കൊച്ചി: മരടിലെ വിവാദ ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായി ഇന്ദോറിൽനിന്നുള്ള വിദഗ്ദ്ധൻ ശരത് ബി. സർവാതെ കൊച്ചിയിലെത്തി. വ്യാഴാഴ്ച വൈകുന്നേരം ബെംഗളൂരു വഴിയുള്ള വിമാനത്തിലെത്തിയ അദ്ദേഹം എറണാകുളം ഗസ്റ്റ്ഹൗസിലാണ് തങ്ങുന്നത്. വെള്ളിയാഴ്ച രാവിലെ മുതൽ മരടിലെ ഫ്ലാറ്റുകൾ സന്ദർശിക്കും.

രണ്ടു ദിവസം കൊണ്ട് കേരളത്തിൽനിന്ന് നൂറുകണക്കിന് കോളുകളാണ് തനിക്കുവന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫ്ലാറ്റുകളും സമീപപ്രദേശങ്ങളും നേരിൽക്കാണാതെ കൂടുതൽ അഭിപ്രായം പറയാൻ കഴിയില്ല. ആദ്യമായാണ് കേരളത്തിലേക്ക് വരുന്നത്-സർവാതെ പറഞ്ഞു. ഗസ്റ്റ് ഹൗസിൽ ഫ്ലാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള ഫോർട്ട്‌കൊച്ചി സബ് കളക്ടർ സ്നേഹിൽകുമാർ സിങ് സർവാതെയുമായി ചർച്ച നടത്തി. മരട് നഗരസഭയുടെ ചുമതലയുളള എം. മുഹമ്മദ് ആരിഫ് ഖാൻ സർവാതെയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

200-ഓളം വമ്പൻ കെട്ടിടങ്ങൾ പൊളിച്ച് ഗിന്നസ് റെക്കോഡ് നേടിയിട്ടുള്ള അദ്ദേഹം, ഫ്ലാറ്റ് പൊളിക്കുന്നതു സംബന്ധിച്ച പൊതുവായ കാര്യങ്ങൾ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. സംസ്ഥാന സർക്കാർ നിയമിച്ച 11 അംഗ സാങ്കേതിക സമിതിയിൽ 12-ാമനായാണ് സർവാതെയെ നിയമിച്ചിരിക്കുന്നത്. നിയന്ത്രിത സ്ഫോടനം നേരിട്ടുനടത്തി പരിചയമുള്ള ഒരാൾ ഒപ്പമുണ്ടാകുന്നത് നല്ലതാണെന്ന് പൊളിക്കലിന്റെ ചുമതലയുള്ള ഫോർട്ട്‌കൊച്ചി സബ് കളക്ടർ സ്നേഹിൽകുമാർ സിങ് സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

പൊളിക്കുന്നതിന് ഷോർട്ട്‌ ലിസ്റ്റ് ചെയ്തിട്ടുള്ള രണ്ടു കമ്പനികളുടെ കാര്യത്തിലും വെള്ളിയാഴ്ച തീരുമാനമുണ്ടാകും. എഡിഫൈസ് എൻജിനീയേഴ്‌സ്, വിജയ് സ്റ്റീൽസ് എന്നിവയാണ് ലിസ്റ്റിലുള്ളത്. ഇവരെ തീരുമാനിക്കുന്നതിലും സർവാതെയുടെ അഭിപ്രായം തേടും. പൊളിക്കുന്ന ഏജൻസിക്ക് 11-ന് ഫ്ലാറ്റുകൾ കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. വിവിധ ഫ്ലാറ്റുകളുടെ പൊളിക്കൽ രണ്ടു കമ്പനികൾക്കുമായി വീതിച്ചു നൽകിയേക്കും.

Content Highlights: maradu flats demolition sb sarwate arrives in kochi