കൊച്ചി: ഫ്ളാറ്റ് പൊളിച്ചപ്പോഴുണ്ടായ കൂറ്റൻ കോൺക്രീറ്റ് മാലിന്യം നീക്കംചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ‘റബിൾ മാസ്റ്റർ’ എന്ന യന്ത്രമാണ്‌. കോൺക്രീറ്റ് മാലിന്യം എം.സാൻഡാക്കി മാറ്റുന്നത് ഈ ഓസ്ട്രിയക്കാരനാണ്. ചെന്നൈയിലെത്തിച്ച ഈ യന്ത്രം ജനുവരി 20-ന് കണ്ടെയ്‌നർ ലോറിയിൽ കൊച്ചിയിലെത്തിക്കും. ആദ്യമായാണ് ഈ യന്ത്രം കേരളത്തിൽ ഉപയോഗിക്കുന്നത്.

* വില നാലുകോടി രൂപ

* 20 അടി നീളം

* ഒരു മണിക്കൂറിൽ 150 ടൺ കോൺക്രീറ്റ് മാലിന്യം എം. സാൻഡാക്കിമാറ്റും

* ഉപയോഗിക്കുന്ന ഇന്ധനം ഡീസൽ

* കോൺക്രീറ്റ് മാലിന്യം എസ്കവേറ്റർ ഉപയോഗിച്ച് ഫീഡറിലേക്ക് നിക്ഷേപിക്കും

* മാലിന്യം പൊടിഞ്ഞ്‌ ‘മെഷ്’ എന്ന വിരിപ്പുണ്ടാകും. മണലരിക്കുന്ന അരിപ്പപോലെയാണ് ഈ വിരിപ്പ്

* സാധാരണ ആറ്‌ എം.എം., 12 എം.എം. സൈസുകളിലാകും എം. സാൻഡാക്കി മാറ്റുക

* പൊടിഞ്ഞശേഷം കൺവെയർ ബെൽറ്റിലേക്ക് വീഴും. അതിലൂടെത്തന്നെ എം. സാൻഡ് പുറത്തേക്ക്

മാലിന്യംനീക്കാൻ 70 ദിവസം

മാലിന്യനീക്കത്തിന് 70 ദിവസമാണ് കരാർ ഏറ്റെടുത്ത പ്രോംപ്റ്റ് എന്റർപ്രൈസസിന് അനുവദിച്ചത്. ഹോളിഫെയ്ത്ത്, ജെയ്ൻ എന്നീ ഫ്ളാറ്റുകളിലെ മാലിന്യം രാത്രിയാകും നീക്കുക. ആൽഫയിലേത് പകൽ നീക്കംചെയ്യുകയാണ് ലക്ഷ്യം. ഫ്ളാറ്റ് പൊളിക്കുന്നതിനുള്ള സ്‌ഫോടനത്തിന് കരാറെടുത്ത കമ്പനികൾക്ക് മാലിന്യത്തിലെ ഇരുമ്പെടുക്കാൻ അവകാശമുണ്ട്. സ്ഫോടനംനടന്ന് 45 ദിവസംവരെയാണ് അവർക്ക് ഇതിന് അനുമതിയുള്ളത്.

Content Highlights: Maradu Falt Demolition, Rubble master