കൊച്ചി: തീരദേശനിയമം ലംഘിച്ച് പണിത ഫ്ളാറ്റുകൾ പൊളിച്ച മരടിൽ പൊടി അതിരൂക്ഷ പ്രശ്നമായി തുടരുന്നു. ഫ്ളാറ്റുകൾ വീണുകിടക്കുന്ന സ്ഥലങ്ങളുടെ പരിസരത്ത് ജനജീവിതം സാധാരണനിലയിലാകാൻ ഇനിയും ദിവസങ്ങളെടുക്കും.

ചെയർപേഴ്‌സണെ ഉപരോധിച്ചു

പൊടിശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. പരിസരത്ത് താമസിക്കുന്നവർ തിങ്കളാഴ്ച രാവിലെ പത്തുമുതൽ നഗരസഭാ ചെയർപേഴ്‌സൺ ടി.എച്ച്. നദീറയെ ഓഫീസിൽ ഉപരോധിച്ചു. പൊടിശല്യം കുറയ്ക്കാൻ എത്രയും വേഗം വെള്ളം തളിച്ച് നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. ആൽഫ സെറീനിന്റെ തൊട്ടടുത്തുള്ള വീടുകളിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. പിഴുതുമാറ്റിയ പോസ്റ്റുകൾ ചൊവ്വാഴ്ച നാട്ടിയേക്കും. ആൽഫ പരിസരത്ത് ചൊവ്വാഴ്ച മെഡിക്കൽ ക്യാമ്പ് നടക്കുന്നുണ്ട്.

മാലിന്യനീക്കം

അവശിഷ്ടങ്ങൾ നീക്കുന്ന ജോലി തുടങ്ങിയിട്ടില്ല. മണ്ണുമാന്തി യന്ത്രങ്ങൾ എത്തിയിട്ടുണ്ട്. പൊടി ശമിപ്പിക്കാൻ വെള്ളം തളിച്ച ശേഷമേ ജോലികൾ തുടങ്ങാനാകൂ. അല്ലെങ്കിൽ സ്ഥിതി രൂക്ഷമാകും. ചൊവ്വയോ ബുധനോ ജോലി തുടങ്ങിയേക്കും. അവശിഷ്ടങ്ങളിലെ കമ്പി, പൊളിക്കൽ ഏജൻസിക്കുള്ളതാണ്. ബാക്കിയുള്ളത് കൊണ്ടുപോകേണ്ടത് സ്വകാര്യ കമ്പനിയാണ്.

അങ്കണവാടി

ഗോൾഡൻ കായലോരത്തിനു തൊട്ടടുത്തുള്ള അങ്കണവാടിക്ക് കാര്യമായ തകരാറൊന്നും സംഭവിച്ചില്ലെങ്കിലും ഉടനെ ഇവിടെ ക്ലാസ് തുടങ്ങില്ല. അവശിഷ്ടങ്ങൾ നീക്കുന്നതുവരെ അങ്കണവാടി മറ്റൊരിടത്തേക്കു മാറ്റും.

മരട് ശാന്തം

കേരളം മുഴുവൻ ഉറ്റുനോക്കിയ രണ്ടു ദിവസങ്ങൾക്കുശേഷം മരട് തിങ്കളാഴ്ച ശാന്തമായിരുന്നു. സമീപവാസികൾ ഒഴികെയുള്ളവർ സാധാരണജീവിതത്തിലേക്കു മടങ്ങി. അവശിഷ്ടങ്ങളുടെ കൂന കാണാൻ ഇപ്പോഴും ആളുകളെത്തുന്നുണ്ട്. പൊളിക്കലിനു നേതൃത്വംനൽകിയ ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും വിശ്രമത്തിലായിരുന്നു. സ്ഫോടനത്തിനു നേതൃത്വം നൽകിയവർ മടങ്ങിത്തുടങ്ങി.

സ്ഥലം വീണ്ടെടുക്കാൻ നടപടി

ഫ്ളാറ്റുകൾ പൊളിച്ചെങ്കിലും സ്ഥലം വീണ്ടെടുക്കാൻ പഴയ ഫ്ളാറ്റുടമകൾ നടപടി തുടങ്ങി. സ്ഥലത്തിന് നിയമപ്രശ്നമില്ലാത്തതിനാൽ ഇത് ഉപയോഗിക്കാനാണ് ആലോചന. അവശിഷ്ടം നീക്കുന്നതോടെ തുടർനടപടികളുണ്ടാകും. നിയമവിദഗ്ധരുമായി ചർച്ച തുടങ്ങി.

എതിർപ്പുമായി അരൂരും എഴുപുന്നയും

കോൺക്രീറ്റ് അവശിഷ്ടങ്ങൾ എഴുപുന്ന പഞ്ചായത്തിലെ പഴയ പാലത്തിനു സമീപമുള്ള യാർഡിലും അരൂരിലെ യാർഡിലുമായി സംസ്കരിക്കാനായിരുന്നു നീക്കം. മാലിന്യനീക്കം ഏറ്റെടുത്ത കമ്പനി അതിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. ഇവിടെയെത്തിച്ച് മാലിന്യം പൊടിച്ച് എംസാൻഡ് ആക്കാനായിരുന്നു നീക്കം.

എന്നാൽ, മാലിന്യം ഇവിടങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നത് വലിയ പൊടിശല്യവും അതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കും എന്നുകാണിച്ച് പരാതികളുയർന്നു. യാർഡുകളിൽ മാലിന്യം കൊണ്ടുവന്നു തള്ളുന്നത് തടഞ്ഞുകൊണ്ട് അരൂർ, എഴുപുന്ന പഞ്ചായത്തുകൾ സ്റ്റോപ് മെമ്മോ നൽകിയിരിക്കുകയാണ്. മാലിന്യനീക്കം ഏറ്റെടുത്തിട്ടുള്ള കമ്പനി വേറെയും സ്ഥലങ്ങൾ അന്വേഷിക്കുകയാണ്.

Content Highlights: Maradu Flat Demolition