കോഴിക്കോട്: അട്ടപ്പാടിയിൽ നാലു മാവോവാദികളെ വധിച്ച സംഭവത്തിൽ സർക്കാരിനെതിരേ സി.പി.ഐ. സ്വരം കടുപ്പിക്കുന്നതിനിടെ, കോഴിക്കോട്ട് മാവോവാദി ബന്ധം ആരോപിച്ച് വിദ്യാർഥികളായ രണ്ടു സി.പി.എം. പ്രവർത്തകരെ പോലീസ് യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്തു.

ഇതിനെതിരേ സി.പി.എം. ജില്ലാനേതൃത്വം പരസ്യമായി പ്രതികരിക്കുകകൂടി ചെയ്തതോടെ സർക്കാർ പ്രതിരോധത്തിലായി. യു.എ.പി.എ. ചുമത്തിയതിനെ നിശിതമായി വിമർശിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നു. അറസ്റ്റിലായവരുടെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി.യോട് വിശദീകരണം തേടി.

കോഴിക്കോട് തിരുവണ്ണൂർ പാലാട്ട് നഗർ മണിപ്പുരി വീട്ടിൽ അലൻ ഷുഹൈബ് (20), മൂർക്കനാട് കോട്ടുമ്മൽ വീട്ടിൽ താഹ ഫസൽ (24) എന്നിവരെയാണ് നിയമവിരുദ്ധപ്രവർത്തനം തടയൽ നിയമം (യു.എ.പി.എ.) 20, 38, 39 വകുപ്പുകൾ പ്രകാരം പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്തത്. ഇവരിൽനിന്ന് മാവോവാദി അനുകൂല ലഘുലേഖകൾ പിടിച്ചെടുത്തു. ഇവരെ ജില്ലാ സെഷൻസ് കോടതി രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു.

ഉത്തരമേഖലാ ഐ.ജി. അശോക് യാദവ് ഇരുവരെയും ചോദ്യംചെയ്തു. യു.എ.പി.എ. പിൻവലിക്കില്ലെന്നും ഇരുവർക്കുമെതിരേ കൃത്യമായ തെളിവുകളുണ്ടെന്നും മണിക്കൂറുകൾ നീണ്ട യോഗത്തിനുശേഷം ഐ.ജി. മാധ്യമങ്ങളോടു പറഞ്ഞു. നിരോധിത സംഘടനയിൽ അംഗം, ലഘുലേഖ വിതരണം, ആശയപ്രചാരണം തുടങ്ങിയവയുടെ പേരിലാണ് കേസെടുത്തത്.

എസ്.എഫ്.ഐ.യുടെയും ഡി.വൈ.എഫ്.ഐ.യുടെയും സജീവപ്രവർത്തകരാണ് ഇരുവരും. സി.പി.എം. പാറമ്മൽ ബ്രാഞ്ച് അംഗമാണ് താഹ. മീഞ്ചന്ത ബ്രാഞ്ച് അംഗമാണ് അലൻ. കണ്ണൂർ സ്കൂൾ ഓഫ് ജേണലിസത്തിലെ വിദ്യാർഥിയാണ് താഹ. അലൻ കണ്ണൂർ പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാംവർഷ നിയമവിദ്യാർഥിയും.

വെള്ളിയാഴ്ച വൈകീട്ടാണ് പെരുമണ്ണ പാറമ്മൽ മെഡികെയർ ലാബോട്ടറിക്കു സമീപത്തുനിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ അലനെയും താഹയെയും മറ്റൊരാളെയും കണ്ടു. പോലീസിനെ കണ്ടയുടൻ കൂടെയുണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു. അലന്റെയും താഹയുടെയും കൈയിലുണ്ടായിരുന്ന ബാഗിൽനിന്ന് മവോവാദി അനുകൂല ലഘുലേഖകൾ കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്.

പുലർച്ചെ ഒന്നോടെ അലന്റെയും താഹയുടെയും വീടുകളിലെത്തി പോലീസ് പരിശോധന നടത്തി. അവിടെനിന്നും ലഘുലേഖകളും നിരോധിത സംഘടനകളെ അനുകൂലിച്ചുള്ള പുസ്തകങ്ങളും കണ്ടെടുത്തുവെന്ന് പോലീസ് പറഞ്ഞു.

കള്ളക്കേസാണെന്നും സിഗരറ്റ് വലിക്കുന്നതിനിടെ പിടിച്ചുകൊണ്ടു പോവുകയായിരുന്നെന്നും വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുന്നതിനിടെ താഹ മാധ്യമങ്ങളോടു പറഞ്ഞു. കുറ്റമേൽക്കാൻ പോലീസ് താഹയെ മർദിച്ചെന്നും അലൻ ആരോപിച്ചു. സൗത്ത് അസിസ്റ്റന്റ് കമ്മിഷണർ എ.ജെ. ബാബുവിനാണ് അന്വേഷണച്ചുമതല.

Content Highlights: Maoist connection ; UPA Charged against Two CPM activists