കൊച്ചി: മരടിൽ വിവാദ ഫ്ലാറ്റുകൾ പൊളിച്ചുവീഴ്ത്തിയിട്ട് ചൊവ്വാഴ്ച ഒരു മാസം തികയും. ദിവസങ്ങളോളം ലോകമെങ്ങുമുള്ള മലയാളികളുടെ ശ്രദ്ധാകേന്ദ്രമായിരുന്ന മരട് സാധാരണ നിലയിലേക്ക് മടങ്ങിക്കഴിഞ്ഞു. ഇടയ്ക്കിടെയെത്തുന്ന കൂറ്റൻ ലോറികളുടെയും കോൺക്രീറ്റ് കഷണങ്ങൾ മുറിക്കുന്ന യന്ത്രങ്ങളുടെയും ശബ്ദം മാത്രമേ എങ്ങും കേൾക്കാനുള്ളു.

പൊളിച്ച നാല് ഫ്ലാറ്റുകളുടെയും സ്ഥാനത്ത് ഇപ്പോൾ കോൺക്രീറ്റ് ശ്മശാനങ്ങളാണ്. ദിവസേന ഇവ നീക്കുന്നുണ്ട്. എന്നാൽ സുപ്രീംകോടതി അനുവദിച്ചിരിക്കുന്ന 45 ദിവസത്തിനുള്ളിൽ പണി തീരില്ലെന്നുറപ്പ്. ഇനിയും ഒന്നര മാസമെങ്കിലും എടുക്കുമെന്നാണ് ജോലിക്കാരുടെ അഭിപ്രായം. എന്നാൽ, സമയം നീട്ടിവാങ്ങണമെങ്കിൽ കോടതി അനുവദിക്കണം. ചെറിയ ഫ്ലാറ്റായിരുന്ന ഗോൾഡൻ കായലോരത്തിൽ കോൺക്രീറ്റ് മാലിന്യങ്ങൾ കാര്യമായി നീക്കിയിട്ടുണ്ട്.

രണ്ടുതരം ജോലികളാണ് എല്ലായിടത്തും നടക്കുന്നത്. കോൺക്രീറ്റിൽനിന്ന് കമ്പി വേർതിരിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഈ കമ്പി പാലക്കാട് കഞ്ചിക്കോട്ടേക്ക് കൊണ്ടുപോയി ഉരുക്കി പുതിയ രൂപത്തിലാക്കും.

കമ്പി നീക്കിയ കോൺക്രീറ്റ്, ലോറികളിൽ പെരുമ്പാവൂരിനടുത്തുള്ള വെങ്ങോലയിലേക്ക് കൊണ്ടുപോകുന്നതാണ് രണ്ടാമത്തെ ജോലി. ഇത് പൊടിച്ച് എം-സാൻഡ്‌ ആക്കി മാറ്റുന്ന റബ്ബിൾ മാസ്റ്റർ എന്ന യന്ത്രം ഇനിയും എത്തിയിട്ടില്ല.

വാഗ്ദാന ലംഘനമെന്ന് പരിസരവാസികൾ

ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ സമീപത്തെ വീടുകൾക്കുണ്ടാകുന്ന കേടുപാടുകൾ നന്നാക്കിക്കൊടുക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. നിയന്ത്രിത സ്ഫോടനത്തിനു മുമ്പ് യന്ത്രങ്ങൾ ഉപയോഗിച്ച് പൊളിക്കൽ നടത്തിയപ്പോഴാണ് ആൽഫ സെറീനിന്റെ സമീപത്തെ കുറേ വീടുകളിൽ വിള്ളലുകൾ വീണത്. പൊളിക്കൽ കമ്പനിയാണ് ഇവ നന്നാക്കിക്കൊടുക്കേണ്ടത്. ഇതേ വീടുകളിൽ കഴിയുകയാണ് ഭൂരിപക്ഷം പേരും.

ഇതിൽ ഏഴ് വീടുകളുടെ കേടുപാട് തിട്ടപ്പെടുത്തൽ (സ്ട്രക്ചറൽ ഓഡിറ്റിങ്) നടത്തിയിരുന്നു. ഇതുകൂടാതെ 18 വീടുകളുടെ ലിസ്റ്റ് ഡിവിഷൻ കൗൺസിലർ ദിഷ പ്രതാപൻ നഗരസഭയിൽ നൽകിയിരുന്നു. നഗരസഭയിൽനിന്ന് നിർദേശം കിട്ടാത്തതിനാലാണ് പണി തുടങ്ങാത്തതെന്നാണ് ഈ ഫ്ലാറ്റ് പൊളിച്ച വിജയ് സ്റ്റീൽസ് ജീവനക്കാർ തിങ്കളാഴ്ച പരിസരവാസികളോട് പറഞ്ഞത്.

മാറിത്താമസിച്ചത് ഏഴ് കുടുംബങ്ങൾ

ആൽഫ സെറീൻ ഫ്ലാറ്റിന്റെ പരിസരത്തുനിന്ന് ഏഴ് കുടുംബങ്ങളാണ് വാടക വീടുകളിലേക്ക് മാറിയിരുന്നത്. മൂന്നുമാസത്തെ കരാറെഴുതിയാണ് മാറിയതെങ്കിലും കരോട്ട് ഹരി കഴിഞ്ഞ ദിവസം തിരിച്ചെത്തി. ഹരിയുടെയുൾപ്പെടെ ഈ ഭാഗത്തുള്ള മൂന്ന്‌ വീടുകളുടെയും മുൻവശം ഇപ്പോഴും മൂടിയിട്ടിരിക്കുകയാണ്. സഹോദരൻ അനൂപ് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. വീടിനുള്ളിലെ പൊടി നീക്കുന്നതടക്കം ഒരു മാസത്തോളം പണികൾ ബാക്കിയുണ്ടെന്ന് അനൂപ് പറഞ്ഞു. മറ്റുള്ളവരുടെ സ്ഥിതിയും ഇതുതന്നെ. ഫ്ളാറ്റിന്റെ മാലിന്യങ്ങൾ പൂർണമായി നീക്കുന്നതുവരെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലാണ്.

പണികൾ ഇനി വൈകില്ലെന്ന് കൗൺസിലർ

നഗരസഭാ എൻജിനീയർ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ വെള്ളിയാഴ്ച വന്ന് വീടുകൾ പരിശോധിച്ച് തിങ്കളാഴ്ച ജോലി തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെന്ന് കൗൺസിലർ പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനകം അറ്റകുറ്റപ്പണി തുടങ്ങാനാകുമെന്നും ദിഷ പ്രതാപൻ പറഞ്ഞു.

content highlights; maradu flat demolition, nearby houses repair works are delayed