കോഴിക്കോട്: നിലമ്പൂര്‍ കരുളായി വനത്തില്‍ കൊല്ലപ്പെട്ട കുപ്പുസാമി, അജിത എന്നിവരുടെ മൃതദേഹം സംസ്ഥാനത്തുതന്നെ സംസ്‌കരിക്കാന്‍ നീക്കം. നിലമ്പൂരിലോ കോഴിക്കോട്ടോ ആവും സംസ്‌കാരം. മനുഷ്യാവകാശപ്രവര്‍ത്തകരുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഇതിനുപയോഗിക്കും.
ബന്ധുക്കള്‍ക്കേ പോലീസ് മൃതദേഹം വിട്ടുനല്‍കൂ. അതിനാല്‍ ബന്ധുക്കള്‍ മുഖേന മൃതദേഹം സ്വീകരിച്ച് അവരുടെ സമ്മതത്തോടെ സംസ്‌കരിക്കാനാണ് ശ്രമിക്കുന്നത്. കുപ്പുസാമിയുടെ സഹോദരന്‍ ശ്രീധരന്‍ (ബാബു) മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തുമെന്നറിയിച്ചിട്ടുണ്ട്. കുടുംബത്തിന് താത്പര്യമുണ്ടെങ്കില്‍ കുപ്പുസാമിയുടെ ജന്മനാട്ടില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള സൗകര്യമേര്‍പ്പെടുത്തും. എന്നാല്‍, നാട്ടുകാരുടെയും തമിഴ്‌നാട് പോലീസിന്റെയും ഭാഗത്തുനിന്ന് സമ്മര്‍ദമുള്ളതിനാല്‍ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധ്യതയില്ല.
അജിതയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതില്‍ ബന്ധുക്കള്‍ക്ക് താത്പര്യമില്ല. മരണവിവരമറിഞ്ഞ് ഒരു ബന്ധു കോഴിക്കോട്ടെത്തിയിരുന്നു. എന്നാല്‍, പോലീസിനെ ഭയന്ന് മൃതദേഹം കാണാന്‍പോലും തയ്യാറായില്ല. ഇദ്ദേഹത്തെ കോഴിക്കോട്ടെത്തിച്ച് മൃതദേഹം ഏറ്റുവാങ്ങാനാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടെ ശ്രമം.
പോലീസ് ഇടപെടല്‍ തടയുന്നതിനായാണ് എവിടെ സംസ്‌കരിക്കും എന്ന വിവരം പുറത്തുവിടാത്തത്. മരണം നടന്നതിന് ഏറ്റവുമടുത്ത പ്രദേശത്തിനായിരിക്കും മുന്‍ഗണന. പ്രാദേശികമായി മാവോവാദികള്‍ക്ക് ലഭിക്കുന്ന അനുകൂലവികാരവും ഉപയോഗപ്പെടുത്താനാണ് നീക്കം. കൊല്ലപ്പെട്ടവര്‍ക്കായി സ്മൃതിമണ്ഡപം പണിയാനും പദ്ധതിയുണ്ട്.
മൃതദേഹം മോര്‍ച്ചറിയില്‍ കൂടുതല്‍ദിവസം സൂക്ഷിക്കണമെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ തിങ്കളാഴ്ച കോടതിയിലാവശ്യപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും ലഭിച്ചതിനുശേഷമേ മൃതദേഹം സംസ്‌കരിക്കാവൂവെന്നാണ് ആവശ്യം.
ചൊവ്വാഴ്ച രാത്രിവരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കോടതി പറഞ്ഞിട്ടുണ്ട്. കോടതിയില്‍നിന്നും അനുകൂലവിധിയുണ്ടാകുമെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടെ പ്രതീക്ഷ. വിധി പ്രതികൂലമായാലും ഒരുദിവസംകൂടി ആവശ്യപ്പെടും. ഈസമയത്തിനുള്ളില്‍ ബന്ധുക്കളെ നിലവിലുള്ള ആശങ്കകള്‍ പറഞ്ഞുബോധ്യപ്പെടുത്താമെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.