കൊച്ചി: ഓർമകളാണ് ഓരോ വീടും. കല്ലുംമണ്ണും കൊണ്ടല്ല, കൂട്ടിവെച്ച കുറെ സ്വപ്‌നങ്ങൾ കൊണ്ടാണ് അതുപണിയുന്നത്. അസ്തിവാരം മുതൽ മകുടം വരെ കണ്ണീരും പിടിയരിയുംകൊണ്ടാണ് നിർമിക്കുന്നത്. ജീവിതത്തിലെ എല്ലാ സമ്പാദ്യവുമാണ് മനുഷ്യന് ഒരുവീട്. പറന്നുതളരുമ്പോൾ ചേക്കേറാനുള്ള ചില്ല. ചിറകു കുടഞ്ഞുണരാനൊരു പൊരുന്നക്കൂട്. എരിഞ്ഞടങ്ങാനുള്ള ചിത. സ്നേഹവും കരുതലും കണ്ണീരും കലഹങ്ങളും പങ്കുവെക്കാനുള്ള കുഞ്ഞുലോകം.

മരടിലെ തകർന്നുവീഴുന്ന സ്വപ്നക്കൂടാരങ്ങൾക്കുമുന്നിൽ നിൽക്കെ എന്നെ പിടിച്ചുകുടഞ്ഞ ചിന്തകളാണിവ. ഞാനറിയാത്ത ഒരുവിഷാദം എന്നെ വന്നുമൂടി. ആരുംനിയമത്തിന് അതീതരല്ലെന്നു വിശ്വസിക്കുമ്പോഴും അർഹിക്കുന്ന ശിക്ഷയാണിതെന്നു വാദിക്കുമ്പോഴും ആ കാഴ്ച എന്നെ അടിമുടി ഉലച്ചു. നിയമലംഘകർക്കു ശിക്ഷകിട്ടുന്നതു കാണാനും പകർത്താനും ഉത്സാഹത്തോടെ വന്ന ഞാൻ അജ്ഞാതരായ ഏതൊക്കെയോ മനുഷ്യർ ചേക്കേറിയിരുന്ന കിളിക്കൂടുകൾ നിമിഷാർധത്തിൽ പൊട്ടിച്ചിതറുന്ന കാഴ്ചകണ്ട് തളർന്നുപോയി. ഞാനും എന്റെ മക്കളും പിച്ചവെച്ച വീട് എന്നെ പിൻവിളി വിളിക്കുന്നതുപോലെ അപ്പോൾ എനിക്കുതോന്നി...

മരടിലെ ഫ്ളാറ്റുകൾക്കഭിമുഖമായി അതിനോളം തലപ്പൊക്കത്തിൽ നിൽക്കുന്ന മറ്റൊരു ഫ്ളാറ്റിലായിരുന്നു ഞാൻ. മാതൃഭൂമിയിലെ സഹപ്രവർത്തകർക്കൊപ്പം തത്സമയ റിപ്പോർട്ടിങ്ങിന്റെ ആവേശവും ജോലികളും പങ്കിട്ടുകൊണ്ട്. ചരിത്രനിമിഷം പകർത്താനുള്ള ആവേശത്തിൽ. ട്രൈപ്പോഡ് സെറ്റ് ചെയ്ത്, സൂം ചെയ്ത ക്യാമറയിലൂടെ നോക്കി ആംഗിളും ഫ്രെയിമും ഉറപ്പിച്ചുള്ള കാത്തുനിൽപ്പ്..

അകലങ്ങളെ ഇല്ലാതാക്കുന്ന ലെൻസിലൂടെ നോക്കിനിൽക്കെ തെളിഞ്ഞുവന്ന ദൃശ്യങ്ങൾ ക്രമേണ എന്നെ അലട്ടാൻതുടങ്ങി. അകാരണമായ ഒരു വേദനയും സംഘർഷവുമായിരുന്നു അത്. ഞാൻ കണ്ടിട്ടില്ലാത്ത ആരുടെയോ വീടുകളാണിവ. അവരെനിക്ക് ആരുമല്ല. എന്നാൽ, അവരുടെ മുഖങ്ങൾ മുന്നിൽ നിരക്കുന്നതുപോലെ. അവരുടെ അദൃശ്യമായ നിലവിളികൾ കേൾക്കുന്നതുപോലെ. എന്റെ തലമുറയ്ക്ക് വീട് ഒരു സ്വപ്‌നമായിരുന്നു. എത്രയോ അമ്മമാരുടെ ത്യാഗവും പിടിയരിയും അച്ഛന്മാരുടെ ചോരയും വിയർപ്പുമായിരുന്നു ഓരോ വീടും. ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷേ അതിന്റെ സങ്കടവും സന്തോഷവും അതേ അളവിൽ അറിയണമെന്നില്ല.

ഘടികാരങ്ങൾ കൗണ്ട്ഡൗണിന്റെ അവസാനലാപ്പിലേക്കു പ്രവേശിച്ചതോടെ ഹൃദയമിടിപ്പ് ഉച്ചത്തിലാവുന്നതുപോലെ... മൂന്നാമത്തെ സൈറൺ മുഴങ്ങിയപ്പോൾ അതു പാരമ്യത്തിലായി. കൈകൾ വിറച്ചും വിയർത്തും നിന്ന എനിക്ക് ട്രൈപ്പോഡിൽ സെറ്റ് ചെയ്തതുകൊണ്ടു മാത്രമാണ് ക്യാമറ ക്ലിക്ക് ചെയ്യാൻ കഴിഞ്ഞത്. എന്നാൽ അടുത്ത ഫ്ളാറ്റ് തകരുന്നത് പകർത്താൻ എനിക്കുസാധിച്ചില്ല. കൂടെയുണ്ടായിരുന്ന മകളാണ് എനിക്കുവേണ്ടി അതു പകർത്തിയത്.

അസ്വസ്ഥമായ ഒന്നാംരാത്രിക്കുശേഷം രണ്ടാംപകൽ വീണ്ടും അതേ ദൗത്യത്തിനിറങ്ങി. മാധ്യമലോകത്ത് വൈകാരികതയ്ക്ക് ഇടമില്ലല്ലോ. അനിവാര്യത ബോധ്യപ്പെട്ടതുകൊണ്ടുമാവാം, നാലാമത്തെ ഫ്ളാറ്റ് വീഴുമ്പോഴേക്കും മനസ്സ് പാകപ്പെട്ടുകഴിഞ്ഞിരുന്നു. ഓരോ തവണയും യാന്ത്രികമായാണെങ്കിലും ക്യാമറയിൽ വിരലമർത്താനും കൂടുതൽ മികച്ച ദൃശ്യങ്ങൾക്കുവേണ്ടി ക്യാമറ ചലിപ്പിക്കാനും എങ്ങിനെയോ സാധിച്ചു. മാതൃഭൂമിയിലെ ക്യാമറാമാന്മാർക്കൊപ്പം അവരിലൊരാളായിനിന്ന് അവസാന നിമിഷംവരെ ജോലിചെയ്ത് അവസാന ഫ്ളാറ്റും മണ്ണടിയുന്നതു പകർത്തിയശേഷമേ മടങ്ങിയുള്ളൂ. അപ്പോഴും ഉത്തരംകിട്ടാത്ത ചോദ്യമായി മനസ്സിൽ അജ്ഞാതരായ കുറെ മനുഷ്യരുടെ നെഞ്ചിടിപ്പുകൾ ബാക്കിനിന്നു. അവരിപ്പോൾ എവിടെയായിരിക്കും? അവരീ കാഴ്ചകളെ എങ്ങിനെയാവും നെഞ്ചിൽ പകർത്തിയിരിക്കുക? അവരുടെ കുഞ്ഞുങ്ങളോടും അമ്മമാരോടും എന്താവും പറയുന്നുണ്ടാവുക? കണ്ണീർമുട്ടിയ അവരുടെ കണ്ണുകളെ ഏതു സൂം ലെൻസുകൊണ്ടാണ് നാം പകരംവെക്കുക?

ഒരു നിയമലംഘനത്തെയും വൈകാരികതകൊണ്ട് സാധൂകരിക്കാനാവില്ല എന്നറിയാം. തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടുകതന്നെ വേണം. എന്നാൽ ചില ഉത്തരവാദിത്വങ്ങൾ നിയമത്തിനും സമൂഹത്തിനുമുണ്ട് എന്നതും മറന്നുകൂടാ. കാൽച്ചുവട്ടിൽ ഭൂമി കുറഞ്ഞുവരുന്ന ഈ ലോകത്ത് മനുഷ്യന് ആകാശത്തേക്കു മാത്രമേ സ്വപ്‌നങ്ങളായാലും സൗധങ്ങളായാലും കെട്ടിയുയർത്താൻ സാധിക്കുകയുള്ളൂ. അതു നശിപ്പിക്കാനെളുപ്പമാണ്. നിർമിക്കാൻ പക്ഷേ ഉൾക്കരുത്തും ആഗ്രഹവും ഇച്ഛാശക്തിയും വേണം. സംരക്ഷിക്കേണ്ടത് നമുക്ക് നിയമത്തെ മാത്രമല്ല, മനുഷ്യരെയുമാണ്. അവരുടെ സ്വപ്‌നങ്ങളെയും സമ്പാദ്യത്തെയുമാണ്. കെട്ടിടങ്ങളെ തകർക്കാം, പൊളിച്ചുമാറ്റാം. പക്ഷേ, മനസ്സുകളെ തകർക്കരുത്.. സ്വപ്‌നങ്ങളെ ഇല്ലാതാക്കരുത്.

Content Highlights: Maradu Flat demolition