കാളികാവ്: സംസ്ഥാനത്തെ വനമേഖല തങ്ങളുടെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമാണെന്ന് മാവോവാദികളുടെ വിലയിരുത്തൽ. മാവോവാദി സായുധ സേനാംഗം ചന്തു കേന്ദ്രകമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിലാണിത്.
ചെങ്കുത്തായ മലനിരകൾ ഒളിപ്പോരിന് അനുയോജ്യമാണെന്ന് കണ്ടതിനെത്തുടർന്നാണ് മാവോവാദികൾ കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചത്. വനമേഖല ആശ്രയിച്ച് ജീവിക്കുന്നവരുടെ എണ്ണവും സംസ്ഥാനത്ത് കുറവാണ്. ഉൾക്കാട്ടിൽ തമ്പടിച്ചാൽ പുറമേയുള്ളവർക്ക് പെട്ടെന്ന് കണ്ടെത്താനും കഴിയില്ല. സംസ്ഥാനത്തെ വനമേഖല കേന്ദ്രീകരിച്ചാൽ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും കൂടി പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിയുമെന്നും മാവോവാദികൾ കണ്ടെത്തി.
മലപ്പുറം, വയനാട്, പാലക്കാട് എന്നിവിടങ്ങളിലെ പ്രധാന താവളങ്ങളിലേക്ക് കാട്ടുപാതയിലൂടെ എത്തിപ്പെടാം. സമീപ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും കാട്ടിലൂടെതന്നെ യാത്രാമാർഗമുണ്ട്. സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തെ ട്രൈ ജങ്‌ഷൻ എന്നാണ് മാവോവാദികൾ വിശേഷിപ്പിക്കുന്നത്. പശ്ചിമഘട്ട മേഖല കമ്മിറ്റിയുടെ പ്രധാനലക്ഷ്യം ട്രൈ ജങ്‌ഷനിൽ സ്വാധീനം നേടിയെടുക്കലായിരുന്നു. ഇവിടെ ആധിപത്യം ഉറപ്പിച്ചാൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഒരുപോലെ പ്രവർത്തനങ്ങൾ നടത്താം. തമിഴ്നാട്ടിലെ നീലഗിരി, മുതുമല, കോയമ്പത്തൂർ, കർണാടകത്തിലെ മൈസൂർ, ചാംരാജ് നഗർ എന്നീ പ്രദേശങ്ങളുമായി കേരളം അതിർത്തി പങ്കിടുന്നുണ്ട്. സംസ്ഥാനത്തെ വനമേഖല മാവോവാദി പ്രവർത്തനത്തിന് അനുകൂലമാണെന്ന് പോലീസും സമ്മതിക്കുന്നു.
ചത്തീസ്ഗഢ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദണ്ഡകാരണ്യ സോണൽ കമ്മിറ്റിയാണ് കേരളാ വനത്തിൽ മാവോവാദികൾക്ക് പരിശീലനം നൽകിയത്. 2013-ലായിരുന്നു ഇതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ദണ്ഡകാരണ്യത്തിൽനിന്ന് പ്രത്യേക പരിശീലനം നേടിയ മാവോവാദി പ്രവർത്തകനാണ് ചന്തു. കേരളത്തിൽ നടത്തിയ പരിശീലനത്തിന് നേതൃത്വം കൊടുത്തയാൾകൂടിയാണ് ചന്തുവെന്നും പോലീസ് പറഞ്ഞു.
Content Highlights: Maoists says that the forest area of Kerala is suitable for their purpose