കൊച്ചി: കുണ്ടന്നൂർ-നെട്ടൂർ പുഴക്കരയിലെ മുത്തേടം കോളനി, സമയം 10.15. അവസാന നിമിഷങ്ങളെണ്ണി സ്‌ഫോടകവസ്തുക്കൾ നിറച്ച ജയിൻ കോറൽകോവ് ഫ്ളാറ്റ്. മണ്ണിലമരുംമുമ്പേയുള്ള കാഴ്ചകാണാൻ ഫ്ലാറ്റ് വീഴുന്നതിനെപ്പറ്റി ആശങ്കകളോ അങ്കലാപ്പോ ഇല്ലാതെ തികച്ചും ലാഘവത്തോടെ കോളനിക്കാർ.

10.30-ന് ആദ്യത്തെ സൈറൺ മുഴങ്ങിയപ്പോഴും എല്ലാം ശാന്തം. സമീപവാസിയും സ്വകാര്യ ബോട്ട്സർവീസ് നടത്തിപ്പുകാരനുമായ കാക്കര കെ.എക്സ്. മാത്തനും (76) ഇതൊക്കെ കുറെ കണ്ടിട്ടുള്ളതാണെന്ന മട്ടിൽ കായൽക്കരയിൽ കസേരയിൽ കാലുതിരുമ്മിയിരുന്നു. ചുറ്റുംനിന്നവരും കിലുക്കം സിനിമയിൽ ഇന്നസെന്റ് പറയുന്നതു പോലെ ‘കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്’ എന്ന മട്ടിലായിരുന്നു.

ശനിയാഴ്ചനടന്ന പൊളിച്ചുനീക്കങ്ങളൊക്കെ മാധ്യമങ്ങളിലൂടെ വീക്ഷിച്ചവരാണ് എല്ലാവരുംതന്നെ.

എന്തുസംഭവിക്കുമെന്നറിയാൻ ഭീതിയോടെ ശനിയാഴ്ച ഫ്ളാറ്റ് പൊളിക്കുന്നത് കാണാൻ പോയവരും ഇക്കൂട്ടത്തിൽപ്പെടും. അതുകൊണ്ട് തങ്ങളുടെ വീടിനു സമീപത്തെ ജെയിൻ ഫ്ളാറ്റ് പൊളിക്കുന്നതിൽ നാട്ടുകാർക്ക് ആശങ്കയുടെ തരി പോലുമില്ലായിരുന്നു. ഒഴിപ്പിക്കപ്പെട്ട വീടുകളിലുള്ളവർവരെ പൊളിക്കുന്നത് കാണാൻ നേരിട്ടെത്തി. ‘പേടിച്ചിട്ടാണ് ഇവിടെനിന്നും പോയത്. പിന്നെയാണ്‌ ഒന്നുമില്ലന്നറിഞ്ഞത്’ തൃപ്പൂണിത്തുറയിൽനിന്നെത്തിയ ശാലിനി പറഞ്ഞു.

‘കൺകുളിർക്കേ കണ്ടോ ഇനിപ്പോ ഇങ്ങനെയൊന്നും കാണാൻ പറ്റില്ല. ഇന്നലെ കണ്ടതല്ലേ? നല്ല ടീമാണ് പൊട്ടിക്കാനെത്തിയിരിക്കുന്നത് ഒന്നും പേടിക്കാനില്ല മാത്തൻ ചുറ്റുമുള്ളവരോട് പറഞ്ഞു. ‘ഇവർ ജൊഹാനസ്ബർഗിലൊക്കെ പൊട്ടിച്ചതല്ലേ ഇതുപോലെ ഇവർക്കിതൊന്നും വല്യ കാര്യമില്ലെന്നേ’ പ്രദേശവാസിയായ കെ.വി. മാത്യു മറുപടിപറഞ്ഞു.

വളന്തകാട് ദ്വീപിൽനിന്ന്‌ കൊതുമ്പുവള്ളങ്ങളിലായി ആളുകൾ കായലിൽ വന്നു നിറഞ്ഞുകൊണ്ടിരുന്നു. കൈയിൽ ഉയർത്തിപ്പിടിച്ച മൊബൈൽ ഫോണുകളിലായിരുന്നു ആളുകളുടെ ശ്രദ്ധ. ഇതിനിടയിൽ കരയുന്ന കുഞ്ഞിന് മുഖത്ത് മാസ്‌ക് കെട്ടുന്ന തിരക്കിലായിരുന്നു അനീറ്റ. കരച്ചടലടക്കിയ കുഞ്ഞിനോട് മോനേ അങ്ങോട്ട് നോക്കിയിരുന്നോ ഇപ്പോ പൊട്ടുമെന്ന് അവർ പറഞ്ഞു. കൗതുകത്തോടെ എന്താണെന്ന മട്ടിൽ ആ കുഞ്ഞ് കായലിലേക്ക്‌ നോക്കിയിരുന്നു.

ഉയർത്തിപ്പിടിച്ച ഒട്ടേറെ മൊബൈൽ ക്യാമറകളിൽ മുന്നിൽ 11:02-ന് ഫ്ളാറ്റ് പൊട്ടിത്തകരുമ്പോൾ കൂടിനിന്നവർ കൂക്കിയും ആർത്തും വിളിച്ചു. സ്‌ഫോടനം കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ 200 മീറ്റർ ദൂരത്തിനപ്പുറത്തേയ്ക്ക് കടുത്ത പൊടിപടലങ്ങൾ വന്നുനിറഞ്ഞു. പൊളിക്കൽ ഫെയസ്ബുക്ക് ലൈവ് കൊടുത്ത യുവാവും പൊട്ടുന്നതിനൊടൊപ്പം സെൽഫിയെടുക്കാൻ നിന്നയാളും തിരക്കിൽ എങ്ങോട്ടില്ലാതെ മറഞ്ഞുപോയി.

Content Highlights: maradu flat demolition moothedam natives response