കൊച്ചി: ഗോൾഡൻ കായലോരം മണ്ണിലമരുമ്പോൾ ആശങ്കയുടെ പൊടിപടലങ്ങൾക്കിടയിലായിരുന്നു സമീപത്തെ അങ്കണവാടി.

ഫ്ളാറ്റ് പൊളിക്കുമ്പോൾ വെല്ലുവിളിയായി മുന്നിലുണ്ടായിരുന്ന അങ്കണവാടി കെട്ടിടം സുരക്ഷിതമാകുമോയെന്നതായിരുന്നു എല്ലാവരുടെയും സംശയം. എന്നാൽ കെട്ടിടത്തിന്റെ വശങ്ങളിലായുള്ള ജനാലച്ചില്ലുകൾ പൊട്ടിയതൊഴിച്ചാൽ കെട്ടിടത്തിന് തകരാറൊന്നുമില്ല.

സുരക്ഷാപരിശോധന നീണ്ടതുമൂലം അരമണിക്കൂർ വൈകിയാണ് ഫ്ളാറ്റ് പൊളിച്ചത്. വൈകിയെത്തിയ ഒന്നാമത്തെ സൈറൺ മുഴങ്ങിയത് 1.56-നാണ്. 2.19-ന് രണ്ടാമത്തെ സൈറണും പിന്നാലെയെത്തി. 2.30-ന് മൂന്നാമത്തെ സൈറൺ മുഴങ്ങി കുറച്ച് സെക്കന്റുകൾക്ക് ശേഷമാണ് കെട്ടിടം നിലംപൊത്തിയത്. അങ്കണവാടി കെട്ടിടത്തിന്റെ സുരക്ഷയെക്കരുതി വ്യത്യസ്തമായ രീതിയിലാണ് ഗോൾഡൻ കായലോരം പൊളിച്ചുനീക്കിയത്.

ഫ്ളാറ്റിന്റ ഭൂരിഭാഗം ചുമരുകളും നേരത്തേ നീക്കം ചെയ്തിരുന്നു. കൂടാതെ ജിയോ ടെക്‌സ്‌റ്റൈൽ ഷീറ്റുകൾ ഉപയോഗിച്ച് ഭാഗങ്ങൾ മറിച്ചിരുന്നു. ഫ്ളാറ്റിന്റെ ചുറ്റുമുള്ള സ്ഥലത്തിന് വിസ്തൃതി കുറവായതാണ് അങ്കണവാടി സുരക്ഷയ്ക്ക് വെല്ലുവിളിയായത്. തകർന്ന ഫ്ളാറ്റിന്റെ അവശിഷ്ടങ്ങൾ കായലിലേക്ക്‌ വീണിട്ടില്ല. അങ്കണവാടിക്കും കായലിനും ഇടറോഡിന് സ്‌ഫോടനത്തിനുശേഷം വിള്ളൽ വീണിട്ടുണ്ട്. കായലിന് അരികത്തായുള്ള കൽക്കെട്ട് ഒരുവശത്തേയ്ക്ക് ഇടിഞ്ഞിട്ടുമുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ നീക്കംചെയ്തശേഷം അങ്കണവാടി പ്രവർത്തനമാരംഭിക്കും.

Content Highlights: Maradu Flat Demolition