കൂട്ടിക്കൽ (കോട്ടയം): കാവാലി ഒറ്റലാങ്കൽ മാർട്ടിന്റെ വീടിരുന്ന സ്ഥലം, ഒലിച്ചിറങ്ങുന്ന വലിയ കണ്ണീർച്ചാല് പോലെയാണിപ്പോൾ. രണ്ടേക്കർസ്ഥലത്ത് ഒടിഞ്ഞുകിടക്കുന്ന റബ്ബർ തൈകൾ. ഓർമ നിലനിർത്താൻ ഇവിടെ അധികമൊന്നും ബാക്കിയില്ല. ഈ കുടുംബം ഒന്നോടെ യാത്രയായത് ഇപ്പോഴും അയൽക്കാർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

സമീപമുള്ള ചില വീടുകളുടെ മുന്നിൽ പാൽനിറച്ച കുപ്പികൾ, ദിനപത്രങ്ങൾ, എല്ലാം ദിനചര്യ തെറ്റിയമട്ടിൽ.

ഒറ്റലാങ്കൽ കുടുംബം ഒന്നാകെ മണ്ണിൽ ചേർന്നപ്പോൾ, മാർട്ടിൻ, അമ്മ അന്നക്കുട്ടി, ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരുടെ സ്നേഹവും ലാളിത്യവും ഇനി നിത്യസ്മരണയാകും.

വർഷങ്ങളായി കേരളത്തിന്റെ പല ഭാഗത്തുമായി റബ്ബർ തോട്ടങ്ങളിൽ ടാപ്പിങ് ജോലിചെയ്തിരുന്ന മാർട്ടിൻ, അപ്പന്റെ മരണശേഷമാണ് സ്ഥിരമായി വീട്ടിൽ നിൽക്കാൻ തുടങ്ങിയത്. പാലക്കാട് റബ്ബർ ടാപ്പിങ്ങിന് പോയപ്പോൾ പരിചയപ്പെട്ട സിനിയെ വിവാഹം കഴിച്ചു. മാർട്ടിൻ ഏകമകനായിരുന്നു. അതിനാൽ അധികം ബന്ധുക്കളില്ല. സിനിക്ക് പാലക്കാട്ടും അത്ര അടുത്ത ബന്ധുകളില്ലെന്ന് നാട്ടുകാർ പറയുന്നു.

ഇടയ്ക്ക്, മാർട്ടിൻ കാഞ്ഞിരപ്പള്ളിയിലെ ഒരു കടയിലും ജോലിചെയ്തിരുന്നു. മൂന്നുമാസംമുന്പ് അർബുദം സ്ഥിരീകരിച്ചതോടെ അത് നിർത്തി. കുറച്ചുനാൾമുമ്പ് ആടുവളർത്തൽ തുടങ്ങി. ഒരേസമയം 40 ആടുകളെ വരെ വളർത്തിയിരുന്നു. അടുത്തിടെ ഇവയുടെ എണ്ണം 20 ആക്കി കുറച്ചു. സ്വന്തം ഭൂമിയിലെ റബ്ബർ വെട്ടാറായിട്ടില്ല. മൂന്ന് മക്കളെയും പഠിപ്പിച്ച് ഒരു നിലയിലാക്കാൻ ഭാവിയിൽ റബ്ബർ സഹായിക്കുമെന്ന് മാർട്ടിൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ആ സ്വപ്നങ്ങളൊക്കെ മഴ തകർത്തു.

അടുത്തിടെ അർബുദ ചികിത്സയ്ക്കായി പോയിവന്നപ്പോൾ മാർട്ടിന് കോവിഡും ബാധിച്ചിരുന്നു.

അപ്പച്ചന്‍ ഇറങ്ങി; പിന്നാലെ മാര്‍ട്ടിന്റെ വീടിനെ ഉരുള്‍ വിഴുങ്ങി

കൂട്ടിക്കലെ കാവാലി മുണ്ടയ്ക്കല്‍ അപ്പച്ചന്‍ ഇപ്പോഴും താന്‍ ജീവിച്ചിരിക്കുന്നത് ദൈവകൃപയാല്‍ ആണെന്ന് വിശ്വസിക്കുന്നു. അല്ലെങ്കില്‍, ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബത്തിനൊപ്പം അപ്പച്ചനും ഉരുളില്‍ മണ്‍മറഞ്ഞേനെ.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപ്പച്ചന്‍ അയല്‍പക്കത്തെ മാര്‍ട്ടിന്റെ വീട്ടില്‍ചെന്നത്. നോക്കുമ്പോള്‍ വീടിന് ഇരുവശത്തുംകൂടി ചുവന്ന വെള്ളം ഒഴുകുന്നു. പന്തികേട് തോന്നി. ഇവിടെനിന്ന് തത്കാലം മാറിനില്‍ക്കാനും അദ്ദേഹം മാര്‍ട്ടിനോട് ആവശ്യപ്പെട്ടതാണ്. അല്ലെങ്കില്‍, തന്റെ വീട്ടില്‍ വന്നിരിക്കാനും പറഞ്ഞു.

'അത് കുഴപ്പമില്ല. ഇവിടെ അങ്ങനെ ഒന്നുമുണ്ടാകില്ലെ'ന്ന് മാര്‍ട്ടിനും അമ്മ അന്നക്കുട്ടിയും പറഞ്ഞു. എങ്കിലും അപ്പച്ചന്‍ നിര്‍ബന്ധിച്ചപ്പോള്‍, എന്നാല്‍, ഊണുകഴിഞ്ഞിട്ട് വരാമെന്നായി. അപ്പച്ചന്‍ചേട്ടന്‍ അത്രയുംനേരം ഇവിടെ ഇരിക്കേണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു. തുടര്‍ന്ന്, അപ്പച്ചന്‍ സ്വന്തം വീട്ടിലേക്കുപോന്നു. വീട്ടിലെത്തി അധികം കഴിയുംമുമ്പേ ഇടിവെട്ടുന്നതുപോലുള്ള ശബ്ദം കേട്ടു. നോക്കിയപ്പോള്‍ മാര്‍ട്ടിന്റെ വീടിന് മുകളില്‍ മലവെള്ളം.

'രാവിലെ മുതല്‍ കനത്ത മഴയായിരുന്നു. മാര്‍ട്ടിന്റെ കുടുംബവുമായി, സംഭവത്തിന് അരമണിക്കൂര്‍ മുമ്പും സംസാരിച്ചിരുന്നു എന്റെ ഭര്‍ത്താവ് ജോസ്. അതുകൊണ്ട് ആദ്യംകേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പൊതുവേ, ഇവിടം ഉരുള്‍പൊട്ടാത്ത സ്ഥലമാണ്. വീട് വലിയ പൊക്കത്തിലുമല്ല. മലവെള്ളപ്പാച്ചിലില്‍ വീട് ഒന്നാകെ ഒലിച്ചുപോയത് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല,'-അയല്‍പക്കത്തെ പേഴുംകാല വീട്ടില്‍ ജോളി പറയുന്നു.

ഈ ഭാഗത്ത് 20 വീടുകളുണ്ട്. അതില്‍ ആദ്യകാലത്തുള്ള വീടുകളിലൊന്നാണ് മാര്‍ട്ടിന്റേത്. മാര്‍ട്ടിന്റെ പഴയ വീടിന് താഴെയായിട്ടാണ് പുതിയ വീട് പണിതത്. പഴയ വീടിന്റെ തറഭാഗം ഇടിഞ്ഞ് പുതിയ വീടിന്റെ മുകളിലേക്ക് വീണു.

വളര്‍ത്തുനായ കാത്തിരിക്കുന്നു

ഒരുകുടുംബം ഒന്നാകെ മണ്ണിനടിയിലായ ഉരുള്‍പൊട്ടലില്‍ ഇനി അവശേഷിക്കുന്നത് മാര്‍ട്ടിന്റെ ബൈക്കുമാത്രം. വീടിന് താഴെയുള്ള റോഡിന് സമീപത്താണ് മാര്‍ട്ടിന്‍ ബൈക്ക് വെച്ചിരുന്നത്. റോഡിന്റെ ഒരു ഭാഗം തകര്‍ന്നപ്പോള്‍ ബൈക്ക് സമീപത്തേക്ക് വീണുപോയി.

അപകടത്തിനുശേഷം വീട് ഇരുന്ന സ്ഥലത്ത് ഇവരുടെ വളര്‍ത്തുനായയും എത്തി. ആട്ടിന്‍കൂടും മലവെള്ളപ്പാച്ചിലില്‍ തകരാതെ ബാക്കിയായി. ഇവര്‍ വളര്‍ത്തിയിരുന്ന ആടുകളെ ദുരന്തത്തിനുശേഷം മറ്റൊരു വീട്ടിലേക്ക് മാറ്റിയിരുന്നു.