കൊച്ചി: പൊളിക്കാൻ പോകുന്ന മരട് ഹോളിഫെയ്ത്ത് ഫ്ലാറ്റിനു മുന്നിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പൈപ്പ്‌ ലൈനിൽ പ്രത്യേക സുരക്ഷയൊരുക്കും. ഫ്ലാറ്റിൽനിന്ന് കേവലം 12.6 മീറ്റർ ദൂരത്തിലുള്ള ഈ ലൈൻ ആശങ്കയുണ്ടാക്കിയിരുന്നു. ഒന്നരമുതൽ രണ്ടുമീറ്റർ വരെ ആഴത്തിലാണ് ലൈനുള്ളത്. ഇതെത്തുടർന്ന് ഐ.ഒ.സി. ജനറൽ മാനേജർ എസ്.കെ. ചൗധരി, െഡപ്യൂട്ടി ജി.എം. ബി.ആർ.യു. നായർ എന്നിവർ പെസോ (പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ) യുടെ െഡപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്‌പ്ലോസീവ്‌സ് ഡോ. ആർ. വേണുഗോപാലിനെ സന്ദർശിച്ച് ആശങ്ക അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം സ്ഥലം സന്ദർശിച്ചു. ഇന്ദോറിൽനിന്ന് വരുന്ന സ്ഫോടന വിദഗ്ദ്ധൻ എസ്.ബി. സർവാതെയുമായി സംസാരിച്ചു.

ഫ്ലാറ്റിനു മുന്നിലൂടെ 24 ഇഞ്ചിന്റെ രണ്ട് പൈപ്പുകളാണ് പോകുന്നത്. ഒന്നിൽ പെട്രോളും മറ്റേതിൽ ഡീസലും. തുറമുഖത്തുനിന്ന് വരുന്നതാണിവ. ഫ്ലാറ്റിലെ സ്ഫോടനത്തിനു തലേന്ന് ഇതിലൂടെയുള്ള പമ്പിങ് നിർത്തും. പകരം കടൽവെള്ളം നിറച്ചിടും. ഫ്ലാറ്റിനു മുമ്പിലെ പതിനഞ്ച് മീറ്ററോളം രണ്ട് തട്ടിൽ മണൽച്ചാക്കുകൾ കൊണ്ട് മറയ്ക്കുകയും ചെയ്യും. പൈപ്പുകളുടെ കോട്ടിങ് വളരെ നല്ല നിലയിലാണെന്ന് കണ്ടെത്തി. അഞ്ച് മീറ്ററിൽ അകലേക്ക് സ്ഫോടനത്തിന്റെ ആഘാതം ഉണ്ടാകില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. 12.6 മീറ്റർ അകലെയുള്ള പൈപ്പുകളെ ഒരുതരത്തിലും ബാധിക്കില്ലെങ്കിലും സുരക്ഷാ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് അധികൃതർ പറഞ്ഞു.

Content Highlights: maradu flat; ioc pumping will be stop before demolition blast