കൊച്ചി: മരടിൽ പൊളിക്കുന്ന നാല് ഫ്ളാറ്റുകളിലെ ആകെയുള്ള 326 ഉടമകളിൽ 197 പേർക്ക് യഥാർഥ ഉടമസ്ഥാവകാശ രേഖകൾ ഇല്ലെന്ന് ഫോർട്ട്‌കൊച്ചി സബ് കളക്ടർ സ്നേഹിൽകുമാർ സിങ്. ഇവരുടെ നഷ്ടപരിഹാര കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതി നിയോഗിച്ച സമിതിയാണ്. ബാക്കിയുള്ളവർക്ക് നഷ്ടപരിഹാരം കിട്ടാൻ തടസ്സമുണ്ടാകില്ല. ആദ്യഘട്ട പരിശോധനയിൽ 140 പേരെയാണ് യഥാർഥ രേഖകളില്ലാത്തവരായി കണ്ടെത്തിയിരുന്നത്.

കൈവശാവകാശ രേഖ വാങ്ങാത്തതെന്തെന്ന് വിശദമായി പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത ഫ്ളാറ്റ് നിർമിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചും ഈ വിഷയം പരിശോധിച്ചേക്കും. ജെയിൻ കോറൽ കോവ് ഫ്ളാറ്റിലെ ഭൂരിപക്ഷം അപ്പാർട്ട്‌മെന്റുകളും വിറ്റുപോയിരുന്നില്ല. ഇവ ബിൽഡറുടെ പേരിലാണ് ഇപ്പോഴും. 122 അപ്പാർട്ട്‌മെന്റുകളാണ് ഇവിടെ ആകെയുള്ളത്. നഷ്ടപരിഹാരം ലഭിക്കാനുള്ളവരുടെ അക്കൗണ്ട് രേഖകൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടമായി 25 ലക്ഷം രൂപ വീതം കൊടുക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയെയാണ് നഷ്ടപരിഹാരം നൽകാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരു റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥൻ, റിട്ട. എൻജിനീയർ എന്നിവരാകും സമിതിയിലുണ്ടാവുക. അവധി ദിനങ്ങളായതിനാൽ ഇവരുടെ നിയമനം ആയിട്ടില്ല. ഈയാഴ്ച ഉണ്ടാകും. തത്‌കാലം മറൈൻഡ്രൈവിലെ ജി.സി.ഡി.എ. കെട്ടിടത്തിലാവും സമിതിയുടെ പ്രവർത്തനം.

സർക്കാർ സുപ്രീംകോടതിയിൽ നൽകിയ പൊളിക്കൽ ഷെഡ്യൂൾ അനുസരിച്ചാണ് മുന്നോട്ടുപോകുന്നതെന്ന് സബ് കളക്ടർ പറഞ്ഞു. 11-ന് പൊളിക്കൽ ഏജൻസിക്ക് സ്ഥലം കൈമാറും. ഒന്നോ രണ്ടോ ദിവസത്തിനകം ഏജൻസിയെ തീരുമാനിക്കും. വിജയ് സ്റ്റീൽസ്, എഡിഫൈസ് എൻജിനീയറിങ് എന്നിവയാണ് പരിഗണനയിലുള്ളത്.

ഫ്ളാറ്റുകളിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോയെങ്കിലും സാധനങ്ങൾ മാറ്റിത്തീർന്നിട്ടില്ല. ഇന്റീരിയർ വർക്കുകളും തടികൊണ്ടുള്ള പാനലുകളും നീക്കാനുള്ള താമസമാണ് കാരണം. കൂടുതൽ സമയം തേടി ഫ്ലാറ്റുടമകൾ സബ് കളക്ടറെ സമീപിക്കുന്നുണ്ട്. ആളുകൾ സ്വയം ഒഴിയുന്നതിനാൽ അനാവശ്യമായി തിരക്കു കൂട്ടേണ്ടതില്ലെന്നാണ് അധികൃതരുടെ നിലപാടെന്ന് അറിയുന്നു. പൊളിക്കുന്ന ഏജൻസിക്ക് 11-നാണ് ഫ്ളാറ്റുകൾ കൈമാറുന്നത്. അതുവരെ സാധനങ്ങൾ മാറ്റാൻ സാവകാശം ലഭിച്ചേക്കും.

Content Highlights: maradu flat; owners evacuation continues