കൊച്ചി: അവസാന ഉറക്കത്തിന് കാത്തിരുന്നതുകൊണ്ട് ഉണർന്നു എന്ന് പറയാനാകില്ല. ഞായറാഴ്ച നേരംവെളുത്തപ്പോഴേ എനിക്കുചുറ്റും ആളനക്കംതുടങ്ങി. ആരൊക്കയോ ചുറ്റും നടക്കുന്നു. നീലയും ചുവപ്പും കലർന്ന കുപ്പായവും തൊപ്പിയും ധരിച്ചവർ. അവരിൽ ആരുടെയോ കൈകളിലാണ് എന്റെ ജീവന്റെ സ്വിച്ച്. അതിൽ വിരൽതൊടുമ്പോൾ ഞാൻ അവസാനിക്കും.

എനിക്കിനി നാലുമണിക്കൂറുകളേയുള്ളൂ. പടിഞ്ഞാറേക്ക് നോക്കി. ആൽഫ സെറീനുണ്ടായിരുന്ന ഇടത്ത് തവിട്ടുനിറമുള്ള ഒരു കൂന. ഹോളിഫെയ്ത്തിന്റെ കാഴ്ച വ്യക്തമല്ല. ചാരം ബാക്കികാണുമായിരിക്കും. കുണ്ടന്നൂർപാലത്തിലൂടെ പോകുന്നവരിൽ ചിലർ രണ്ടിടത്തേക്കും നോക്കുന്നുണ്ട്. ഏറെപ്പേരും എന്നിലേക്കാണ് കണ്ണയക്കുന്നത്. ശ്മശാനം കാണാൻ ആർക്കാണ് ആഗ്രഹം. ആസന്നമരണർക്ക് അടുത്തായിരിക്കുമല്ലോ കാഴ്ചക്കാർ.

മരണമെത്തുന്ന നേരത്താണ് ഇന്നലെകൾ പ്രിയപ്പെട്ടതാകുന്നത്. എന്റെ പതിനേഴുനിലകളിൽ സ്ഥിരമായി പാർത്തിരുന്നത് 28 കുടുംബങ്ങളാണ്. ആകെയുള്ള 122 പാർപ്പിടങ്ങളിൽ വിൽക്കാനായത് 73 എണ്ണം മാത്രം. താമസക്കാരല്ലാത്തവർ വല്ലപ്പോഴും വിരുന്നുകാരെപ്പോലെ അവർ വാങ്ങിയിട്ട ഇടങ്ങളിൽ വന്നുപോയിക്കൊണ്ടിരുന്നു.

അവരുടെയൊക്കെ വിയർപ്പിന്റെ മണമുണ്ട് ഇപ്പോൾ വെളുത്തതുണി പുതച്ചുനിൽക്കുന്ന എനിക്ക്. കടംവാങ്ങിയും മിച്ചംപിടിച്ചും വെച്ച സന്പാദ്യമായിരുന്നു എന്റെ ഉള്ളകങ്ങൾ. സ്വന്തമല്ലാത്ത തെറ്റിന് ഇവിടെനിന്ന് ഇറങ്ങിപ്പോകുമ്പോൾ അവരെല്ലാം കരയുന്നത് ഞാൻ കണ്ടിരുന്നു. വെടിമരുന്ന് മണക്കുന്നതിനുമുമ്പ് ആ കണ്ണീരിൽ ഞാൻ നനഞ്ഞിരുന്നു. അവരൊക്കെ ഇപ്പോൾ എവിടെയായിരിക്കും? എന്റെ മരണം അവർ കാണുന്നുണ്ടാകുമോ? അതോ കണ്ണടച്ചിരിക്കുകയായിരിക്കുമോ?

എന്നെപ്പോലെ മണ്ണടിയാൻ വിധിക്കപ്പെട്ട മറ്റ് നാലിടങ്ങളും കണ്ട കാഴ്ചകൾ എത്രയെത്ര! ജനനത്തിന്റെ കൈകാൽ കുടച്ചിലുകൾ, മരണത്തിന്റെ വാവിട്ടനിലവിളികൾ, സന്തോഷത്തിന്റെ കെട്ടിപ്പിടിത്തങ്ങൾ, കറുത്തമുഖങ്ങൾ, െവളുത്ത ചിരികൾ, ഉമ്മകൾ, ഉന്മാദങ്ങൾ, ഉറക്കച്ചടവുകൾ, പിണക്കങ്ങൾ, പരിഭവങ്ങൾ... അങ്ങനെയൊക്കെയാണ് വെറും കോൺക്രീറ്റ് നിർമിതികളായ ഞങ്ങളും മനുഷ്യരായത്. ഇപ്പോൾ ഉള്ളിലൊരു ഹൃദയമുണ്ട് എനിക്കും.

ഞാൻ വലിയൊരു തെറ്റായിരുന്നുവെന്ന് നീതിപീഠം പറയുന്നു. ആയിരിക്കാം. പക്ഷേ, ഞാനെന്തുപിഴച്ചു? പ്രകൃതിയെകൊന്നുകൊണ്ട് എന്നെയെന്തിന് ജനിപ്പിച്ചു? എന്തിനാണ് എനിക്ക് പവിഴമെന്ന് പേരിട്ടത്?

ഇപ്പോൾ ചുറ്റും ഒരുപാടൊരുപാട് കണ്ണുകൾ. അവർക്കുനടുവിൽ അസ്ഥികൂടംമാത്രമായി ഞാൻ. വലിയ ചതുരങ്ങളിലൂടെ ചെറുതായി ഞാൻ ആകാശം കാണുന്നു. ഓർക്കുക, ഞാൻ ആകാശത്തെ ചുംബിച്ചുനിൽക്കുന്നുവെന്ന് ഒരിക്കൽ നിങ്ങൾ പറഞ്ഞിരുന്നു.

സമയം പതിനൊന്നുമണിയാകുന്നു. ഇനി ഏതുനിമിഷവും എന്റെ വിധിയെഴുതപ്പെടാം. കായലുമാത്രം എന്റെ അരികിലുണ്ട്. ഇതാ... എന്റെ നെഞ്ചിനുള്ളിലേക്ക് ചുവന്ന ധമനികൾപോലെ എന്തോ ഒന്ന് കയറിവരുന്നു. വൈദ്യുതി എന്നെ ആലിംഗനംചെയ്യുകയാണ്...നെഞ്ചകം പൊട്ടുന്നു...വിട... ഇനി ഞാൻ മണ്ണിലുറങ്ങട്ടെ...

Content Highlights: Maradu Flat Demolition, Coral Kove