തീരപരിപാലന നിയമം(സി.ആർ.ഇസഡ്.) ലംഘിച്ച് മരടിൽ പണിത നാല് ഫ്ളാറ്റുകളുടെ അഞ്ചു ടവറുകൾ നിലംപതിക്കാൻ ഇനി കൃത്യം രണ്ടുമാസം മാത്രം. ഇവ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാൻ വേണ്ടത് 1600 കിലോ സ്ഫോടകവസ്തുക്കൾ. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷൻ സ്ഫോടകവസ്തുക്കളാണ് ഉപയോഗിക്കുക.

ഒറ്റദിവസം സ്ഫോടനം നടത്തി നാല് ഫ്ളാറ്റുകളും തകർക്കാമെന്നാണ് സർക്കാർ നിയോഗിച്ച സാങ്കേതികസമിതിയുടെ യോഗത്തിൽ അഭിപ്രായമുയർന്നത്. ഇതു സാഹസമാണെന്നും മൂന്നുദിവസമായി നടത്തണമെന്നും പെട്രോളിയം ആൻഡ് എക്സ്‌പ്ലൊസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ(പെസോ) നിലപാടെടുത്തു. ഇന്ദോറിൽനിന്നുള്ള സ്ഫോടന വിദഗ്ധൻ ശരത് ബി. സർവാതെയ്ക്കും ഇതേ നിലപാടായിരുന്നു.

തുടർന്ന് സമവായം എന്ന നിലയിൽ രണ്ടു ദിവസമാക്കുകയായിരുന്നു. 11-ഉം 12-ഉം ശനി, ഞായർ ദിവസങ്ങളായതിനാൽ അതാണ് കൂടുതൽ സൗകര്യമെന്ന് വിലയിരുത്തുകയായിരുന്നു.

പൊളിക്കുന്നത് ഇങ്ങനെ

ഗ്രൗണ്ട് ഫ്ലോർ, ഒന്ന്, അഞ്ച്, ഒമ്പത്, 12 നിലകളിലെ എല്ലാ തൂണുകളിലും ദ്വാരങ്ങളുണ്ടാക്കും

* അതിനുള്ള സ്ഫോടകവസ്തുവും സ്ഫോടനത്തിനുള്ള വയറുകളും (ഡിറ്റണേറ്റിങ് ഫ്യൂസ്) നിറയ്ക്കും

* തുടർന്ന് ദ്വാരങ്ങളെ തമ്മിൽ ബന്ധിപ്പിക്കും.

* എല്ലാ സർക്യൂട്ടുകളും രണ്ട് ഇലക്ട്രിക് ഡിറ്റണേറ്ററുമായി യോജിപ്പിക്കും. ഒന്ന് പരാജയപ്പെട്ടാൽ മറ്റൊന്നിനുവേണ്ടി

* ഇത്, വൈദ്യുതി പ്രവഹിപ്പിക്കുന്ന എക്സ്‌പ്ലോഡറുമായി (കുറഞ്ഞത് നൂറു മീറ്റർ അകലെ) ബന്ധിപ്പിക്കുകയാണ് അവസാന ജോലി.

* തുടർന്ന് ഒറ്റവിരലമർത്തിയാൽ സ്ഫോടനം

വെറും 12 സെക്കൻഡ്

സ്ഫോടനത്തിനു തുടക്കംകുറിക്കാൻ ആറു സെക്കൻഡ് വേണം. പൊട്ടിത്തുടങ്ങിയാൽ ആറു സെക്കൻഡിൽ കെട്ടിടം പൂർണമായും നിലംപൊത്തും. എല്ലാംകൂടി 12 സെക്കൻഡ്. മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിലാകും ഓരോ സ്ഫോടനവും. അവശിഷ്ടങ്ങൾ ഒരുമിച്ചു താഴേക്കു പതിക്കാതിരിക്കാനാണിത്. രണ്ടിടത്തെ സ്ഫോടനങ്ങൾ തമ്മിൽ മൂന്നു മണിക്കൂറെങ്കിലും വ്യത്യാസമുണ്ടാകുമെന്നാണു കണക്കാക്കുന്നത്. ഇതിൽ അന്തിമ തീരുമാനമായിട്ടില്ല.

ഓരോന്നിനും ആവശ്യമായ സ്‌ഫോടകവസ്തുവിന്റെ അളവ്

ജെയിൻ കോറൽകോവ്- 700 കിലോ(ഏകദേശം 2732 ദ്വാരം)

ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.- 400 കിലോ(1414 ദ്വാരം)

ഗോൾഡൻ കായലോരം- 200 കിലോ(ഡിസൈൻ സമർപ്പിക്കാത്തതിനാൽ എണ്ണം കണക്കാക്കിയിട്ടില്ല)

ആൽഫ സെറീൻ- 300 കിലോ(4500 ദ്വാരം)

സ്‌ഫോടനത്തിനു ശേഷം പ്രതീക്ഷിക്കുന്ന കോൺക്രീറ്റ് അവശിഷ്ടം- 76,350 കിലോ

വെല്ലുവിളി

200 മീറ്ററിനുള്ളിലുള്ളവരെ ഒഴിപ്പിക്കുന്നത്. ഒരു കിലോമീറ്റർ ചുറ്റളവിൽ 9522 കെട്ടിടങ്ങളുണ്ടെന്നു നേരത്തേ സർക്കാർ കണക്കാക്കിയിരുന്നു. 200 മീറ്ററിൽ ഒഴിപ്പിക്കേണ്ടവരുടെ എണ്ണം കിട്ടിയിട്ടില്ല.

* സ്ഫോടനസമയത്ത് ദേശീയപാതയിലെയും കുണ്ടന്നൂർ-തേവര റോഡ് എന്നിവിടങ്ങളിൽ ഗതാഗതം തടയുന്നത്

സ്‌ഫോടകവസ്തുക്കളുടെ ശേഖരണം

കൊച്ചിയിൽനിന്നു വാങ്ങാം. പ്രത്യേക വാഹനങ്ങളിൽ വേണം കൊണ്ടുവരാൻ. തുടക്കംമുതൽ ഒടുക്കം വരെയുള്ള എല്ലാവരും ലൈസൻസ് ഉള്ളവരാകും. കമ്പനികൾ ആദ്യം കളക്ടറുടെ എതിർപ്പില്ലാരേഖ (എൻ.ഒ.സി.) വാങ്ങണം. തുടർന്ന് സ്ഫോടനത്തിന് ‘പെസോ’ അനുമതി നൽകും.