കൊച്ചി: മരടിലെ പൊളിക്കുന്ന ഫ്ലാറ്റുടമകളിൽ ആധാരത്തിൽ കെട്ടിടവില കാണിച്ചിട്ടില്ലാത്തവർക്കും 25 ലക്ഷം വീതം നൽകാൻ നഷ്ടപരിഹാര സമിതി ശുപാർശ ചെയ്തു. ഇതുൾപ്പെടെ 23 പേർക്കാണ് ചൊവ്വാഴ്ചത്തെ സിറ്റിങ്ങിൽ 25 ലക്ഷം രൂപ വീതം നൽകാൻ ശുപാർശയുണ്ടായത്.

ഫ്ലാറ്റുകൾ നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഓഹരി വാങ്ങിയശേഷം, ആ സ്ഥലത്ത് ഫ്ലാറ്റ് നിർമിക്കാൻ ബിൽഡർക്ക് കരാർ നൽകുന്ന രീതിയാണ് നേരത്തെ നിലവിലുണ്ടായിരുന്നത്. കെട്ടിടം പൂർത്തിയായിക്കഴിഞ്ഞാൽ വേറെ ആധാരം ഉണ്ടാകില്ല.

സ്റ്റാമ്പ് ഡ്യൂട്ടി നിയമങ്ങൾ കർശനമാകുന്നതുവരെ ഈ പ്രവണത തുടർന്നതായി ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതി വിലയിരുത്തി. ഇവരെല്ലാവരും ഫ്ലാറ്റ് നിർമിക്കാൻ നിർമാതാവിന് 25 ലക്ഷത്തിൽ കൂടുതൽ രൂപ നൽകിയിട്ടുണ്ട്. എന്നാൽ, അതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ലെന്നും അപേക്ഷ നൽകിയ എല്ലാവർക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും സമിതി വ്യക്തമാക്കി.

ചൊവ്വാഴ്ച പരിഗണിച്ച 23 അപേക്ഷകളിൽ 22-ലും സ്ഥലത്തിന്റെ ഓഹരിയുടെ ആധാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഒരു ഫ്ലാറ്റ് നിർമാതാവിന്റെ മകനും മകളും നഷ്ടപരിഹാരം ആവശ്യപ്പട്ട് സമിതിയെ സമീപിച്ചെങ്കിലും അത് പിന്നീട് പരിഗണിക്കാൻ മാറ്റി. അന്തിമ തീരുമാനമെടുക്കും മുമ്പ് ഇവരെ കേൾക്കും.

180 ഫ്ലാറ്റുടമകൾക്കായി 45 കോടി രൂപയാണ് ഇതുവരെ സമിതി ശുപാർശ ചെയ്തിരിക്കുന്നത്. ആകെ 325 ഉടമകളാണുള്ളത്.

സിറ്റിങ്ങിൽ, അംഗങ്ങളായ കെ. ജോസ് സിറിയക്, ആർ. മുരുകേശൻ എന്നിവരും പങ്കെടുത്തു.

Content Highlights: Maradu Flat issue; 25 lakhs for 23 others