കാളികാവ്: പോലീസിന് താക്കീതുമായി വീണ്ടും മാവോവാദികൾ. കോഴിക്കോട് തിരുവമ്പാടിയിലാണ് പോലീസിനെ വെല്ലുവിളിച്ച് മാവോവാദികൾ പോസ്റ്റർ പതിച്ചത്. സി.പി ജലീലിന്റെ മരണം വിഷയമാക്കിയാണ് മാവോവാദികളുടെ വെല്ലുവിളി. പാർട്ടി ഫണ്ട് സമാഹരണത്തിനെത്തിയ സി.പി ജലീലിനുനേരേ പ്രകോപനമില്ലാതെയാണ് പോലീസ് വെടിയുതിർത്തതെന്നാണ് മാവോവാദികൾ പറയുന്നത്. കൊലയാളികളായ പോലീസുകാർക്ക് ഉചിതമായ സമയത്ത് തിരിച്ചടി നൽകും.
മുമ്പും മാവോവാദികൾ പോലീസിനുനേരേ തിരിച്ചടി ഭീഷണി മുഴക്കിയിരുന്നു. വയനാട്ടിലെ ബത്തേരിയിൽ നടക്കുന്ന തൊവരിമല ഭൂസമരത്തിന് പിന്തുണയും മാവോവാദികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.ഐ.എം റെഡ് ഫ്ലാഗ് പ്രവർത്തകരാണ് ഭൂസമരത്തിന് നേതൃത്വംനൽകുന്നത്. മലയാളം ഹാരിസൺസിന്റെ കീഴിലുള്ള തൊവരിമല എസ്റ്റേറ്റ് ഭൂമി ഏപ്രിൽ 20-ന് റെഡ് ഫ്ലാഗ് പ്രവർത്തകർ കയ്യേറിയിരുന്നു. കയ്യേറ്റക്കാരെ നിയമ നടപടിയിലൂടെ പോലീസ് ഒഴിപ്പിച്ചിട്ടുണ്ട്. പ്രത്യക്ഷസമരം നടക്കുന്നില്ലെങ്കിലും റെഡ്ഫ്ലാഗ് പ്രവർത്തകർ സമരം തുടരുന്നുണ്ടെന്നാണ് പറയുന്നത്. പോലീസിന്റെ കനത്ത നിരീക്ഷണം മറികടന്നാണ് മാവോവാദികൾ തിരുവമ്പാടിയിലെത്തി പോസ്റ്ററുകൾ പതിച്ചത്. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ മാവോവാദി സാന്നിധ്യമുണ്ട്. തിരുവമ്പാടിയിൽ വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കബനി ദളത്തിന് കീഴിലെ പ്രവർത്തകരാണ് എത്തിയത്. മാവോവാദി സംഘങ്ങളിൽ കൂടുതൽ പുതുമുഖങ്ങൾ എത്തിയതായും സൂചനയുണ്ട്.
Content Highlights: Maoists warns Kerala Police