
സൈലന്റ്വാലി ബഫര്‍ സോണ്‍ ഔട്ട് പോസ്റ്റിലെ വാച്ചര്‍ ആണെന്നും പാലക്കാട് നിന്നാണ് വരുന്നതെന്നും വനപാലകരോട് പറഞ്ഞിട്ടാണ് അവരുടെ മുന്നിലൂടെ മുരുകേശന്‍ കടന്നത്.
പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മാവോവാദി പ്രവര്‍ത്തകന്‍ മുരുകേഷ് ആണെന്ന് വ്യക്തമായത്. ചൊവ്വാഴ്ച ഇയാള്‍ക്കായി തണ്ടര്‍ബോള്‍ട്ട് പ്രത്യേക തിരച്ചിലാരംഭിച്ചു. രാത്രിയും പകലുമായി കാട്ടില്‍ തിരച്ചില്‍ നടത്താന്‍ വന്‍പോലീസ് സന്നാഹം പുറപ്പെട്ടിട്ടുണ്ട്.
സംശയ നിവാരണത്തിന് പോലും തയ്യാറാകാതെയാണ് പൂത്തോട്ടക്കടവ് വനംവകുപ്പ് ഒ.പി. യിലെ ജീവനക്കാര്‍ മുരുകേഷിന് കാട്ടിലേക്ക് പോകാന്‍ അനുവദിച്ചത്. ചിത്രം കാണിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ മുരുകേഷിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മാവോവാദികളുടെ ബേസ് ക്യാമ്പായ വരയന്‍മലയിലേക്ക് പൂത്തോട്ടക്കടവിലൂടെ എത്തിപ്പെടാനുള്ള മാര്‍ഗമുണ്ട്. വരയന്‍മലയോടുചേര്‍ന്നുള്ള പൂളക്കപ്പാറയില്‍ മാവോവാദികളുടെ സ്ഥിരംസാന്നിധ്യമുണ്ട്. ആയുധവും യൂണിഫോമുമില്ലാതെയാണ് മുരുകേഷ് കാട്ടിലേക്ക് കടന്നത്.
മുരുകേഷ് വരയന്‍മല ക്യാമ്പിലെ സ്ഥിരം അംഗമാകാനുള്ള സാധ്യതയാണ് പ്രധാനമായും പോലീസ് കാണുന്നത്. അതല്ലെങ്കില്‍ ക്യാമ്പിലുള്ളവര്‍ക്ക് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ എത്തിക്കാനായി പുറപ്പെട്ടതാകുമെന്നും അധികൃതര്‍ കരുതുന്നു
ഒരു ഏറ്റുമുട്ടല്‍ സാധ്യത മുന്നില്‍ കണ്ടുകൊണ്ട് തന്നെയായാണ് പോലീസ് കാട്ടിലേക്ക് പുറപ്പെട്ടിട്ടുള്ളത്. കുഴി ബോംബ് ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ടെന്ന മാവോവാദി ഭീഷണിയും മേലുദ്യോഗസ്ഥരുടെ കര്‍ശനനിയന്ത്രണമുള്ളതിനാലും പോലീസ് കുറച്ചുനാളുകളായി ഉള്‍ക്കാടുകളില്‍ തിരച്ചില്‍ നടത്തുന്നത് നിര്‍ത്തിയിരുന്നു.