കൊച്ചി: മരടിലെ ഫ്ലാറ്റുകൾ തകർക്കുന്ന സ്ഫോടനം മിക്കവാറും രാവിലെയാകുമെന്ന് സൂചന. കാറ്റ് കുറവുള്ള സമയം എന്ന നിലയ്ക്കാണിത്. ആറു മണിക്കൂർ മുേമ്പ സമീപവാസികളെ ഒഴിപ്പിക്കും. ഗതാഗതവും തടയേണ്ടതിനാൽ തിരക്ക് കുറവുള്ള സമയമാകും പരിഗണിക്കുക. കാലാവസ്ഥ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനമെടുക്കുക.

താഴെ മുതൽ അഞ്ച് നില വരെയാകും സ്‌ഫോടകവസ്തുക്കൾ നിറയ്ക്കുക. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ പൊട്ടിക്കും. താഴെ നിന്ന് പൊട്ടിത്തുടങ്ങുന്നതിനാൽ കെട്ടിടം നേരേ താഴേക്ക് പതിക്കുമെന്നാണ് കണക്കുകൂട്ടൽ. പൊളിക്കുന്ന ഏജൻസികൾക്ക് മൈനിങ് എൻജിനീയർമാർ ഒപ്പമുണ്ടാകണം.

കൊച്ചിയിൽനിന്ന് സ്ഫോടകവസ്തുക്കൾ വാങ്ങാൻ, സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി അനുമതി നൽകിയിട്ടുണ്ട്. പ്രത്യേക വാഹനങ്ങളിലാകും ഇത്‌ കൊണ്ടുവരിക. ഏജൻസികളുടെ സാങ്കേതിക വിദഗ്ദ്ധരിൽ ഷോട്ട് ഫയററും (പെസോയുടെ ലൈസൻസുള്ളയാൾ) ബ്ലാസ്റ്റേഴ്‌സും (മൈൻസ് ഡയറക്ടറേറ്റിന്റെ ലൈസൻസുള്ളയാൾ) വേണം. സ്ഫോടനമുണ്ടാക്കുന്ന കമ്പനം (വൈബ്രേഷൻ) പഠിക്കാൻ ഏജൻസികളോട് നിർദേശിച്ചിട്ടുണ്ട്.

ഏറ്റവും അപകട സാധ്യത കുറഞ്ഞ കെട്ടിടമാകും ആദ്യം തകർക്കുക. ഇത് ആളുകളിൽ വിശ്വാസം ഉണ്ടാക്കും. സമീപത്ത് പൈതൃക കെട്ടിടങ്ങൾ ഉണ്ടെങ്കിൽ ഇവ പ്രത്യേകം പരിരക്ഷിക്കും. തദ്ദേശ വകുപ്പ്, പി.ഡബ്ല്യു.ഡി. എന്നിവയുടെ എൻജിനീയർമാരാകും ഇതിന് നേതൃത്വം നൽകുക.

സമീപവാസികൾക്കായി നൂറുകോടി രൂപയുടെ ‘തേർഡ് പാർട്ടി ഇൻഷുറൻസ്’ ആലോചിക്കുന്നുണ്ട്. സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

‘എഡിഫിസ്’ മൂന്ന് ഫ്ലാറ്റുകൾ തകർക്കും

: മുംബൈയിലെ ‘എഡിഫിസ് എൻജിനീയറിങ്’ എന്ന കമ്പനിക്ക് മൂന്ന് ഫ്ലാറ്റുകൾ പൊളിക്കാനുള്ള കരാർ നൽകുമെന്ന് സൂചന. ‘വിജയ് സ്റ്റീൽസി’ന് രണ്ടെണ്ണമാകും പൊളിക്കാൻ നൽകുക. സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി ഇങ്ങനെയാണ് ശുപാർശ ചെയ്തതെന്നറിയുന്നു.

കൂടുതൽ അനുഭവസമ്പത്തുള്ള എഡിഫിസിന്, താരതമ്യേന വിഷമം പിടിച്ച ‘ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ.’, ‘ആൽഫ സെറീൻ’ ഫ്ലാറ്റുകൾ (രണ്ട് ടവറുകൾ) എന്നിവ നൽകിയേക്കും.

‘ഗോൾഡൻ കായലോരം’, ‘ജെയിൻ കോറൽ കോവ്’ എന്നിവയാകും വിജയ് സ്റ്റീൽസിന് നൽകുകയെന്നറിയുന്നു.

ദക്ഷിണാഫ്രിക്കയിലെ ‘ജെറ്റ് ഡിമോളിഷൻ’ എന്ന കമ്പനിയുമായി സഹകരിച്ചാണ് എഡിഫിസ് പ്രവർത്തിക്കുന്നത്. പാനിപ്പത്തിൽ 105 മീറ്റർ ഉയരമുള്ള കെട്ടിടം പൊളിച്ചിട്ടുണ്ടെന്നാണ് വിജയ് സ്റ്റീൽസ് പറഞ്ഞിരിക്കുന്നത്.

Content Highlights: maradu flat; how to demolish flat buildings