കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ വത്തിക്കാന്റെ നടപടി. സഹായ മെത്രാൻമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരെ മാറ്റി. ഇവർക്കുള്ള പുതിയ ചുമതല സിറോ മലബാർ സഭയുടെ ഓഗസ്റ്റിൽ ചേരുന്ന സിനഡ് തീരുമാനിക്കുമെന്ന് സിറോ മലബാർ മീഡിയ കമ്മിഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.

കാലാവധി പൂർത്തിയാക്കിയ അപ്പൊസ്തലിക് അഡ്മിനിസ്‌ട്രേറ്റർ മാർ ജേക്കബ്‌ മനത്തോടത്ത് സ്ഥാനമൊഴിഞ്ഞു. ഇദ്ദേഹം പാലക്കാട് രൂപത മെത്രാനായി തുടരും. അതിരൂപതയുടെ മേജർ ആർച്ച് ബിഷപ്പായിരുന്നെങ്കിലും ഭരണച്ചുമതലയില്ലാതിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഭരണച്ചുമതല തിരികെ നൽകി.

അതിരൂപതയിലെ പ്രതിമാസ ബജറ്റും സ്ഥാവര-ജംഗമ വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള പ്രധാന രേഖകളും മേജർ ആർച്ച് ബിഷപ്പ് സ്ഥിരം സിനഡിന് കൈമാറണം. മാർപാപ്പയുടെ കല്പനയുടെ വിശദീകരണം എന്ന നിലയിൽ റോമിലെ പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘത്തിന്റെ പ്രിഫെക്ട് കർദിനാൾ ലിയനാർദോ സാന്ദ്രി മറ്റു ചില നിർേദശങ്ങൾ കൂടി നൽകിയതായി മീഡിയ കമ്മിഷൻ ചെയർമാൻ ബിഷപ്പ് ജോസഫ് പാംപ്ലാനി അറിയിച്ചു.

1. അപ്പൊസ്തലിക് അഡ്മിനിസ്‌ട്രേറ്റർ മാർ ജേക്കബ്‌ മനത്തോടത്ത് സമർപ്പിച്ച റിപ്പോർട്ടും നിർദേശങ്ങളും പഠിച്ച ശേഷമാണ് വത്തിക്കാൻ ഈ തീരുമാനങ്ങളെടുത്തത്.

2. അടുത്ത സിനഡ് ചേരുന്ന ഓഗസ്റ്റ് മാസം വരെ അതിരൂപതയുടെ ഭരണ നിർവഹണത്തിൽ കർദിനാൾ സ്ഥിരം സിനഡിനോടാണ് ആലോചന നടത്തേണ്ടത്. രാജ്യത്തെ സിവിൽ നിയമങ്ങളെ മാനിച്ച് അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാനാവശ്യമായ നടപടികൾ ഇക്കാലയളവിൽ സ്വീകരിക്കാം.

3. അതിരൂപതയുടെ കൂരിയയിലെ വിവിധ തസ്തികകളിലെ നിയമനങ്ങൾ സ്ഥിരം സിനഡുമായി ആലോചിച്ച് നടപ്പിലാക്കുന്നതിന് അതിരൂപതാ അധ്യക്ഷനെന്ന നിലയിൽ മാർ ആലഞ്ചേരിക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്. കൂരിയയുടെ ആത്യന്തികമായ പുനഃക്രമീകരണം സിനഡിനു ശേഷം നടത്തുന്നതാണ് അഭികാമ്യം.

4. അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളിലുൾപ്പെടെ സുസ്ഥിരവും സുഗമവുമായ ഭരണ നിർവഹണത്തിന്‌ ആവശ്യമായ തീരുമാനങ്ങൾ ദീർഘവീക്ഷണത്തോടെ സ്വീകരിക്കാൻ സിനഡ് ശ്രദ്ധിക്കണം.

അപ്പൊസ്തലിക് അഡ്മിനിസ്‌ട്രേറ്റർ നിയമിച്ച കമ്മിഷന്റെ റിപ്പോർട്ടും നിർദേശങ്ങളും സിനഡിലെ ചർച്ചകൾക്ക് സഹായകമാകും. സഭയിൽ കൂട്ടായ്മയും സഹകരണവും വളർത്തുന്നതിന് ആദ്യ പരിഗണന നൽകണം.

സഭയുടെ സത്യവിശ്വാസവും അച്ചടക്കവും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്ന നടപടികൾ സിനഡിൽ രൂപപ്പെടുത്തണം.

ഫ്രാൻസിസ് മാർപാപ്പയുടെ അന്തിമ വിധിതീർപ്പ് എല്ലാവരും അംഗീകരിക്കണമെന്ന് മീഡിയ കമ്മിഷൻ അഭ്യർഥിച്ചു.

Content Highlights: mar george alencherry, apostolic administrator