മേട്ടുപ്പാളയം: നീലഗിരിജില്ലയിലെ കൊലകൊമ്പൈ ഭാഗത്ത് അതിക്രമിച്ചുകയറിയ മാവോവാദികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഏപ്രില്‍ ഒന്നിന് രാത്രി 9.30നും 10.30നും മധ്യേ നടുക്കല്‍കൊമ്പ ഗ്രാമത്തിലെത്തിയ മൂന്ന് സ്ത്രീകളും 4 പുരുഷന്മാരുമടങ്ങുന്ന സംഘത്തിനെതിരെയാണ് കൊലകൊമ്പൈ പോലീസ് കേസെടുത്തത്. ഗ്രാമത്തിലെത്തിയ സംഘം മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചശേഷം തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യരുതെന്നാവശ്യപ്പെട്ട് കൈകൊണ്ടെഴുതിയ നോട്ടീസുകള്‍ പതിപ്പിച്ചു. ഭക്ഷണമാവശ്യപ്പെട്ട സംഘം ഭക്ഷണം പൊതിഞ്ഞ് കൊണ്ടുപോയെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. വിവരമറിഞ്ഞ് നീലഗിരി എസ്.പി.യുടെ നേതൃത്വത്തില്‍ രാത്രി തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
മാവോവാദികളുടെ റിമാന്‍ഡ് ഏപ്രില്‍ 27വരെ നീട്ടി
കോയമ്പത്തൂര്‍: മാവോവാദിക്കേസില്‍ തമിഴ്‌നാട്, ആന്ധ്രപോലീസ് ചേര്‍ന്ന് കരുമത്താംപട്ടിയിലെ ചായക്കടയില്‍നിന്ന് അറസ്റ്റുചെയ്ത അഞ്ചുപേരുടെയും റിമാന്‍ഡ് കാലാവധി കോയമ്പത്തൂര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഏപ്രില്‍ 27 വരെ നീട്ടി.
പ്രതികളായ രൂപേഷ്, ഭാര്യ ഷൈന, അനൂപ്, വീരമണി, കണ്ണന്‍ എന്നിവരെ കോടതിയില്‍ പോലീസ് വ്യാഴാഴ്ച ഹാജരാക്കി. തിരിച്ച് കോയമ്പത്തൂര്‍ സെന്‍ട്രല്‍ജയിലിലേക്ക് കൊണ്ടുപോയി.