കൊച്ചി: തീര പരിപാലന നിയമം ലംഘിച്ച് മരടിൽ പണിത നാല് ഫ്ലാറ്റുകളും പൊളിക്കുന്നതിന് ഏജൻസികളെ തീരുമാനിച്ചു. മുംബൈയിൽനിന്നുള്ള എഡിഫിസ് എൻജിനീയറിങ്, ചെന്നൈയിൽനിന്നുള്ള വിജയ് സ്റ്റീൽസ് എന്നിവയെയാണ് സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി ശുപാർശ ചെയ്തത്.

ശനിയാഴ്ച നടക്കുന്ന മരട് നഗരസഭാ കൗൺസിൽ യോഗം ഇത് ഔദ്യോഗികമായി തീരുമാനിക്കും.

ശനിയാഴ്ച തന്നെ കരാർ ഉറപ്പിച്ച് ഇവർക്ക് സൈറ്റ് കൈമാറുമെന്ന് പൊളിക്കലിന്റെ ചുമതലയുള്ള ഫോർട്ട്‌കൊച്ചി സബ് കളക്ടർ സ്നേഹിൽകുമാർ സിങ് പറഞ്ഞു. ഇതോടെ പൊളിക്കൽ ജോലികൾക്ക് തുടക്കമാകും. ഉൾവശം പൊളിച്ചെടുക്കുകയാണ് ആദ്യം ചെയ്യുക. കെട്ടിടത്തിന്റെ അസ്ഥികൂടം മാത്രം ബാക്കിയാകുമ്പോഴാണ് നിയന്ത്രിത സ്ഫോടനം നടത്തുക. ഇതിന് രണ്ടു മാസത്തോളം സമയമെടുത്തേക്കും. ജനുവരി ഒമ്പതിനു മുമ്പ് പൊളിച്ചുതീർക്കുമെന്നാണ് സർക്കാർ സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന ഉറപ്പ്.

സ്ഫോടന പദ്ധതി (ബ്ലാസ്റ്റ് പ്ലാൻ), സുരക്ഷിതത്വം ഉറപ്പാക്കുന്ന നടപടികൾ എന്നിവ സംബന്ധിച്ച് ഈ കമ്പനികൾ പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകണം. സാങ്കേതിക സമിതി ഇതുകൂടി പഠിച്ച ശേഷമാകും അന്തിമാനുമതി നൽകുക. ഏജൻസികൾ വലിയ അനുഭവസമ്പത്തുള്ളവരാണെന്നും ജനങ്ങളുടെ സുരക്ഷ സർക്കാരിനു വേണ്ടി സാങ്കേതിക സമിതി ഏറ്റെടുക്കുകയാണെന്നും സർവാതെ പറഞ്ഞു. കെട്ടിടങ്ങൾ കുത്തനെ വീഴുന്ന രീതി വേണോ മറ്റേതെങ്കിലും മാർഗം വേണോ എന്ന് കമ്പനികൾ നൽകുന്ന പ്ലാൻ പരിശോധിച്ച് തീരുമാനിക്കും. ആവശ്യമെങ്കിൽ നിർദേശങ്ങൾ നൽകും. ഏത് രീതിയായാലും ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഏറ്റവും പ്രാധാന്യം.

സാങ്കേതിക സമിതി ഉറപ്പുപറയുന്ന കാര്യങ്ങൾ:

*നൂറു മീറ്ററിലധികം പൊടി പോലും ഉണ്ടാകില്ല. ഒന്നോ രണ്ടോ മിനിറ്റിനകം ഇതും ശമിക്കും.

* തൊട്ടടുത്ത കെട്ടിടങ്ങൾക്കുപോലും ഒരു കേടുപാടും വരില്ല

* സമീപവാസികളെ ഒഴിപ്പിക്കുക അഞ്ചോ ആറോ മണിക്കൂർ മാത്രം. ആ സമയത്ത് ഗതാഗതവും നിയന്ത്രിക്കും.

* മൈക്രോ സെക്കൻഡുകൾ വ്യത്യാസമുള്ള ചെറിയ സ്ഫോടനങ്ങളായതിനാൽ ആഘാതം ഉണ്ടാകില്ല.

* ജിയോ മാറ്റുകളും ടാർപ്പോളിനുകളും തറയിൽ വിരിക്കുന്നതിനാൽ അവശിഷ്ടങ്ങൾ മൂന്നു മീറ്ററിനകത്ത് വീഴും. സമീപത്തുള്ള കായലിനെ ബാധിക്കില്ല.

* എമൽഷൻ സ്ഫോടക വസ്തുക്കളാകും (അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായവ) ഉപയോഗിക്കുക.

* സ്ഫോടനത്തിനു മുമ്പ് ജനങ്ങളെ ബോധവത്കരിക്കും. കൃത്യമായി നോട്ടീസ് നൽകിയാവും ഒഴിപ്പിക്കൽ.

Content Highlights: maradu flat; procedures for flat demolition work starts