കല്പറ്റ : വയനാട്ടിൽ പടിഞ്ഞാറത്തറ വാളാരംകുന്നിൽ ഒരു മാവോവാദി കൊല്ലപ്പെട്ടു. തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. തമിഴ്നാട് തേനി പെരിയകുളം അണ്ണാനഗർ കോളനി സ്വദേശി വേൽമുരുഗൻ എന്ന ആസാദാണ് (32) മരിച്ചത്. ഇയാൾ മധുരയിലെ കോളേജിൽ രണ്ടുവർഷം നിയമപഠനം നടത്തിയിട്ടുണ്ടെന്നും നിരവധി പേർക്ക് ആയുധപരിശീലനം നൽകിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

മീൻമുട്ടി വെള്ളച്ചാട്ടത്തിനടുത്തുള്ള വനമേഖലയിൽ പതിവു പരിശോധനകൾ നടത്തുകയായിരുന്ന മാനന്തവാടി എസ്.ഐ. ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള തണ്ടർബോൾട്ട് സംഘത്തിനുനേരെ രാവിലെ 9.15-ഓടെ യൂണിഫോമിലെത്തിയ അഞ്ചിലധികമുള്ള മാവോവാദികളാണ്‌ വെടിയുതിർത്തതെന്ന്‌ പോലീസ് പറഞ്ഞു.

ഒരാൾ വെടിവെപ്പിൽ മരിക്കുകയും ശേഷിക്കുന്നവർ രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. 0.303 റൈഫിളും ലഘുലേഖകളും സ്ഥലത്തുനിന്ന്‌ കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ വേൽമുരുഗൻ തണ്ടർബോൾട്ട് സംഘത്തിനുമുമ്പിൽ കീഴടങ്ങിയിരുന്നെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മാവോവാദികളാണ് ആദ്യം പോലീസിനുനേരെ വെടിയുതിർത്തതെന്ന് വയനാട് പോലീസ് മേധാവി അറിയിച്ചു. ഒരു പോലീസുകാരനുപോലും സംഭവത്തിൽ പരിക്കേറ്റതായി റിപ്പോർട്ടില്ല.

content highlights: maoist killed in encounter at wayanad