീസിനെ കബളിപ്പിച്ചായിരുന്നു എല്ലാ ഇടപാടുകളും. അതിനിടെ വീട്ടുകാരുമായി പിണങ്ങിയ മാർട്ടിൻ എറണാകുളത്തേക്കു താമസംമാറ്റി. മാർട്ടിന്റെ സുഹൃത്ത് തൃശ്ശൂരിൽ തുടങ്ങിയ മണി ചെയിൻ കമ്പനിയിലും ഇയാൾ മുഖ്യ പങ്കാളിയായി. അതുവഴി വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നാണ് പോലീസിനു ലഭിച്ച വിവരം.

മണി ചെയിൻ കമ്പനിയുടെ ഉടമയായ സുഹൃത്ത് ഇപ്പോൾ വിദേശത്താണ്. മാർട്ടിനിൽനിന്ന് പോലീസ് പിടിച്ചെടുത്ത ആഡംബര വാഹനമാണ് ഇടയ്ക്കിടെ നാട്ടിൽ വരുന്ന ഈ സുഹൃത്ത് ഉപയോഗിച്ചിരുന്നത്.