കൊച്ചി: നിലംപതിച്ച ഫ്ളാറ്റുകളിൽ ശബ്ദംകൊണ്ട് മുമ്പനായത് 115 ഡെസിബലുമായി ജെയിൻ കോറൽകോവ്. കഴിഞ്ഞദിവസത്തെ പൊളിക്കൽ സ്ഫോടനത്തിന്റെ പരമാവധിശബ്ദം 114 ഡെസിബലായിരുന്നു. അവസാനമായി നിലംപതിച്ച ഗോൾഡൺ കായലോരത്തെ തകർത്തത് 107.1 ഡെസിബൽ ശബ്ദമുള്ള പൊട്ടിത്തെറിയാണ്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സംവിധാനങ്ങളിലാണ് ഈ കണക്കുകൾ രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസത്തേതുപോലെ ഞായറാഴ്ചയും കനത്ത പൊടി നിറഞ്ഞെങ്കിലും വേഗം അവ അപ്രത്യക്ഷമാവുകയും ചെയ്തു. ജെയിൻഫ്ളാറ്റ് വീണപ്പോൾ 200 മീറ്റർ അർധവ്യാസത്തിലും 50 മീറ്റർ ഉയരത്തിലുമാണ് പൊടിപടലമുയർന്നത്. അരമണിക്കൂറിനകം ഇതലിഞ്ഞു. രണ്ടാമത്തെ പൊളിക്കലിലും ഇതേനിലയിലാണ് പൊടിയുണ്ടായിരുന്നത്. എന്നാൽ ഇവിടെ തവിട്ടുനിറം കൂടെ കൂട്ടിനുണ്ടായിരുന്നു. മനുഷ്യശരീരത്തിന് കൂടുതൽ ഹാനികരമായേക്കാവുന്ന പൊടിപടലങ്ങൾ കൂടുതലുണ്ടായതും അവസാനത്തെ പൊളിക്കലിലാണ്. ഇവിടെ കിഴക്ക്, വടക്കുകിഴക്ക് ഭാഗത്തേക്കാണ് ശക്തമായ കാറ്റുണ്ടായിരുന്നത്. കായലിലേക്ക് പൊടിയും ചെറിയഭാഗങ്ങളും വീണെങ്കിലും കെട്ടിടഭാഗങ്ങളൊന്നും വീണില്ല. പൊടിയുടെയും ശബ്ദത്തിന്റെയും സ്വഭാവവും അതുണ്ടാക്കാവുന്ന ഭവിഷ്യത്തും ബോർഡ് വിശദമായി പഠിക്കുമെന്ന് ചീഫ് എൻവയോൺമെന്റൽ എൻജിനിയർ എം.എ. ബൈജു പറഞ്ഞു. അവശിഷ്ടങ്ങൾ നീക്കംചെയ്യുമ്പോൾ മലിനീകരണം പരമാവധി കുറയ്‌ക്കാൻ ശ്രദ്ധിക്കണമെന്ന് കരാറുകാർക്ക് നിർദേശവും നൽകിയിട്ടുണ്ട്.

Content Highlights: maradu flat demolition jain coralcave sound