കൊച്ചി: മരടിലെ വിവാദ ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ സർക്കാരിന് ഉപദേശം നൽകാൻ ഇന്ദോറിൽനിന്നുള്ള വിദഗ്ദ്ധൻ വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെ കൊച്ചിയിലെത്തും. ഇതോടെ ഫ്ലാറ്റ് പൊളിക്കൽ നടപടികൾക്ക് അന്തിമ രൂപമാകും.

200-ഓളം വൻകിട കെട്ടിടങ്ങൾ പൊളിച്ച് ഗിന്നസ് റെക്കോഡ് സ്ഥാപിച്ചിട്ടുള്ള ശരത് ബി. സർവാതെയാണ് എത്തുന്നത്. നേരത്തെ സർക്കാർ നിശ്ചയിച്ച 11 അംഗ സാങ്കേതിക സമിതിയിൽ 12-ാമനായി സർവാതെയെ സർക്കാർ നിയമിച്ചു.

വെള്ളിയാഴ്ച രാവിലെ മുതൽ പൊളിക്കാനുള്ള ഫ്ലാറ്റുകൾ സന്ദർശിക്കുമെന്ന് ഇന്ദോറിൽനിന്ന് അദ്ദേഹം ഫോണിൽ ’മാതൃഭൂമി’യോട് പറഞ്ഞു. സമീപവാസികളെ ഒരുതരത്തിലും ബാധിക്കാത്ത വിധമാകും പൊളിക്കൽ. എന്തുതരം സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നുവെന്നതിന് പ്രസക്തിയില്ല. ഏറ്റവും സുരക്ഷിതമായി പൊളിക്കാനുള്ള സാങ്കേതിക വിദ്യയാകും ഉപയോഗിക്കുക. സമീപത്തുകൂടി എണ്ണക്കമ്പനികളുടെ പൈപ്പ്‌ ലൈനുകൾ പോകുന്നത് പ്രശ്നമല്ല. കാരണം ഭൂമിക്കടിയിലേക്ക് ഒന്നിനെയും ബാധിക്കാതെയാകും പൊളിക്കൽ. ഫ്ലാറ്റുകൾ നേരിട്ടുകാണാതെ കൂടുതൽ പറയാൻ കഴിയില്ലെന്നും സർവാതെ പറഞ്ഞു.

11 നിലയുള്ള ഒരു കെട്ടിടവും മുംബൈയിൽ 60 മീ.ഉയരമുള്ള ഒരു ടവറും ഇദ്ദേഹം പൊളിച്ചിട്ടുണ്ട്. ബംഗാളിൽ ഒരു പേപ്പർ മില്ലിന്റെ 118 മീ.ഉയരമുള്ള ചിമ്മിനി പൊളിച്ചിട്ടുള്ളതായും സർവാതെ വ്യക്തമാക്കിയിരുന്നു. ഗുജറാത്തിൽ ജലാശയങ്ങളുടെ സമീപത്തുള്ള കെട്ടിടങ്ങൾ പൊളിച്ചുള്ള പരിചയവും നേട്ടമാകുമെന്ന് അധികൃതർ കരുതുന്നു. ഫ്ലാറ്റുകൾ െചരിച്ചുവീഴ്ത്തുന്നതും നേരേ താഴേക്ക് വീഴ്ത്തുന്നതും രണ്ട് സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പണം മുഴുവൻ നൽകിയിട്ടും ആധാരത്തിൽ കുറച്ചുകാണിച്ചതിന് കാരണം ബിൽഡർമാരാണെന്നു കാണിച്ച് ഏതാനും ഫ്ലാറ്റുടമകൾ ബുധനാഴ്ച നഗരസഭയിലെത്തിയിരുന്നു. 68.50 ലക്ഷം രൂപയുടെ ബാങ്കിടപാടുകൾ നടത്തിയ രേഖകൾ ഒരാൾ കാണിച്ചു. എന്നാൽ, ആധാരത്തിൽ 15 ലക്ഷം രൂപയെ കാണിച്ചിരുന്നുള്ളൂ. കൈവശാവകാശ രേഖയ്ക്ക് പല തവണ നഗരസഭയെ സമീപിച്ചിട്ടും ബിൽഡറുടെ പേരിൽ മാത്രമെ തരൂ എന്ന നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിദേശത്തുനിന്ന് ചുരുങ്ങിയ ദിവസത്തേക്ക് നാട്ടിലെത്തുന്നവർക്ക് എത്ര ദിവസം ഇതിനായി നഗരസഭയിൽ കയറിയിറങ്ങാനാകുമെന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. കൈവശാവകാശ രേഖയില്ലാത്ത ഇത്തരം കേസുകൾ സുപ്രീംകോടതി നിയോഗിച്ച സമിതിക്ക് മുമ്പാകെ ഉന്നയിക്കാനൊരുങ്ങുകയാണിവർ. ആകെയുള്ള 326 ഉടമകളിൽ 197 പേർക്ക് യഥാർഥ കൈവശാവകാശ രേഖയില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിലുള്ള നഷ്ടപരിഹാര സമിതി വ്യാഴാഴ്ച പ്രവർത്തനം തുടങ്ങും. മറൈൻ ഡ്രൈവിലെ ജി.സി.ഡി.എ. കെട്ടിടത്തിൽ ഇതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഓഫീസ് ഒരുക്കുന്നതുവരെ റസ്റ്റ്ഹൗസിലെ കോൺഫറൻസ് ഹാളിലാകും പ്രവർത്തനം.

Content Highlights: maradu flats; sb sarwate explains about flat demolition