തിരുവനന്തപുരം: നിലമ്പൂര്‍ വനമേഖലയില്‍ രണ്ടുമാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ അന്വേഷണറിപ്പോര്‍ട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ തള്ളി. ഏറ്റുമുട്ടല്‍ സംബന്ധിച്ച സമഗ്രറിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം നല്‍കാന്‍ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
മലപ്പുറം ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കമ്മിഷന്‍ തള്ളിയത്. മൃതദേഹപരിശോധനാറിപ്പോര്‍ട്ടുകളും നിഗമനങ്ങളും എഫ്.ഐ.ആറും മജിസ്‌ട്രേറ്റ്തല അന്വേഷണ റിപ്പോര്‍ട്ടുമുള്‍പ്പെടെ നല്‍കാനാണ് നിര്‍ദേശം. ഏറ്റുമുട്ടല്‍ നടത്തിയ സംഘത്തിന്റെ നിയമനം, നിയോഗം, നിയന്ത്രണം എന്നിവയിലൊന്നും ജില്ലാ പോലീസ് മേധാവിക്ക് ചുമതല ഉണ്ടായിരുന്നതായി കരുതുന്നില്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.
വെടിവെപ്പുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കമ്മിഷന്‍ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ജില്ലാ പോലീസ് മേധാവി അയച്ച റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്ന വിശദാംശങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല.
സംഭവത്തില്‍ സി.ആര്‍.പി.സി 158, 176 വകുപ്പുപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് രേഖസഹിതം കമ്മിഷനെ അറിയിക്കണം. ഏറ്റുമുട്ടലിനെക്കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണം നടന്നോയെന്നും അന്വേഷണം ഏതെങ്കിലും പ്രത്യേക ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചിരുന്നോ എന്നും അറിയുന്നതിനാണിത്. മനുഷ്യാവകാശലംഘനവുമായി ബന്ധപ്പെട്ട പരാതിയില്‍ കൂടുതല്‍ തൃപ്തികരവും ശ്രദ്ധാപൂര്‍വവുമായ നപടികള്‍ പ്രതീക്ഷിക്കുന്നതായും കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളും നക്‌സല്‍വിരുദ്ധസംഘവുമാണ് നിലമ്പൂര്‍ വനമേഖലയില്‍ നിയുക്തരായിരുന്നതെന്ന് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍പറയുന്നു. ഇവരെ നയിച്ചത് ഏതുറാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. സേനാംഗങ്ങള്‍ നടത്തിയ ബലപ്രയോഗം അനിവാര്യമായിരുന്നോ നീതീകരിക്കാവുന്നതായിരുന്നോ തുടങ്ങിയവ ഉയര്‍ന്നറാങ്കിലുള്ള ഓഫീസറാണ് അന്വേഷിക്കേണ്ടത്. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നിശ്ശബ്ദമാണെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.
ജില്ലാ, സംസ്ഥാന പരിധിക്കുള്ളിലൊതുങ്ങാത്ത ചില ഘടകങ്ങള്‍ അടങ്ങിയതിനാലാണ് പോലീസ് മേധാവിയില്‍നിന്ന് റിപ്പോര്‍ട്ട് തേടിയതെന്നും ഉത്തരവില്‍പറയുന്നു. പൊതുപ്രവര്‍ത്തകനായ പി.കെ രാജു സമര്‍പ്പിച്ച പരാതിയാലാണ് നടപടി.