പുളിക്കൽ (മലപ്പുറം): മാപ്പിളപ്പാട്ടിൻറെ സൂര്യതേജസ്സ് വി.എം. കുട്ടി എന്ന വടക്കുംകര മുഹമ്മദ്കുട്ടി (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്ന ഇദ്ദേഹം ബുധനാഴ്‌ച പുലർച്ചെ 5.20-നാണ് മരിച്ചത്.

മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയതിൽ സുപ്രധാന പങ്കുവഹിച്ച വി.എം. കുട്ടി ആറുപതിറ്റാണ്ടിലധികം പാടിയും പറഞ്ഞും ആസ്വാദകരെ ആനന്ദിപ്പിച്ചു. മാപ്പിളപ്പാട്ടിനെ സാമുദായികമായ ചുറ്റുമതിലിനു പുറത്തേക്ക് ആനയിച്ചത് അദ്ദേഹമാണ്.

പുളിക്കൽ കേന്ദ്രമായി ചെന്താര തിയേറ്റേഴ്സ് എന്ന നാടകസംഘം രൂപവത്കരിച്ചു. 1957-ൽ മാപ്പിളപ്പാട്ടുകൾ മാത്രം അവതരിപ്പിക്കുന്ന ‘വി.എം. കുട്ടി ആൻഡ് പാർട്ടി’ എന്ന ഗാനമേള ട്രൂപ്പുണ്ടാക്കി. ‘കുട്ടീസ് ഓർക്കസ്ട്ര’ എന്നു പിന്നീട്‌ പേരുമാറ്റിയ ഈ സംഘത്തിൽ പ്രശസ്ത സംഗീതസംവിധായകൻ എം.എസ്. ബാബുരാജും അംഗമായിരുന്നു. പത്തു സിനിമകളിൽ സംഗീതസംവിധാനം, ഗാനരചന, അഭിനയം, ഗാനാലാപനം എന്നിവ നിർവഹിച്ചു. മാർക്ക് ആൻറണി എന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചത് അദ്ദേഹമാണ്. ‘മൊഞ്ചുള്ള മണവാള’നിൽ നായകനായി. നാലു സിനിമകളിലെ ഒപ്പന സംവിധാനംചെയ്തു.

മഹാകവി മോയിൻകുട്ടി വൈദ്യർ, മാപ്പിളപ്പാട്ടിന്റെ ചരിത്രസഞ്ചാരങ്ങൾ, മാപ്പിളപ്പാട്ട് ചരിത്രവും വർത്തമാനവും തുടങ്ങി പതിനഞ്ചിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി, കേരള ചലച്ചിത്രകലാ അക്കാദമി, മഹാകവി മോയിൻകുട്ടി വൈദ്യർ സ്‌മാരക സമിതി, കേരള സംഗീത നാടക അക്കാദമി എന്നിവയിൽ അംഗമായിരുന്നു. ഫോക്‌ലോർ അക്കാദമി ഉപാധ്യക്ഷൻ, മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ ഭരണസമിതി അംഗം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് നിർവാഹകസമിതി അംഗം എന്നീനിലകളിലും പ്രവർത്തിച്ചു. തിരൂർ തുഞ്ചൻ മലയാളസർവകലാശാല ഡി.ലിറ്റ് നൽകി ആദരിച്ചു.

കേരള സംഗീത നാടക അക്കാദമി അവാർഡ്, പരീക്കുട്ടി അവാർഡ്, ഉബൈദ് സ്‌മാരക കമ്മിറ്റി അവാർഡ്, എം.ഇ.എസ്. അവാർഡ്, കുഞ്ചൻ സ്‌മാരക ട്രസ്റ്റ് അവാർഡ്, എം.സി. അപ്പുണ്ണി നമ്പ്യാർ അവാർഡ്, കേരള കലാമണ്ഡലം അവാർഡ് തുടങ്ങി ഇരുനൂറ്റിയൻപതിലധികം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

1935 ഏപ്രിൽ 16-ന് മലപ്പുറം പുളിക്കൽ മുട്ടയൂരിലെ വടക്കുങ്ങര ഉണ്ണീൻ മുസ്‌ലിയാരുടെയും ചെറു പാലക്കാട് ഇത്താച്ചിക്കുട്ടിയുടെയും മകനായാണ് ജനനം. പുളിക്കൽ എ.എം.എൽ.പി. സ്‌കൂൾ, കൊണ്ടോട്ടി ജി.യു.പി. സ്‌കൂൾ, ഫറോക്ക്. ഗവ. ഗണപതി ഹൈസ്‌കൂൾ, രാമനാട്ടുകര സേവാമന്ദിരം ബേസിക് ട്രെയിനിങ് സ്‌കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. 1957 മുതൽ 1985 വരെ കൊളത്തൂർ എ.എം.എൽ.പി. സ്‌കൂൾ അധ്യാപകനായിരുന്നു.

ഭാര്യമാർ: പരേതയായ ആമിനക്കുട്ടി, സുൽഫത്ത്, തിത്തുമ്മ. മക്കൾ: അഷ്റഫ്, മുബാറക്ക് (ബിസിനസ്), ബുഷറ, ഷഹർബാനു, സൽമാൻ (മാനേജർ, എൽ.ഐ.സി. തൃശ്ശൂർ), റഹ്‌മത്തുള്ള, ബർക്കത്തുള്ള (ഇരുവരും ഷാർജ), കുഞ്ഞിമോൾ. മരുമക്കൾ: സുബൈദ, ജുമൈല, അസീസ്, നാസർ, സുമയ്യ, ഷാഹിന, ഷമീമ, മുഹമ്മദ്‌കുട്ടി.

കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്‌മാരകത്തിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം അഞ്ചുമണിയോടെ പുളിക്കൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രനുവേണ്ടിയും മാനേജിങ് ഡയറക്‌ടർ എം.വി. ശ്രേയാംസ്‌കുമാറിനുവേണ്ടിയും പുഷ്‌പചക്രം സമർപ്പിച്ചു.