നിലമ്പൂർ: പോത്തുകല്ല് മുണ്ടേരിയിലെ തണ്ടൻകല്ല് ആദിവാസിക്കോളനിയിലും മുണ്ടേരിയിലെത്തന്നെ സംസ്ഥാന വിത്തുകൃഷിത്തോട്ടത്തിലെ മൂന്ന് തൊഴിലാളികൾക്കരികിലും ചൊവ്വാഴ്ച രാത്രി മാവോവാദികളെത്തി ലഘുലേഖകൾ വിതരണംചെയ്തു.

രാത്രി എട്ടരയോടെയാണ് മുണ്ടേരി ഫാമിനുള്ളിലെ വനത്തോട് അതിരുപങ്കിടുന്ന തണ്ടൻകല്ല് ആദിവാസിക്കോളനിയിൽ നാലംഗ മാവോവാദികളെത്തിയത്. ആദിവാസികളെ വിളിച്ചുകൂട്ടി അവർക്ക് ലഘുലേഖകൾ വിതരണംചെയ്തു. ആദിവാസികളോട് ഫാമിൽ തൊഴിലുണ്ടോ എന്നും വീടുകളുണ്ടോ എന്നും ആരാഞ്ഞു.

തുടർന്ന് രാത്രി ഒരുമണിയോടെയാണ് ഫാമിലെ തലപ്പാലി നാലാംബ്ലോക്കിൽ കാട്ടാനയ്ക്ക് കാവൽജോലി ചെയ്തിരുന്ന ശ്രീനിവാസൻ, രാധാകൃഷ്ണൻ, സുരേഷ്ബാബു എന്നിവരുടെയരികിലെത്തിയത്. കാട്ടാനയെ ഓടിക്കാൻ ഞങ്ങളും കൂടാം എന്ന മുഖവുരയോടെയാണ് ഒരു സ്ത്രീയുൾപ്പെടുന്ന നാലംഗസംഘം എത്തിയത്. അവർ മുഖംമറച്ചിരുന്നതായി തൊഴിലാളികൾ പറഞ്ഞു. ആയുധവുമുണ്ടായിരുന്നു.

ഒരിടത്ത് വിളക്കുതെളിച്ചുവെച്ച് മറ്റൊരു ഷെഡിൽ വിളക്കുകത്തിക്കാതെ കാത്തിരിക്കുകയായിരുന്നു തൊഴിലാളികൾ. ഇവർക്കും ലഘുലേഖകൾ വിതരണംചെയ്തു.

ഫാമിൽ ആദിവാസികൾക്ക് തൊഴിലുണ്ടോ എന്നും അവർക്കെല്ലാം വീടുകളുണ്ടോ എന്നും സംഘം ആരാഞ്ഞതായും തൊഴിലാളികൾ പറഞ്ഞു. കൂടാതെ ക്വാർട്ടേഴ്‌സിൽ ഉദ്യോഗസ്ഥർ താമസിക്കുന്നുണ്ടോ എന്നും ചോദിച്ചറിഞ്ഞു.

രാവിലെ പോത്തുകൽ പോലീസ്, തണ്ടർബോൾട്ട് എന്നവരെത്തി തെളിവെടുപ്പ് നടത്തി. മാവോവാദി സോമനും സംഘവുമാണോ വന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Content Highlighlight: Maoists reached  in Pottukkal Thandankal colony and Munderi farm