കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് സമയ പരിധിക്കുള്ളിൽ തന്നെ പൂർത്തിയാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്‌ പറഞ്ഞു. മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി ഒൻപതിനകം പൊളിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. ഫ്ലാറ്റുകൾ പൊളിക്കുന്ന പ്രവൃത്തി ഏല്പിക്കാനുള്ള കമ്പനികളെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നുനാലു ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഒക്ടോബർ 11-ന് തന്നെ ഫ്ലാറ്റുകൾ പൊളിക്കാനായി കൈമാറും.

കെട്ടിടം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാനുള്ള സാങ്കേതിക അറിവുള്ളവർ സർക്കാർ സംവിധാനത്തിൽ തന്നെയുണ്ട്. പൊതുമരാമത്ത്‌ വകുപ്പിനു പുറമെ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് ഒാർഗനൈസേഷൻ (പെസോ), മലിനീകരണ നിയന്ത്രണ വിഭാഗം തുടങ്ങി സംസ്ഥാനത്തും രാജ്യത്താകെയുമുള്ള വിദഗ്ദ്ധരെ ഉൾപ്പെടുത്തിയാണ് സാങ്കേതിക സമിതിക്ക് രൂപം നൽകിയിരിക്കുന്നത്.

ഫ്ലാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയാണ് തീരുമാനം എടുക്കേണ്ടത്. സുപ്രീംകോടതി നിർദേശിച്ച പ്രകാരമുള്ള 25 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഒരു മാസത്തിനകം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫ്ലാറ്റ് പൊളിക്കുമ്പോൾ സമീപവാസികൾക്കൊന്നും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. പൊളിക്കുന്നതിനു മുൻപേ സമീപത്തുള്ളവരെ ഒഴിപ്പിക്കും.

15 അപ്പാർട്ടുമെന്റുകളുടെ ഉടമകളെ ഇപ്പോഴും കണ്ടെത്താനായിട്ടി‌ല്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ജില്ലാ കളക്ടർ എസ്. സുഹാസ്, ഫ്ളാറ്റ് പൊളിക്കാനുള്ള ചുമതല വഹിക്കുന്ന സബ് കളക്ടർ സ്നേഹിൽകുമാർ സിങ്, കൊച്ചി സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറെ തുടങ്ങിയവർ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.

Content Highlights: maradu flats; chief secretary tom jose says demolition should be completed within the time period