കൊട്ടിയൂർ (കണ്ണൂർ): അമ്പായത്തോട്ടിൽ മാവോവാദികൾ വീണ്ടും സായുധപ്രകടനം നടത്തി. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ടൗണിലെത്തിയ സംഘം മുദ്രാവാക്യം വിളിച്ച് പോസ്റ്ററുകൾ പതിക്കുകയും ലഘുലേഖകൾ വിതരണംചെയ്യുകയും ചെയ്തു.

ഒരു സ്ത്രീയുൾപ്പെടെ യൂണിഫോമിലെത്തിയ നാല് ആയുധധാരികളാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്നുപേരുടെ കൈയിൽ തോക്കുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ജനുവരി 31-നു നടത്തുന്ന ‘സമാധാൻ’ വിരുദ്ധ ഭാരതബന്ദ് വിജയിപ്പിക്കുക, ‘ഓപ്പറേഷൻ സമാധാൻ’ പരാജയപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു പ്രകടനം.

കൊട്ടിയൂർ വന്യജീവി സങ്കേതത്തിന്റെ ഭാഗത്തുനിന്ന്‌ താഴെ പാൽച്ചുരം റോഡുവഴിയാണ് സംഘം ടൗണിലെത്തിയത്. കടകളുടെ ഭിത്തിയിലും വീട്ടുമതിലുകളിലുമാണ് പോസ്റ്ററുകൾ പതിച്ചത്. കൂട്ടത്തിലൊരാൾ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വകാര്യബസുകളിൽ കയറി ലഘുലേഖ നൽകുകയും ഫോൺ വിളിക്കുകയോ ഫോട്ടോയെടുക്കുകയോ ചെയ്യരുതെന്ന്‌ നിർദേശിക്കുകയും ചെയ്തു. മലയാളത്തിലാണ്‌ സംസാരിച്ചത്.

‘അട്ടപ്പാടിയിൽ ചിതറിയ രക്തത്തിനു പകരംവീട്ടുക, ഈ രക്തത്തിന് കണക്കുപറയേണ്ടവർ മോദി-പിണറായി കൂട്ടുകെട്ട്, ‘ഓപ്പറേഷൻ സമാധാൻ’ ബ്രാഹ്മണ്യ, ഹിന്ദു ഫാസിസ്റ്റ് സർക്കാർ ജനങ്ങൾക്കെതിരേ നടത്തുന്ന പ്രതിവിപ്ലവയുദ്ധം, ഇതിനെതിരേ തിരിച്ചടിക്കാൻ സായുധരാവുക’ തുടങ്ങിയ ആഹ്വാനങ്ങളുള്ള പോസ്റ്ററുകളും ലഘുലേഖകളുമാണ് വിതരണംചെയ്തത്. ഓട്ടോഡ്രൈവർമാരടക്കം ഏതാനുംപേർ മാത്രമാണ് ഈ സമയം സ്ഥലത്തുണ്ടായിരുന്നത്.

കേളകം പോലീസും തണ്ടർബോൾട്ടും സ്ഥലത്തെത്തി കടയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ ലഘുലേഖ വിതരണംചെയ്യുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും ആരുടെയും മുഖം വ്യക്തമല്ല. ഇരിട്ടി എ.എസ്.പി. ആർ. ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. 2018 ഡിസംബർ 28-നും പ്രദേശത്ത് മാവോവാദികൾ പ്രകടനം നടത്തിയിരുന്നു.

തിരിച്ചറിഞ്ഞതായി സൂചന

മാവോവാദി സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് അമ്പായത്തോട്ടിലെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഘത്തിലുണ്ടായിരുന്ന സ്ത്രീ കർണാടകയിൽനിന്നുള്ള സാവിത്രിയാണെന്നും വിവരമുണ്ട്. സംഭവത്തിൽ കേളകം പോലീസ് യു.എ.പി.എ. വകുപ്പുകൾ പ്രകാരം കേസെടുത്തു.

Content Highlight: Maoist training in Ambayathode