കൊച്ചി: യന്ത്ര കൈകളുടെ ഒച്ചയും ബഹളവും നിലച്ചു... കെട്ടിടാവശിഷ്ടങ്ങളുമായി പൊടിപറത്തി രാപകൽ പാഞ്ഞ വണ്ടികളും ഓർമയായി. ‘‘ആരൊക്കെയോ ചെയ്ത തെറ്റിന്റെയും അശ്രദ്ധയുടെയും ഫലം അനുഭവിച്ചത് ഞങ്ങളാണ്’’ - മരടിലെ ഫ്ളാറ്റുകൾ പൊളിച്ച് ആറുമാസം ആവുമ്പോൾ, ഭീതിയും ആശങ്കയും നിറഞ്ഞ ആ നാളുകളെപ്പറ്റി ഒാർക്കുകയാണ് നെട്ടൂർ ആൽഫ സെറീൻ ഫ്ളാറ്റിനു സമീപത്തെ താമസക്കാർ.

മരട് നഗരസഭാ പരിധിയിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച ആൽഫ സെറീൻ, ഗോൾഡൻ കായലോരം, ഹോളിഫെയ്ത്ത് എച്ച്.ടു.ഒ., ജെയ്ൻ കോറൽ കോവ് എന്നീ ഫ്ളാറ്റുകളാണ് പൊളിച്ചുനീക്കിയത്. കെട്ടിടാവശിഷ്ടങ്ങൾ പൂർണമായും നീക്കിക്കഴിഞ്ഞു.

പൊളിച്ച ഫ്ളാറ്റുകൾ നിന്ന സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം ഫ്ളാറ്റുടമകൾക്കാണ്. തീരദേശ പരിപാലന നിയമം പാലിച്ച് അവിടെ ഇനി എന്ത് വേണമെന്ന് ഉടമകൾക്ക് തീരുമാനിക്കാം.

പ്രശ്നങ്ങൾ ഇപ്പോഴുമുണ്ടെന്ന് നാട്ടുകാർ

ഫ്ളാറ്റ് പൊളിച്ചതിനെ തുടർന്നുണ്ടായ പാരിസ്ഥിതിക പ്രശ്നങ്ങൾ പൂർണമായും ഒഴിഞ്ഞുപോയിട്ടില്ല. വീടുകൾക്ക് ബലക്ഷയമുണ്ട്. സാരമായ നഷ്ടമുണ്ടായ വീടുകൾക്ക് രണ്ടുലക്ഷം രൂപ വരെ നൽകുമെന്ന് പറഞ്ഞെങ്കിലും നാമമാത്ര തുകയാണ് കിട്ടിയതെന്നും ആക്ഷേപമുണ്ട്. പല വീടുകൾക്കും വിള്ളൽ വീണു. പൊടിശല്യം മൂലം പലർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായി. കിണറുകളിലെ വെള്ളവും ഉപയോഗ ശൂന്യമായിരുന്നു.

ആൽഫയുടെ നീന്തൽക്കുളം പൊളിച്ചപ്പോഴും സമീപത്തെ വീടുകൾക്ക് തകരാറുണ്ടായിരുന്നു. അവിടെ നിന്ന് ഏഴ് കുടുംബങ്ങളാണ് വാടകവീടുകളിലേക്ക് മാറിയത്. വീടിനുള്ളിലെ പൊടി മാറ്റാനും അറ്റകുറ്റപ്പണികൾ നീക്കാനും തന്നെ മാസങ്ങളാണ്‌ വേണ്ടിവന്നതെന്ന് നാട്ടുകാർ പറയുന്നു.

ഇരട്ട സ്ഫോടനം നടത്തിയ ആൽഫ സെറീനിനു സമീപം കായലിൽ വീണ മാലിന്യവും ഇതുവരെ നീക്കിയിട്ടില്ല. രണ്ട് നിലയോളം മാലിന്യം ഇപ്പോഴും കായലിൽ ഉണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

കമ്പികൾ തമിഴ്‌നാട്ടിലേക്ക് കോൺക്രീറ്റ് അവശിഷ്ടം വെങ്ങോലയ്ക്ക്

പൊളിച്ച എല്ലാ ഫ്ളാറ്റുകളിലുമായി 76,300 ടൺ കോൺക്രീറ്റ് മാലിന്യങ്ങളാണ് കൂടിക്കിടന്നത്. ആലുവയിലെ പ്രോംപ്റ്റ് എന്റർപ്രൈസസ് എന്ന സ്ഥാപനമാണ് മാലിന്യങ്ങൾ നീക്കാൻ കരാർ എടുത്തത്. നാലു മാസം എടുത്താണ് അവശിഷ്ടം നീക്കിയത്. ഇരുമ്പ് വേർതിരിക്കുന്നതനുസരിച്ച് കോൺക്രീറ്റ് മാലിന്യങ്ങൾ കൊണ്ടു പോവുകയായിരുന്നു.

കമ്പി പാലക്കാട് കഞ്ചിക്കോട്ടേക്ക്‌ കൊണ്ടുപോയി. ഉരുക്കി പുതിയ രൂപത്തിലാക്കി തമിഴ്നാട്ടിലേക്ക് കൊണ്ടുപോവും. കമ്പി നീക്കിയ കോൺക്രീറ്റ് അവശിഷ്ടം പെരുമ്പാവൂരിലെ വെങ്ങോലയിലേക്കാണ് കൊണ്ടുപോയത്. അത്‌ പൊടിച്ച് എം-സാൻഡ്‌ ആക്കും. കോൺക്രീറ്റ് പൊടിച്ച് എം-സാൻഡ്‌ ആക്കി മാറ്റുന്ന ‘റബ്ബിൾ മാസ്റ്റർ’ എന്ന യന്ത്രം ചെന്നൈയിൽനിന്ന് കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി.