തൃശ്ശൂർ: കൊച്ചിയിൽനിന്ന് തൃശ്ശൂരിലെത്തിയശേഷം മാർട്ടിൻ ജോസഫ് മാറി മാറി, ഒളിവിൽ താമസിക്കുകയായിരുന്നു. കൂട്ടുകാരുടെ സഹായത്തോടെയായിരുന്നു പുതിയ താവളങ്ങൾ കണ്ടെത്തിയിരുന്നത്. ആശയവിനിമയത്തിന് സുഹൃത്തുക്കളുടെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. ഒടുവിൽ പോലീസ് സ്ഥലത്തെത്തിയതറിഞ്ഞതോടെ മുണ്ടൂരിനടുത്ത് വയലുകളും കുറ്റിക്കാടുകളും നിറഞ്ഞ സ്ഥലത്തേക്ക്‌ മാറി. ചതുപ്പുനിലത്തോട് ചേർന്നുള്ള ഇവിടെയിരുന്നാൽ, ദൂരെനിന്ന് ആളുകൾ എത്തുന്നത് കാണാമെന്നതാണ് ഇവിടം തിരഞ്ഞെടുക്കാൻ കാരണം.

മുണ്ടൂരിന് സമീപമുള്ള മേഖലയിൽ ഇയാൾ ഒളിവിൽ കഴിയുന്നുണ്ടെന്ന് കണ്ടെത്തി, ചതുപ്പിലും വെള്ളത്തിലും ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലുമെല്ലാം പോലീസ് തിരച്ചിൽ നടത്തി. സഹകരണം തേടി പോലീസ് നാട്ടുകാരെ സമീപിച്ചതോടെ അവരും കൂടി.

ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കാട്ടിലേക്ക് ഓടിമറയുന്ന യുവാവിന്റെ ദൃശ്യം കണ്ടതോടെ അന്വേഷണം ആ പ്രദേശം കേന്ദ്രീകരിച്ചായി. വലിയ പോലീസ് സന്നാഹവും മുന്നൂറിനടുത്ത് നാട്ടുകാരും ചേർന്ന് സംഘങ്ങളായി തിരച്ചിൽ വ്യാപകമാക്കിയപ്പോൾ രക്ഷയില്ലാതെ മാർട്ടിൻ സമീപത്തെ ഇൻഡസ്ട്രിയൽ മേഖയിലേക്ക്‌ ഓടിക്കയറി. തുടർന്ന് ഇവിടെ കെട്ടിടത്തിന് മുകളിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. പിടിയിലാകുമ്പോഴും ഒരു കൂസലുമില്ലാത്ത സ്ഥിതിയിലായിരുന്നു മാർട്ടിൻ.