കൊച്ചി: തീരദേശപരിപാലനനിയമം ലംഘിച്ചതിന്റെ പേരിൽ സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് പൊളിച്ച മരടിലെ ഫ്ലാറ്റിന്റെ നിർമാതാക്കൾ താമസക്കാർക്ക് നഷ്ടപരിഹാരമായി നൽകേണ്ട 115.04 കോടി ഇതുവരെ കൈമാറിയിട്ടില്ല. ജനുവരി 11- ന് ഫ്ലാറ്റുകൾ പൊളിച്ചിട്ട് ഒരു വർഷമാകും. സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ കമ്മിറ്റിയാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.

നഷ്ടപരിഹാരമായി ഗോൾഡൻ കായലോരം ഫ്ലാറ്റിന്റെ നിർമാതാക്കൾ 2.89 കോടിയും ജയിൻ ഹൗസിങ് കൺസ്ട്രക്‌ഷൻ രണ്ടുകോടിയും ആദ്യം നൽകിയിരുന്നു. മറ്റ് രണ്ട് നിർമാതാക്കളും ഒരു തുകയും നൽകിയിട്ടില്ല. നഷ്ടപരിഹാരത്തുക കൈമാറില്ലെന്ന നിലപാടിലാണ് നിർമാതാക്കളിപ്പോൾ. ഇതിനായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് അവർ.

ഫ്ലാറ്റ് പൊളിക്കുന്നതിന് മുൻപ് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ താമസക്കാർക്ക് സംസ്ഥാന സർക്കാർ 25 ലക്ഷം വീതം നൽകിയിരുന്നു. ഇതിന് പുറമേ 52.79 കോടികൂടി ഫ്ലാറ്റുകളിലെ 244 താമസക്കാർക്കായി നൽകണമെന്നാണ് ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അനധികൃത നിർമാണത്തിന് കാരണം സർക്കാരാണെന്നും അതിനാൽ സർക്കാരാണ് താമസക്കാർക്ക് നഷ്ടപരിഹാരം നൽകേണ്ടതെന്നുമാണ് ഫ്ലാറ്റ് നിർമാതാക്കളുടെ നിലപാട്.

താമസക്കാർക്ക് നൽകാനുള്ള തുക ഇങ്ങനെ (ആദ്യം സർക്കാർ നൽകിയ 25 ലക്ഷത്തിന് പുറമേ)

ഫ്ലാറ്റ് താമസക്കാരുടെ എണ്ണം നൽകേണ്ട തുക

  • ആൽഫ സെറിൻ 64 22.81 ലക്ഷം വീതം
  • ഗോൾഡൻ കായലോരം 35 11.77 ലക്ഷം
  • ഹോളി ഫെയ്ത്ത് എച്ച്.2.ഒ. 83 25.34 ലക്ഷം
  • ജെയിൻ കോറൽ കോവ് 62 21.03 ലക്ഷം