FLATകൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കുന്നതിനുള്ള സ്‌ഫോടകവസ്തുക്കൾ തിങ്കളാഴ്ച എത്തും. നാഗ്പുരിൽനിന്ന് കൊണ്ടുവന്ന ഇവ പാലക്കാട്ടെ പ്രധാന സംഭരണശാലയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച അങ്കമാലിക്കടുത്തുള്ള മഞ്ഞപ്ര ചുള്ളിയിലെ സംഭരണശാലയിലെത്തിക്കും.

സ്‌ഫോടകവസ്തു നിറയ്ക്കുന്നതിനുള്ള ദ്വാരങ്ങൾ ഇടുന്നത് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരും. തുടർന്ന് സ്‌ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങും. സ്‌ഫോടനത്തിന് മുമ്പുള്ള അവശിഷ്ടങ്ങൾ നീക്കുന്നത് പൂർത്തിയാകുകയാണ്. ഇതുവരെ പൊളിച്ച ഭാഗങ്ങളാണ് നീക്കുന്നത്.

‘ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.’, ‘ജെയിൻ കോറൽകോവ്’ എന്നിവിടങ്ങളിലെ അവശിഷ്ടനീക്കം പൂർത്തിയായതായി ഇതിന് കരാറെടുത്ത ‘പ്രോംപ്റ്റ് കമ്പനി’ അധികൃതർ പറഞ്ഞു.

‘ആൽഫ സെറീനി’ലെ ജോലികളാണ് പ്രധാനമായി ബാക്കിയുള്ളത്. ഇവിടേക്കുള്ള റോഡ് ചെറുതായതിനാൽ വലിയ ലോറികൾ എത്തിക്കാൻ കഴിയുന്നില്ല. ഇതാണ് അവശിഷ്ടനീക്കം വൈകാൻ കാരണം. ആൽഫയുടെ കൂടുതൽ ഇടഭിത്തികൾ നീക്കാൻ നിർദേശിച്ചിട്ടുണ്ട്. അതിനാൽ, ഇവിടത്തെ അവശിഷ്ടനീക്കം തുടരും. ആലപ്പുഴ ജില്ലയിലെ ചന്തിരൂരിലേക്കാണ് കൊണ്ടുപോകുന്നത്. സ്‌ഫോടനത്തിലുണ്ടാകുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ ആ ഘട്ടത്തിൽ നീക്കും.

ഫ്ളാറ്റുകൾ വീഴ്ത്തുന്നത് അല്പം ചരിച്ച്

കൊച്ചി: ഇംഗ്ലീഷ് അക്ഷരം ‘വി’ ആകൃതിയിലുള്ള ‘എച്ച്.ടു.ഒ’ ഫ്ലാറ്റിന്റെ ഒരുഭാഗം 37 ഡിഗ്രിയിലും മറുഭാഗം 43 ഡിഗ്രിയിലുമാണ് വീഴ്ത്തുക. കൂടുതൽ ശൂന്യയിടം മുന്നിലുള്ളതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. എല്ലാ ഫ്ലാറ്റുകളുടെയും വീഴ്ചയിൽ അല്പം ചരിവുണ്ടാകുമെന്ന് സാങ്കേതിക സമിതിയംഗം ഡോ. അനിൽ ജോസഫ് പറഞ്ഞു. ഇവ എത്രയെന്ന് തീരുമാനിക്കും. ചുറ്റുമുള്ള വീടുകളുടെ പരമാവധി സുരക്ഷയാണ് ലക്ഷ്യം.

ഫ്ലാറ്റ് പൊളിക്കുമ്പോഴുള്ള പ്രകമ്പനത്തിന്റെ തോത് വിലയിരുത്താൻ മദ്രാസ് ഐ.ഐ.ടി.യെ ക്ഷണിച്ചിട്ടുണ്ട്. അടുത്തയാഴ്ച അവർ എത്തിയേക്കും. സ്‌ഫോടനദിവസങ്ങളിലും അവർ ഇവിടെയുണ്ടാകും.

മരടിലെ സ്‌ഫോടനങ്ങൾ വരുത്താവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ച് സെപ്റ്റംബറിൽത്തന്നെ ഐ.ഐ.ടി. റിപ്പോർട്ട് നൽകിയിരുന്നു. പ്രകമ്പനത്തിന്റെ ആഘാതത്തെക്കുറിച്ച് ഇതിൽ പരാമർശിക്കുന്നുണ്ടെങ്കിലും ഇതിന്റെ തോത് വിലയിരുത്തിയിട്ടില്ല.

പൗരാണിക കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിക്കാമെന്നാണ് പ്രധാനമായി പറയുന്നത്. വായു മലിനീകരണമാണ് ഏറ്റവും വലിയ പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്.

സ്‌ഫോടനശബ്ദം (130 ഡെസിബൽ) ഒരു കിലോമീറ്റർ അകലെ വരെ കേൾക്കാനാകും. 250 മീ. ദൂരെപ്പോലും 80 ഡെസിബൽ ശബ്ദമുണ്ടാകാം. പരിസരവാസികളെ നാലുമണിക്കൂർ നേരത്തേക്ക് ഒഴിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പൊടിപടലം ഏതാനും മിനിട്ടുകൾക്കുള്ളിൽ ശമിക്കുമെന്നും കരുതുന്നു.

പ്രകമ്പനത്തിന്റെ തോത് കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കുന്നത് കുറയ്ക്കാൻ കിടങ്ങുകൾ ഉണ്ടാക്കുന്നത് ആലോചിക്കുന്നുണ്ട്. ഐ.ഐ.ടി.യുടെ ഉപദേശവും തേടും.

മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിലുള്ള വിവിധ സ്‌ഫോടനങ്ങളിലൂടെയാണ് ഫ്ലാറ്റുകൾ പൊളിക്കുന്നത്. അതിനാൽ, ഒറ്റയടിക്ക് എല്ലാംകൂടി നിലംപതിക്കില്ല. ഇത് ആഘാതം പരമാവധി കുറയ്ക്കുമെന്ന് സ്‌ഫോടനവിദഗ്ധൻ എസ്.ബി. സർവാതെ നേരത്തെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, സ്‌ഫോടനത്തിന്റെ ക്രമം മാറ്റി ഫ്ലാറ്റിന്റെ വീഴ്ച നിയന്ത്രിക്കാമെന്നും അദ്ദേഹം പറയുന്നു.

Content Highlights; maradu flat, explosives arrive tomorrow