കൊച്ചി/മരട്: പൊളിച്ചുനീക്കാൻ നിർദേശമുള്ള മരടിലെ ഫ്ളാറ്റ്‌ സമുച്ചയങ്ങളിൽനിന്ന് താമസക്കാർ ഒഴിഞ്ഞുതുടങ്ങി. ‘ആൽഫ സെറീനി’ൽ നിന്ന് ഒരു കുടുംബവും ‘ഹോളി ഫെയ്ത്തി’ൽനിന്ന് നാല് കുടുംബങ്ങളുമാണ് ശനിയാഴ്ച ഒഴിഞ്ഞത്. ഇവരെല്ലാം വാടകക്കാരാണെന്ന് ഫ്ളാറ്റുടമകൾ പറഞ്ഞു.

കുണ്ടന്നൂരിലെ ‘ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ.’, നെട്ടൂരിലെ ‘ആൽഫ സെറീൻ’, ‘ജെയിൻ കോറൽ റേവ്’, കണ്ണാടിക്കാടിലെ ‘ഗോൾഡൻ കായലോരം’ എന്നിവയാണ് പൊളിക്കുന്ന ഫ്ളാറ്റുകൾ.

ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നാരോപിച്ച് ഫ്ളാറ്റുടമകൾ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ.യിലാണ് സമരം. മറ്റ് ഫ്ളാറ്റുകളിലുള്ളവരും ഇങ്ങോട്ടെത്തും. മരട് ഭവനസംരക്ഷണ സമിതിയാണ് സംഘാടകർ.

കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരോടുള്ള മനുഷ്യാവകാശ ലംഘനവും നീതിനിഷേധവും അവസാനിപ്പിക്കുക, വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കുക, കുടിയൊഴിപ്പിക്കുന്നതിന് മുമ്പ് അനുയോജ്യമായ വാസസ്ഥലം ഉറപ്പാക്കുക, സമാധാനപരമായി ഒഴിഞ്ഞുപോകുന്നതിന് ആവശ്യമായ സമയം അനുവദിക്കുക, പ്രാഥമിക നഷ്ടപരിഹാരത്തുക എത്രയും വേഗം നൽകുക എന്നിവയാണ് ആവശ്യങ്ങൾ. ഇതുകാണിച്ച് സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്.

Content Highlights: Maradu Flat issue