തിരുവനന്തപുരം: കേരള സർവകലാശാല നടത്തിയ 12 പരീക്ഷകളിൽ മാർക്കുതട്ടിപ്പ് നടന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞദിവസം സർവകലാശാലാ കംപ്യൂട്ടർ വിഭാഗം നടത്തിയ പരിശോധനകളിലാണ് സ്ഥലംമാറിയ ഉദ്യോഗസ്ഥരുടെ യൂസർ ഐ.ഡി.കൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത് കണ്ടെത്തിയത്. തുടർന്ന് അനധികൃതമായി നൽകിയ മോഡറേഷൻ റദ്ദാക്കാനും മോഡറേഷൻ ലഭിച്ചവരുടെ മാർക്ക് ലിസ്റ്റുകൾ പിൻവലിക്കാനും വി.സി. നിർദേശിച്ചു.

പലതവണയായി മാർക്ക് കൂട്ടിനൽകി അനധികൃതമായി വിദ്യാർഥികളെ ജയിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കുറെ പേർ മാർക്ക് ലിസ്റ്റ് വാങ്ങിയിട്ടുണ്ട്. ഇവയും തിരിച്ചുവാങ്ങും.

തട്ടിപ്പ് കണ്ടെത്തിയ ഇ.എസ്. സെക്‌ഷനിലെ കംപ്യൂട്ടർ യൂസർ ഐ.ഡി.കൾ സർവകലാശാല റദ്ദാക്കി. ഇ.എസ്. സെക്‌ഷനിൽ ഇപ്പോഴുള്ള ജീവനക്കാരുടെ ഇരട്ടിയിലധികം യൂസർ ഐ.ഡി.കളാണ് ഉപയോഗിച്ചിരുന്നത്. ഈ ഐ.ഡി.കൾ ഉപയോഗിച്ചാണ് മാർക്ക് കൂട്ടിനൽകിയത്.

39 ജീവനക്കാരാണ് ഇ.എസ്. സെക്‌ഷനിലുള്ളത്. എന്നാൽ, ഉപയോഗിച്ചിരുന്നത് 70 ഐ.ഡി.കളും. ഇതിലേറെയും സ്ഥലംമാറിയവരുടേതാണ്. ഈ ഐ.ഡി.കളുടെ പാസ്‌വേഡുകൾ മറ്റുള്ളർക്ക് അറിയാമായിരുന്നു. കംപ്യൂട്ടർ വിഭാഗമാണ് പുതിയ ഐ.ഡി.കൾ സൃഷ്ടിക്കുന്നത്. സ്ഥലംമാറിയെത്തുന്ന ജീവനക്കാർക്ക് ഐ.ഡി.കൾ ആവശ്യപ്പെടാറുണ്ടെങ്കിലും പഴയത് റദ്ദാക്കാൻ നിർദേശിക്കാറില്ല. ഈ അനാസ്ഥയാണ് തട്ടിപ്പിനു സഹായകമായത്.

2017 ജൂൺ ഒന്നുമുതൽ നടന്ന 12 പരീക്ഷകളിലാണ് കൃത്രിമം നടന്നത്. എന്നാൽ, കൂടുതൽ പരീക്ഷകളിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണു പരാതി. വിശദ പരിശോധന നടത്തിയാലേ കൂടുതൽ വ്യക്തത വരൂ. ഒരേ പരീക്ഷയുടെ തന്നെ മാർക്ക്‌ലിസ്റ്റ് പലതവണ തിരുത്തിയതായും കണ്ടെത്തി. 16 പരീക്ഷകളിൽ മോഡറേഷൻ കൂട്ടിനൽകി തട്ടിപ്പ് നടത്തിയതായാണ് ആരോപണം.

സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു തീരുമാനിച്ചിട്ടുണ്ട്. സർവകലാശാല പോലീസിനു പരാതി കൈമാറി. സർവകലാശാലയും മൂന്നംഗ സമിതിയെ അന്വേഷണത്തിനു നിയോഗിച്ചിട്ടുണ്ട്. ഈ അന്വേഷണം തിങ്കളാഴ്ച തുടങ്ങും. ഇതിന്റെ റിപ്പോർട്ട് 22-നു ചേരുന്ന സിൻഡിക്കേറ്റ് ചർച്ചചെയ്യും.

വിവാദങ്ങൾക്കിടെ കേരളയിൽ പരീക്ഷാ കൺട്രോളറെ കരാറടിസ്ഥാനത്തിൽ നിയമിക്കാൻ തിരക്കിട്ട നീക്കം നടക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. നിയമനത്തിനുള്ള യോഗ്യതകൾ മറികടന്ന് സർവീസ് സംഘടനാ നേതാവിനെ നിയമിക്കാനാണു നീക്കമെന്നാണ് ആരോപണം. തട്ടിപ്പ് നടന്ന സമയത്ത് പരീക്ഷാ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്നയാളാണിതെന്നും സൂചനയുണ്ട്. ചൊവ്വാഴ്ച ഇതിനുള്ള അഭിമുഖം നടക്കും.

Content Highlights: kerala university exam mark fraud