കൊച്ചി: മരടിൽ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടനീക്കം എന്ന് തീരുമെന്ന കാര്യത്തിൽ അനിശ്ചിതത്വം. സമയപരിധി തിങ്കളാഴ്ച അവസാനിച്ചു. എന്നാൽ നാല് ഫ്ളാറ്റുകളിലെയും അവശിഷ്ടങ്ങൾ പകുതിയോളം ഇനിയും നീക്കാനുണ്ട്. 55 ശതമാനം അവശിഷ്ടം മാത്രമേ നീക്കിയിട്ടുള്ളു. കോൺക്രീറ്റിൽനിന്ന് ഇരുമ്പ് വേർതിരിക്കലായിരുന്നു ആദ്യ ഘട്ടം. ഫ്ളാറ്റുകൾ നിലംപൊത്തി 45 ദിവസത്തികം ഇത് പൂർത്തിയാക്കാനായിരുന്നു നിർദേശം. 70 ശതമാനം അവശിഷ്ടം നീക്കിയെന്നും പണികൾ അതിവേഗത്തിൽ മുന്നേറുന്നുണ്ടെന്നുമാണ് കരാറുകാരുടെ വാദം.

നാല് ഫ്ളാറ്റുകളിൽ നിന്നായി 76,000-ൽ അധികം ടൺ മാലിന്യമാണുണ്ടായിരുന്നത്. തീരനിയമം ലംഘിച്ച ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ., ആൽഫ സെറീൻ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകളാണ് ജനുവരി 10, 11 തീയതികളിൽ പൊളിച്ചു നീക്കിയത്. കെട്ടിടാവശിഷ്ടങ്ങൾ കുറെയധികം വേർതിരിച്ചതോടെ യന്ത്രങ്ങൾക്കു നീങ്ങാൻ കൂടുതൽ സ്ഥലം കിട്ടി. അതോടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കി ഇരുമ്പുകമ്പി വേർതിരിക്കുന്ന ജോലിയും വേഗത്തിലായി. കോൺക്രീറ്റ്‌ അവശിഷ്ടങ്ങളിൽനിന്ന് കമ്പി നീക്കുന്നത് ക്രോപ്റ്റൺ എന്റർപ്രൈസസ് എന്ന സ്ഥാപനമാണ്. വേർതിരിക്കൽ പൂർത്തിയായാൽ 25 ദിവസത്തികം അവശിഷ്ടങ്ങൾ നീക്കാനാണ് ക്രോപ്റ്റൺ എന്റർപ്രൈസസിന് നൽകിയിരിക്കുന്ന സമയം. കോൺക്രീറ്റിൽനിന്ന് കമ്പി വേർതിരിക്കുന്ന മുറയ്ക്ക് രണ്ട് ദിവസം കൂടുമ്പോൾ നീക്കുന്നുണ്ടെന്ന് കരാറുകാർ പറയുന്നു.

ഇപ്പോഴും പ്രകമ്പനമെന്ന് നാട്ടുകാർ

ജനവാസ മേഖലയായ ആൽഫാ സെറീൻ ഫ്ളാറ്റിന് സമീപത്തെ പ്രശ്നങ്ങൾ ഇപ്പോഴും മാറിയിട്ടില്ല. കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് കമ്പികൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ബ്രേക്ക് കട്ടർ മെഷീൻ പ്രവർത്തിക്കുമ്പോഴുള്ള പ്രകമ്പനവും ശബ്ദവും മൂലം ഉറങ്ങാനോ, കുട്ടികൾക്കു പഠിക്കാനോ കഴിയാത്ത അവസ്ഥയാണ്. സമീപത്തെ വീടുകളിൽ ഇപ്പോഴും പ്രകമ്പനം ഉണ്ടാവാറുണ്ട്. പൊടി അടിക്കാതിരിക്കാൻ കെട്ടിയ ഷീറ്റുകൾ പറന്നുപോവുന്നത് പതിവാണ്. സ്ഫോടന സമയത്ത് റോഡിന്റെ വശത്ത് നിർമിച്ച മറ മാത്രമേയുള്ളൂ. അധികമായി ഒന്നും ചെയ്തിട്ടില്ല.

പൊടി ഇപ്പോഴും പ്രശ്നം

പൊടിയുെട ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് പരിസര വാസികൾ പറയുന്നു. വേനൽ ശക്തമാവും മുമ്പേ അവശിഷ്ടങ്ങൾ പൂർണമായും നീക്കിയില്ലെങ്കിൽ ബുദ്ധിമുട്ടേറും. ആൽഫ സെറീൻ ഫ്ളാറ്റിനു സമീപത്ത് ഇപ്പോഴും ശ്വാസകോശ രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുണ്ട്. പൊടി അലർജി കാരണം ജനലുകൾ തുറക്കാറില്ല. പൊടി പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നാണ് കരാറുകാർ പറയുന്നത്. പൊടിയുടെ പ്രശ്നം അടങ്ങിയിട്ടില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് നൽകിയിരിക്കുന്നതും. പൊടിയുടെ സാന്ദ്രത സംബന്ധിച്ച് ആധികാരികമായ പഠനങ്ങൾ ഒന്നും നടന്നിട്ടില്ല. മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് മരടിൽ മാലിന്യനീക്കം നടത്തിയതെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാന നിരീക്ഷക സമിതിയും റിപ്പോർട്ട് നൽകിയിരുന്നു

പേരിനു മാത്രം സ്‌പ്രിംഗ്ളർ

കോൺക്രീറ്റ് അവശിഷ്ടങ്ങൾ സ്‌പ്രിംഗ്ലർ ഉപയോഗിച്ച്‌ വെള്ളം നനയ്ക്കണമെന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ നിഷ്കർഷിച്ചിരുന്നത്. പൊടി ഉയരാതിരിക്കാനാണ്‌ കോൺക്രീറ്റ് അവശിഷ്ടങ്ങൾ സ്‌പ്രിംഗ്ലർ ഉപയോഗിച്ചു നനയ്ക്കുന്നത്. എന്നാൽ സ്‌പ്രിംഗ്ലറിന്റെ ഉപയോഗം പേരിനു മാത്രമേയുള്ളു. നനയ്ക്കുന്നുണ്ടെങ്കിലും കാറ്റടിക്കുമ്പോൾ പൊടി നന്നായി ഉയരുന്നുണ്ട്. കോൺക്രീറ്റ് മാലിന്യം എം സാൻഡാക്കി മാറ്റുന്ന റബിൾ മാസ്റ്റർ കൊണ്ടു വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല.

കായലിലേക്ക് വീണതൊക്കെ അവിെടത്തന്നെ

കായലിലേക്കു വീണ കെട്ടിട അവശിഷ്ടങ്ങൾ ഇതുവരെയും നീക്കിയിട്ടില്ല. ഇരട്ട സ്ഫോടനം നടന്ന ആൽഫാ സെറീൻ ഫ്ളാറ്റിനു സമീപമാണ് അവശിഷ്ടങ്ങൾ കായലിലേക്ക് വീണത്. കരയിലെ അവശിഷ്ടങ്ങൾ നീക്കിയാൽ മാത്രമേ കായലിൽ വീണത് എടുക്കാനാവൂ.

അടിക്കടി ഉയരുന്ന പൊടി മത്സ്യ പ്രജനനത്തിന് തടസ്സമാവുമെന്ന് വിദഗ്ദ്ധർ പറയുന്നു. പൊടി ഉയരാതിരിക്കാൻ പമ്പ് ചെയ്യുന്ന വെള്ളം തിരികെ കായലിലെത്തിയും ഭീഷണിയാകുന്നുണ്ട്.കൂടുതൽ സമയം വേണമെന്ന് കരാറുകാർ

കോൺക്രീറ്റ് അവശിഷ്ടങ്ങൾ വേർതിരിക്കുന്നതിെന്റ ചുമതല ചെന്നൈയിലെ വിജയ്‌ സ്റ്റീൽസിനാണ്. പറഞ്ഞ സമയത്തിനുളളിൽ മാലിന്യം നീക്കം ചെയ്യാനാവില്ലെന്ന് വിജയ് സ്റ്റീൽസ് പ്രതിനിധികൾ മാലിന്യ നീക്കം വിലയിരുത്താൻ നിയോഗിച്ച സംയുക്ത സമിതിക്കു മുന്നിൽ അറിയിച്ചിട്ടുണ്ട്. കളക്ടർ എസ്. സുഹാസ്, സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവയോൺമെന്റൽ എൻജിനീയർ എം.എ. ബൈജു, നഗരസഭാ സെക്രട്ടറി എന്നിവർ ഉൾപ്പെടെയുള്ളവരാണ് സംയുക്ത സമിതിയിലുള്ളത്. സംസ്ഥാന സർക്കാരിനെ വിവരം അറിയിച്ച് സുപ്രീകോടതിയോട് സമയം ആവശ്യപ്പെടുകയാണ് ഇനിയുള്ള വഴി.

രാത്രിയിലും പകലും അവശിഷ്ട നീക്കം

ഓരോ ഫ്ളാറ്റ് പരിസരത്തും ആവശ്യത്തിന് തൊഴിലാളികളും യന്ത്രങ്ങളുമുണ്ട്. കുറഞ്ഞത് രണ്ട്‌ ലോഡ് കമ്പി ദിവസവും നീക്കുന്നുണ്ട്. ആൽഫാ സെറീനു മുന്നിൽ ഇടുങ്ങിയ റോഡായതിനാൽ മിനി ടിപ്പർ ലോറികളിലാണ് ഇവിടെ നിന്ന് അവശിഷ്ടങ്ങൾ നീക്കുന്നത്. ജനവാസ കേന്ദ്രമായതിനാൽ പകലാണ് ഇവിടെ നിന്നുള്ള അവശിഷ്ട നീക്കം. 15 ലോറികൾ നിയോഗിച്ചിട്ടുണ്ട്്. ആൽഫയിലെ ഇരട്ട ടവറുകളിൽ വലുതിന്റെ അവശിഷ്ടങ്ങളാണ് ആദ്യം നീക്കുന്നത്.

Content Highlights; Uncertainty in movement of flat debris, Maradu flat