കോട്ടയം: ‘ഞങ്ങൾ ഒട്ടും ഭയന്നില്ല, ആശങ്കയും ഇല്ലായിരുന്നു.’ -കുമരകം കായൽപ്പരപ്പിലൂടെ ബോട്ടിൽ പോകുമ്പോൾ ദക്ഷിണാഫ്രിക്കയിലെ ജെറ്റ് ഡിമോളിഷൻ കമ്പനിയുടെ സാങ്കേതിക ജോലിക്കാർ ആഘോഷരസത്തിലായിരുന്നു. മരട് ദൗത്യത്തിനുശേഷമുള്ള രണ്ടുദിവസത്തെ വിശ്രമത്തിൽ അവർ അടിച്ചുപൊളിച്ചു.

നിങ്ങൾക്ക് ഇതൊക്കെ പുതുമയായിരിക്കുമെന്ന് കൂട്ടത്തിൽ രസികനായ കെവിൻ സ്‌മിത്ത് മലയാളികളുടെ ആകാംക്ഷയെ ഒാർമിച്ച് പറഞ്ഞു. 20 വർഷമായി ഇൗ ജോലിചെയ്യുന്ന കെവിനും എട്ട് കൂട്ടുകാരുമാണ് കുമരകത്തേക്ക് വന്നത്. ഫ്ലാറ്റുകളുടെ ചുറ്റുമുള്ള മതിലിനപ്പുറം ഒരു ചീള് പോകില്ലെന്ന് ഞങ്ങൾക്കറിയാം. പറഞ്ഞ് ഇരുത്തിയത് പോലെയല്ലേ കാര്യങ്ങൾ നടന്നതെന്ന് വില്യം പ്രിറ്റോറിസ് ചോദിച്ചപ്പോൾ മറ്റുള്ളവർ ചിരിച്ചു.

സാങ്കേതികവിദ്യ കൃത്യമായി പ്രയോഗിച്ചാൽ ഇൗ ജോലിയിൽ ആശങ്കയില്ല. പക്ഷേ, ചിലപ്പോൾ അൽപ്പംകൂടി സമയം ഉണ്ടായിരുന്നെങ്കിൽ എന്ന് വിചാരിച്ചിട്ടുണ്ട്. എന്നാൽ, അതുകൊണ്ട് കൃത്യതയ്ക്ക് ഒരുകുറവും വന്നിട്ടില്ലെന്ന് വില്യം ചൂണ്ടിക്കാട്ടി.

കേരളത്തിൽ ഇതാദ്യമായാണ് സംഘത്തിലെ മിക്കവരും. കൊച്ചിൻ എന്നാണ്, കേരളം എന്ന് പറയുന്നതിനേക്കാൾ ഇവർക്ക് മനസ്സിലാകുന്ന പദം. കേരളത്തിൽ എവിടെപ്പോയാലും നാട്ടിലേക്ക്‌ പറയുക കൊച്ചിൻ എന്നാണ്. സഞ്ചരിച്ച് കുമരകത്ത് എത്തിയപ്പോൾ വിസ്മയമായെന്ന് ഇയാൻ ചാൾസും വിക്ടറും പറയുന്നു.

കായൽ യാത്ര ഇഷ്ടമായി. ചോറ് കഴിക്കാൻ പ്രയാസം. ‘ഇൗ മലയാളികൾ ചോരാതെ ചോറ് കഴിക്കുന്നതെങ്ങനെ’ -ചോദ്യം ഇയാൻ ചാൾസിന്റേത്. പക്ഷേ, പൊറോട്ടയും കരിമീനുമെല്ലാം സൂപ്പറെന്ന് സാക്ഷ്യം. ജോണ്ടി റോഡ്സും എബി ഡിവില്ലേഴ്സും മലയാളികൾക്ക് പ്രിയപ്പെട്ടവരാണെന്ന് ക്രിക്കറ്റിനെക്കുറിച്ച് പറയവേ സ്‌മിത്ത് ഒാർമിപ്പിച്ചു.

കുമരകം കവണാറ്റിൻകരയിലെ ഹോംസ്റ്റേയിൽ ഒരുരാത്രി തങ്ങിയ സംഘത്തിന് പോത്തിറച്ചി കനലിൽ ചുട്ടതായിരുന്നു സ്പെഷ്യൽ. കായൽപ്പരപ്പുകണ്ട് മുറ്റത്തെ പുൽത്തകിടിയിൽ രാവേറെ ചെലവിട്ട സംഘം ഉച്ചയ്ക്ക് കൊച്ചിയിലേക്കുപോയി. ശിക്കാര ബോട്ടിന്റെ ഡക്കിലിരുന്നും ഇടയ്ക്ക് മുഖം നോക്കിപ്പോകുന്ന നീർനായകളെക്കണ്ടും സഞ്ചാരം. വെള്ളത്തിലൂടെ പോകുന്ന താറാവുകളെ കണ്ട് അത് മികച്ച രുചി കൂടിയാണെന്ന് സമ്മതിച്ചു. ബോട്ടുകാരോട് സല്ലപിക്കവേ നൽകിയ വാഗ്ദാനംകേട്ട് തൊഴിലാളികളും ഞെട്ടി. ‘പറഞ്ഞാൽ മതി, ഒരു മിനിറ്റുകൊണ്ട് ബോട്ട് പൊട്ടിച്ചുതരാമെന്ന്....’

ഇനി മാർച്ചിൽ ഹൈദരാബാദിലാണ് സംഘത്തിന്റെ അടുത്ത ദൗത്യം. അതിനുമുന്പ് നാട്ടിൽപോയി വരും. വ്യാഴാഴ്ച മടക്കം.

Content Highlights: Maradu Flat demolition, Jet Demoltion  team