കൊച്ചി: തീര പരിപാലന നിയമം ലംഘിച്ച് മരടിൽ നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കാൻ വിദഗ്ദ്ധൻ എത്തുന്നു. ഇരുനൂറോളം കെട്ടിടങ്ങൾ തകർത്ത് ഗിന്നസ് റെക്കോഡ് നേടിയ എസ്.ബി. സർവാതെയാണ് സർക്കാരിനെ സഹായിക്കാൻ എത്തുന്നത്. ഇന്ദോർ സ്വദേശിയാണ്.

വലിയ കെട്ടിടങ്ങൾ പൊളിക്കുന്നതിൽ നേരിട്ട്‌ പരിചയമുള്ള ഒരു വിദഗ്ദ്ധൻ ഒപ്പം വേണമെന്ന്, പൊളിക്കൽ ചുമതലയുള്ള ഫോർട്ട്‌കൊച്ചി സബ് കളക്ടർ സ്നേഹിൽകുമാർ സിങ് പറഞ്ഞു. പൊളിക്കൽ ഏജൻസിയെ തീരുമാനിക്കുന്നതിനും ഫ്ലാറ്റ് തകർക്കലിനും (ഇംപ്ലോഷൻ) സർവാതെ സഹായിക്കും. 10-നോ 11-നോ അദ്ദേഹം കൊച്ചിയിലെത്തും.

പൊളിക്കലിന് സർക്കാർ ഒരു സാങ്കേതിക സമിതിയെ നേരത്തെ നിയോഗിച്ചിരുന്നു. ഇത്ര വലിയ െറസിഡൻഷ്യൽ കെട്ടിടങ്ങൾ ഒരുമിച്ച് പൊളിക്കുന്നത് ഇന്ത്യയിലാദ്യമായതിനാൽ ഇതു സംബന്ധിച്ച് അവ്യക്തതകൾ നിലനിന്നിരുന്നു. ഇത് പരിഹരിക്കാനുള്ള അന്വേഷണമാണ് സർവാതെയിലെത്തിച്ചത്. മധ്യപ്രദേശിലുള്ള സുഹൃത്തുക്കൾ വഴി അദ്ദേഹത്തെ ബന്ധപ്പെട്ടതായും സേവനം ഉറപ്പാക്കിയതായും സബ് കളക്ടർ പറഞ്ഞു.

പൊളിക്കാൻ ചെലവ് രണ്ടുകോടിയിൽ താഴെ

മരടിലെ നാല് ഫ്ലാറ്റുകളിലെ അഞ്ച് ടവറുകൾ പൊളിക്കുന്നതിന് രണ്ടുകോടിയിൽ താഴെയേ ചെലവ് വരൂ. ഉൾവശം നേരത്തെ പൊളിച്ചെടുക്കുന്നതിനാൽ കെട്ടിടത്തിന്റെ അസ്ഥികൂടം മാത്രമേ അവസാനം തകർക്കാനുണ്ടാകൂ. താഴെ നിന്ന് നാലുനില വരെയുള്ള തൂണുകളിൽ സ്ഫോടകവസ്തുക്കൾ നിറച്ച് പൊട്ടിക്കുന്ന ചെലവേ ബാക്കിയുണ്ടാകൂവെന്ന് സബ് കളക്ടർ പറഞ്ഞു. ഇങ്ങോട്ട്‌ പണം നൽകി പൊളിച്ചോളാമെന്ന് ഒരു കമ്പനി വാഗ്ദാനം ചെയ്തത് മാലിന്യങ്ങൾ പല രീതിയിൽ ഉപയോഗിക്കാമെന്നതിനാലാണ്. എന്നാൽ, പൊളിച്ച്‌ പരിചയമില്ലാത്ത ഇവരെ പരിഗണിച്ചില്ല.

മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് പ്രത്യേക ടെൻഡർ വിളിക്കും. ക്വാറികൾ നിരപ്പാക്കാനും മറ്റും ഈ കോൺക്രീറ്റ് മാലിന്യം ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവ അന്തരീക്ഷ മലിനീകരണമില്ലാതെ നീക്കം ചെയ്യേണ്ടത് കരാർ എടുത്തവരാകും.

എസ്.ബി. സർവാതെ

ഉത്തം ബ്ലാസ്‌ടെക്, വിജയ സ്റ്റോൺസ് (രണ്ടും ഹൈദരാബാദ്) എന്നിവയുടെ ഡയറക്ടർ ബോർഡംഗം. മൈനിങ് എൻജിനീയറാണ്. ഇരുനൂറോളം കെട്ടിടങ്ങൾ പൊളിച്ചതിന് ഗിന്നസ് റെക്കോഡ്. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് (ഇന്ത്യ) ഇന്ദോർ ചാപ്റ്റർ സെക്രട്ടറി.

Content Highlights: maradu flat; Guinness world record holder sb sarwate will come to help kerala government