കൊച്ചി: ‘‘ആരും കാണരുതെന്ന് ആഗ്രഹിച്ച് ഒരു ചിത്രം വരച്ചത് ഇത്ര വലിയ സംഭവമാകുമെന്നറിഞ്ഞില്ല. ഒറ്റ ദിവസം കൊണ്ട് ലോകം മുഴുവൻ അറിഞ്ഞു’’ - ഇതു പറയുമ്പോൾ തൃഷയും ശ്രേയയും സാനിയയും പൊട്ടിച്ചിരിച്ചു.

സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിക്കുന്ന മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യിലെ താമസക്കാരായിരുന്നു ഇവർ. തൃഷയും ശ്രേയയും ഇരട്ടകൾ. തൊട്ടടുത്ത് താമസിക്കുന്ന കൂട്ടുകാരിയാണ് സാനിയ. നാലാം നിലയിലെ കുട്ടിപ്പട്ടാളം. കളിയും ചിരിയും മുഴങ്ങിയ ഫ്ലാറ്റിൽനിന്ന് അവസാനമായി ഇറങ്ങുന്നതിനു മുമ്പാണ് ഇവർ വരാന്തയുടെ അരഭിത്തിയിൽ സ്വന്തം ചിത്രങ്ങൾ വരച്ചത്. ’ഇവിടെയുണ്ടായിരുന്നു ഞങ്ങൾ, ഈ ഉടുപ്പിനുള്ളിൽ ഒരു ഹൃദയവും’ എന്ന തലക്കെട്ടിൽ ‘മാതൃഭൂമി’ ഇത് വാർത്തയാക്കിയതോടെ ഇവർ വരച്ച ചിത്രം ഒറ്റ ദിവസം കൊണ്ട് ലോകമറിഞ്ഞു. കുട്ടികളുടെ സങ്കടം മനസ്സിലാക്കി ഒരുപാടുപേർ വിളിച്ചാശ്വസിപ്പിച്ചു.

മൂവരും വേർപിരിഞ്ഞിട്ട് ഒരു മാസത്തിലധികമായി. ഡോക്ടർ ദമ്പതിമാരായ ആനന്ദകുമാറിന്റെയും ദീപയുടെയും മക്കളാണ് തൃഷയും ശ്രേയയും. അഡ്വ. പീയൂസിന്റെയും ബിന്ദുവിന്റെയും മകളാണ് സാനിയ. ആനന്ദകുമാറും കുടുംബവും മരടിൽത്തന്നെ ഒരു വീട്ടിലേക്കാണ് മാറിയത്. പീയൂസ് കിലോമീറ്ററുകൾക്കപ്പുറത്ത് മറൈൻഡ്രൈവിന് സമീപമുള്ള ഫ്ലാറ്റിലേക്കും. തൃഷയും ശ്രേയയും മരട് ഗ്രിഗോറിയൻ സ്കൂളിൽ ഒമ്പതാം ക്ലാസ്സുകാർ. സാനിയ വൈറ്റില ടോക് എച്ചിൽ ഒമ്പതാം ക്ലാസ്സിൽ. പിരിഞ്ഞതിനു ശേഷം ഒരു ദിവസം ശ്രേയയ്ക്കും തൃഷയ്ക്കും സർപ്രൈസ് കൊടുത്ത് സാനിയ ഒരു ദിവസം വീട്ടിലെത്തിയിരുന്നു. പിന്നെ കാണുന്നത് ശിശുദിനത്തലേന്ന്. കൂടെക്കൂടെ കാണുന്നില്ലെങ്കിലും ഇവർ മിക്കവാറും പരസ്പരം വിളിക്കുകയും ഫ്ലാറ്റിലെ ഓർമകൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇവളെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് തൃഷയും ശ്രേയയും പറഞ്ഞപ്പോൾ ഇരുവരുടെയും തോളത്തുകൂടി കൈയിട്ട് ചേർത്തുപിടിച്ചു സാനിയ.

എല്ലാവരും ഫ്ലാറ്റ് വിടുന്നതിനാൽ ചിത്രങ്ങൾ ഇനിയാരും കാണില്ലല്ലോ എന്ന് വിചാരിച്ചാണ് വരച്ചതെന്ന് അവർ പറഞ്ഞു. ’ബാഡ്മിന്റൺ, സൈക്ലിങ്, കരാട്ടെ പരിശീലനം, നീന്തൽ എന്നിവയൊക്കെയായി വൈകുന്നേരങ്ങൾ ആകെ രസമായിരുന്നു. ഇപ്പോൾ എല്ലാം പോയി’-കുട്ടികൾ പറയുന്നു. സ്കൂൾ വിട്ടുവന്നാൽ ഇപ്പോൾ പുറത്തിറങ്ങാറേയില്ലെന്ന് ശ്രേയയും തൃഷയും പറയുന്നു. സാനിയ മാറിയത് മറ്റൊരു ഫ്ലാറ്റിലേക്കാണെങ്കിലും കൂട്ടുകാരൊക്കെ ആയി വരുന്നതെയുള്ളൂ.

ഫ്ലാറ്റിൽനിന്ന് ഇറങ്ങിയ ശേഷം പിന്നീട് അവിടേക്ക് മൂവരും പോയിട്ടില്ല. സമീപത്തുള്ള റോഡിലൂടെ പോകുമ്പോൾ അങ്ങോട്ട് നോക്കും. ഭിത്തികൾ ഇല്ലാതായതോടെ അസ്ഥികൂടം പോലെയായിട്ടുണ്ട്. ഓടിക്കളിച്ചുനടന്ന വരാന്തകളും മുറ്റവുമൊക്കെ കോൺക്രീറ്റ് അവശിഷ്ടങ്ങളിൽ നിറഞ്ഞിരിക്കുന്നു. ഇനിയൊരിക്കലും ഒന്നും പഴയതുപോലെയാകില്ലെന്ന് ഇവർ തിരിച്ചറിഞ്ഞിരിക്കുന്നു. രണ്ട് മാസത്തിനകം കെട്ടിടങ്ങൾ നിലംപതിക്കുമെന്ന് പറഞ്ഞപ്പോൾ സങ്കടത്തോടെ അവർ പരസ്പരം നോക്കി.

content highlights: Maradu flat case, Friends who draw pictures on the wall