കൊച്ചി: തകർന്ന ഗെയിറ്റ്... കവാടത്തിൽ സ്ഥാപിച്ചിരുന്ന ബോർഡിലെ ഹോളിഫെയ്ത്തിലെ ‘ഫെയ്ത്ത്’ സ്ഫോടനത്തിൽ ഇളകിത്തെറിച്ചിരിക്കുന്നു. തൊട്ടപ്പുറം പുറത്തേക്ക് വീണുകിടക്കുന്ന കോൺക്രീറ്റ് പാളികൾ. ശ്മശാനഭൂമിപ്പോലെയായി മരട് ഹോളിഫെയ്ത്ത് ഫ്ലാറ്റ് നിലനിന്നിരുന്ന പരിസരം. അന്തരീക്ഷത്തിൽ ഇപ്പോഴും പൊടിപടലങ്ങൾ പറക്കുന്നു.

ഫ്ലാറ്റ് പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ നീക്കാനായി മൂന്ന് മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. മറ്റവശിഷ്ടങ്ങളും എത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.

അവശിഷ്ടങ്ങൾ നീക്കുമ്പോൾ പൊടിശല്യം കൂടുമെന്ന ഭീഷണിയിലാണ് സമീപവാസികൾ. വീടുകൾ വൃത്തിയാക്കുന്ന ജോലിയിലാണ് പരിസരത്തെ വീട്ടുകാർ. ചിലരാകട്ടെ ഇപ്പോഴും വീടുകളിലേക്ക് താമസംമാറിയിട്ടില്ല. പ്രദേശത്തെ പൊടിശല്യം തന്നെയാണ് ഭൂരിഭാഗം വീട്ടുകാർക്കും പറയാനുള്ള പരാതി. അധികൃതരെത്തി ശനിയാഴ്ച രാത്രി റോഡ് പരിസരത്ത് വെള്ളം നനച്ചിരുന്നു. അതിനാൽത്തന്നെ പൊടി ഒന്ന് അടങ്ങിയതാണ്. എന്നാൽ ഞായറാഴ്ച ഉച്ചയോടെ വീണ്ടും രൂക്ഷമായി.

തേവര-കുണ്ടന്നൂർ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതോടെ വലിയ അളവിൽ പൊടിവരുന്നെന്നാണ് പരിസരവാസികൾ പറയുന്നത്. അതേസമയം പരിസരത്തെ വീടുകളിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തതിൽ കൂടുതൽ ക്ഷതമൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

പൊളിഞ്ഞുകിടക്കുന്ന ഹോളിഫെയ്ത്ത് കാണാനും ഫോട്ടോയെടുക്കാനുമായി എത്തുന്നവരുടെ എണ്ണത്തിൽ ഞായറാഴ്ചയും കുറവില്ല. ഫ്ലാറ്റ് പരിസരത്തെത്തി ചുറ്റുപാടും നടന്ന് അവശിഷ്ടങ്ങൾ വീക്ഷിക്കുകയാണ് നല്ലൊരുവിഭാഗം ആളുകൾ. കായലിലേക്ക് മാലിന്യം വീണോയെന്ന് പരിശോധിക്കുന്നവരെയും കാണാം. തേവര-കുണ്ടന്നൂർ പാലത്തിനുമുകളിൽ വാഹനങ്ങൾ നിർത്തിയിട്ട് ഫോട്ടോയെടുക്കുന്ന ജോലി പതിവുപോലെ തുടരുന്നു. ഏതാനും പോലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും ഇവിടെ ഡ്യൂട്ടിയിലുണ്ട്.

Content Highlights: maradu flat demolition holyfatith h2o