കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിച്ചപ്പോൾ അവശിഷ്ടങ്ങൾ കുന്നുകൂടാതിരുന്നതിനു കാരണം മികച്ച നിയന്ത്രണ സ്ഫോടന രീതി ഉപയോഗിച്ചതിനാലെന്ന് വിലയിരുത്തൽ. അവശിഷ്ടം പരമാവധി പൊടിഞ്ഞാണ് വീണത്.

ഒരു നില വീഴുമ്പോൾ ശരാശരി ഒരു മീറ്റർ ഉയരത്തിൽ അവശിഷ്ടമുണ്ടാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. 20 നിലകളുള്ള ഫ്ലാറ്റായ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. യുടെ അവശിഷ്ടം 20 മീറ്ററോളം(ആറു നിലയോളം) വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും 14 മീറ്ററെ (നാല് നിലയോളം) വന്നുള്ളൂ. ഏറ്റവും ഉയരത്തിൽ കോൺക്രീറ്റ് മാലിന്യം ഉയർന്നതും ഇവിടെയാണ്. ഓരോ സ്ഥലത്തെയും കോൺക്രീറ്റ് അവശിഷ്ടങ്ങളുടെ അന്തിമ കണക്ക് ഇങ്ങനെയാണ്: പ്രതീക്ഷിക്കപ്പെട്ടത് ബ്രാക്കറ്റിൽ.

ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.-14 മീ. (19-20 മീ.)

ഗോൾഡൻ കായലോരം-9.5 മീ. (10 മീ.)

ജെയിൻ കോറൽകോവ്-12.5 മീ. (20-21 മീ.)

ആൽഫ സെറീൻ-2-11മീ. (15-16 മീ.)

ആൽഫ സെറീൻ-1-12 മീ. (16-17മീ.)

ഏറ്റവും വലിയ ഫ്ലാറ്റായ ജെയിൻ കോറൽകോവിൽ ഏഴ് നിലയോളം ഉയരത്തിലാണ് അവശിഷ്ടം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, നാലു നിലയോളമെ വന്നുള്ളൂ. ഇവിടെ സ്ഫോടനം നടത്തിയ എഡിഫിസ് എൻജിനീയറിങ്ങിന്റെ മികവാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പരമാവധി പൊടിച്ചുവീഴ്ത്തിയെങ്കിലും കായലിന് മൂന്നു മീറ്റർ അകലെ വരെയെ അവശിഷ്ടം എത്തിയുള്ളൂ. വിജയ് സ്റ്റീൽസ് സ്ഫോടനം നടത്തിയ ആൽഫയിൽ കൂടുതൽ നിലകളിൽ വെടിമരുന്ന് നിറച്ച് പരമാവധി പൊടിച്ചാണ് വീഴ്ത്തിയത്. സമീപ വീടുകളിലേക്കുള്ള ആഘാതം കുറയ്ക്കാനായിരുന്നു ഇത്. അഞ്ച് നിലയോളം അവശിഷ്ടം പ്രതീക്ഷിച്ചെങ്കിലും കഷ്ടിച്ച് നാല് നിലയോളമെ വന്നുള്ളൂ. ഗോൾഡൻ കായലോരത്തിൽ കണക്കുകൂട്ടൽ മിക്കവാറും കൃത്യമായി.

ഡിറ്റണേറ്റിങ് ഫ്യൂസ് കൂട്ടിയത് നേട്ടമായി

എമൽഷൻ സ്ഫോടകവസ്തുവിന്റെ അളവ് കുറച്ച് ഡിറ്റണേറ്റിങ് ഫ്യൂസ് കൂട്ടിയതും മികച്ച സ്ഫോടന രീതിയുമാണ് അവശിഷ്ടങ്ങൾ കുന്നുകൂടാതിരിക്കാൻ കാരണമെന്ന് പെസോ (പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ) െഡപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്‌പ്ലോസീവ്‌സ് ഡോ. ആർ. വേണുഗോപാൽ പറഞ്ഞു. സ്ഫോടകവസ്തു ജ്വലിപ്പിക്കുന്ന സാധനമാണ് ഡിറ്റണേറ്റിങ് ഫ്യൂസ് (ഡി.എഫ്.). സ്ഫോടന ശക്തിയുമുണ്ട്. ആൽഫയിലാണ് ഇത് ഏറ്റവും പ്രകടമായത്. ശബ്ദം കൂടിയെങ്കിലും അവശിഷ്ടം പരമാവധി പൊടിഞ്ഞു.

Content Highlights: maradu flat demolition