കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ സ്ഫോടനം ഉപയോഗിക്കില്ല. യന്ത്രവത്കൃതമായി പൊളിക്കുന്നതിനാണ് മുൻഗണന. ഇതിന് കൂടുതൽ സമയം വേണ്ടിവന്നേക്കാം. എന്നാൽ, സമീപത്തെ ഒഴിപ്പിക്കൽ, കുറഞ്ഞ മലിനീകരണം എന്നിവ അനുകൂല ഘടകങ്ങളാണെന്ന് ഫ്ലാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള ഫോർട്ട്‌കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു.

പൊളിക്കാൻ ആറ് കമ്പനികളെ ഷോർട്ട്‌ ലിസ്റ്റ് ചെയ്തിട്ടുണ്ട്. താത്‌പര്യം പ്രകടിപ്പിച്ച 15 കമ്പനികളിൽ പത്തുപേരെ പൊളിക്കൽ രീതി അവതരിപ്പിക്കാൻ വ്യാഴാഴ്ച നഗരസഭയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. നിയന്ത്രിത സ്ഫോടനം മുതൽ യന്ത്രമുപയോഗിച്ച് പൊളിക്കൽ വരെയാണ് ഇവർ അവതരിപ്പിച്ചത്. ഇതിൽ ആറു കമ്പനികളാണ് തുക ക്വാട്ട് ചെയ്തിരുന്നത്. ഇവരെ ഷോർട്ട്‌ ലിസ്റ്റ് ചെയ്യുകയായിരുന്നു. പൊളിക്കലിന് എത്ര തുകയാകുമെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അഞ്ച് ടവറുകളും പൊളിക്കാൻ ഒരു കമ്പനിയെ ഏൽപ്പിക്കണോ അതോ വ്യത്യസ്ത കമ്പനികളെ ഏൽപ്പിക്കണോ എന്ന് സർക്കാരുമായി ആലോചിച്ച് തീരുമാനിക്കും. ഒക്ടോബർ ഒമ്പതുവരെ ഇതിന് സമയമുണ്ടെന്ന് സബ് കളക്ടർ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ: കൂടുതൽ സുരക്ഷിതമായ മാർഗം എന്ന നിലയിലാണ് യന്ത്രമുപയോഗിച്ച പൊളിക്കലിന് മുൻഗണന നൽകിയത്. 35-50 മീറ്റർ ഉയരം വരെ ക്രെയിൻ എത്തിച്ച് പൊളിക്കും. അതിനു മുകളിലുള്ളത് കൈകൊണ്ട് പൊളിക്കാനാണ് ആലോചിക്കുന്നത്. ഇതിന് കൂടുതൽ സമയം വേണ്ടിവരും. എല്ലാ ടവറുകളും ഒരേ സമയത്ത് പൊളിക്കും. പൊളിക്കൽ ഒക്ടോബർ 11-ന് തുടങ്ങി അടുത്ത ജനുവരി ഒമ്പതിന് തീർക്കുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനുള്ളിൽ പണികൾ പൂർത്തിയാക്കും.

മാലിന്യങ്ങൾ നീക്കാനുള്ള ചുമതല പൊളിക്കുന്ന ഏജൻസിക്ക് തന്നെയാകും. സ്ഥലം അധികൃതർ നൽകുമെങ്കിലും ഏതെന്ന് തീരുമാനിച്ചിട്ടില്ല. പുനഃചംക്രമണം പോലുള്ള മാർഗങ്ങൾ ഏജൻസിക്ക് തീരുമാനിക്കാം. അടുത്തുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകാൻ പാടില്ല. സമീപത്തുള്ളവരെ അധികം ഒഴിപ്പിക്കേണ്ടി വരില്ല. അഥവാ വേണ്ടിവന്നാലും കുറച്ചുസമയത്തേക്കു മാത്രം മതിയാകും. ഫ്ലാറ്റ് വാസികളെ ഒഴിപ്പിക്കുന്ന കാര്യം കളക്ടറും പോലീസ് കമ്മിഷണറും ചേർന്ന് തീരുമാനിക്കും. കേരളത്തിൽ ബഹുനില കെട്ടിടങ്ങൾ പൊളിച്ചിട്ടുണ്ടെങ്കിലും ഇത്ര വലുത് ആദ്യമാണ്. ഭൂമിക്ക് മുകളിലുള്ള ഭാഗം പൊളിക്കുന്നതേ ഇപ്പോൾ ആലോചിക്കുന്നുള്ളൂ. അടിയിലേക്കുള്ളത് നോക്കുന്നില്ല. പൊളിക്കുന്നതിനു മുമ്പ് നഷ്ടപരിഹാരം കൊടുക്കുമോയെന്ന് തനിക്ക് പറയാൻ കഴിയില്ല.

Content Highlights: The blast will not be used to dismantle the flats