കൊച്ചി: തീര പരിപാലന നിയമം ലംഘിച്ച് മരടിൽ നിർമിച്ച നാല് ഫ്ലാറ്റുകൾ ജനുവരി 11, 12 തീയതികളിൽ പൊളിച്ചുനീക്കും. ചീഫ് സെക്രട്ടറി ടോം ജോസിന്റെ സാന്നിധ്യത്തിൽ കൊച്ചിയിൽ ചേർന്ന സാങ്കേതിക സമിതി യോഗമാണ് തീരുമാനമെടുത്തത്.

ആദ്യ ദിവസം ഹോളിഫെയ്ത്ത് എച്ച്.ടു.ഒ., ആൽഫ സെറീൻ (രണ്ട് ടവറുകൾ) ഫ്ലാറ്റുകളും രണ്ടാം ദിവസം ജെയിൻ കോറൽകോവ്, ഗോൾഡൻ കായലോരം എന്നിവയുമാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുക.

ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിലുള്ളവരെ താത്‌കാലികമായി ഒഴിപ്പിക്കേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ആദ്യം ഏത് പൊളിക്കണം, രണ്ടും തമ്മിൽ എത്ര സമയത്തിന്റെ വ്യത്യാസം വേണം, ഗതാഗത നിയന്ത്രണം എത്രസമയം വേണം തുടങ്ങിയ കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. ജനുവരി ഒമ്പതിനു മുമ്പ് ഫ്ലാറ്റുകൾ പൊളിച്ചുനീക്കുമെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന ഷെഡ്യൂളിലുള്ളത്. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് രണ്ട് ദിവസം നീട്ടിയതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ഇത് കോടതിയെ അറിയിക്കും. ഫെബ്രുവരി ഒമ്പതിനു മുമ്പ് സ്ഥലങ്ങൾ പഴയ പടിയാക്കണം.

കൊച്ചി മെട്രോയുടെ ഓഫീസിൽ നടന്ന സാങ്കേതിക സമിതി യോഗത്തിൽ ഇന്ദോറിൽനിന്നുള്ള സ്ഫോടന വിദഗ്ദധൻ ശരത് ബി. സർവാതെയും പങ്കെടുത്തു. 12 അംഗ സമിതിയെയാണ് പൊളിക്കലിനായി സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.

സ്ഫോടനം നടത്താൻ കരാർ നേടിയിട്ടുള്ള എഡിഫിസ് എൻജിനീയേഴ്‌സ്, വിജയ് സ്റ്റീൽസ് എന്നിവയുടെ പ്രതിനിധികൾ, ഇതു സംബന്ധിച്ച് യോഗത്തിൽ വിശദീകരിച്ചു. എച്ച്.ടു.ഒ., കായലോരം, ജെയിൻ എന്നിവ എഡിഫിസും ആൽഫ സെറീൻ വിജയ് സ്റ്റീൽസുമാണ് പൊളിക്കുന്നത്.

എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ്, പൊളിക്കലിന്റെ ചുമതലയുള്ള ഫോർട്ട്‌കൊച്ചി സബ് കളക്ടർ സ്നേഹിൽകുമാർ സിങ്, പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) െഡപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്‌പ്ലോസീവ്‌സ് ഡോ. ആർ. വേണുഗോപാൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.