ആറ്റിങ്ങൽ\റാന്നി: മൂന്നുവര്‍ഷംമുമ്പ് സംസ്ഥാന സ്‌കൂള്‍കലോത്സവ നൃത്തവേദിയില്‍നിന്ന് കണ്ടെടുക്കുമ്പോള്‍ നടി മഞ്ജുവാരിയര്‍ മനുവിനും വിദ്യയ്ക്കുമൊരു വാക്ക് നൽകിയിരുന്നു- അന്തിയുറങ്ങാനൊരു വീട്. മഞ്ജു വാക്ക് തെറ്റിച്ചില്ല. എല്ലാ പണിയും പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ വ്യാഴാഴ്ച നേരിട്ടെത്തി ഇരുവരുടെയും കുടുംബങ്ങൾക്ക് കൈമാറി.

2015-ലെ നൃത്തവേദിയില്‍ മാറ്റുരയ്ക്കാനെത്തുന്നവരില്‍ മിടുക്കരും അര്‍ഹതയുള്ളവരുമായ പത്തുപേരുടെ നൃത്തപഠനച്ചെലവുകള്‍ വഹിക്കാമെന്നായിരുന്നു മഞ്ജു അറിയിച്ചിരുന്നത്. 12 കുട്ടികളെ മാതൃഭൂമി കണ്ടെത്തിനൽകി. കുട്ടികളുമായി നേരിട്ട് പരിചയപ്പെട്ട് അവരുടെ ജീവിതസാഹചര്യം മനസ്സിലാക്കിയപ്പോള്‍ മഞ്ജുവിന്റെ കണ്ണുനിറഞ്ഞു. എല്ലാവരുടെയും പഠനച്ചെലവുകള്‍ ഏറ്റെടുത്തതിനുപുറമേ മനുവും വിദ്യയുമുള്‍പ്പെടെ നാലുപേര്‍ക്ക് വീട് വെച്ചുനൽകാമെന്നും മഞ്ജു വാക്കുനൽകി.

കോരാണി കുറക്കട പുകയിലത്തോപ്പ്‌ കോളനി ബ്ലോക്ക്‌നമ്പര്‍ 47 മായാഭവനില്‍ മായയുടെ ഇളയമകനാണ് മനു. വീട് നിർമിച്ചുനൽകാൻ മഞ്ജു തയ്യാറായെങ്കിലും ഇവരുടെ കുടുംബത്തിന്റെ പേരിൽ ഒരുസെന്റ് സ്ഥലംപോലുമില്ലാത്തത് തടസ്സമായി. ഇക്കാര്യമറിഞ്ഞ ശിവഗിരി സ്‌കൂളിലെ റിട്ട. അധ്യാപിക ഒറ്റൂര്‍ വിശാഖില്‍ വി. രമയും ഭര്‍ത്താവ് സുരേഷ്‌കുമാറും സ്ഥലംനൽകാൻ തയ്യാറായി.

manju
മനുവിന്റെ കുടുംബത്തിനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ മഞ്ജു വാര്യര്‍ മനുവിന്റെ അമ്മ മായയ്ക്ക് കൈമാറുന്നു.

സുരേഷ്‌കുമാറിന്റെ പേരില്‍ കവലയൂര്‍ കൂട്ടിക്കടയിലുള്ള ഭൂമിയില്‍നിന്ന് അഞ്ചുസെന്റ് മനുവിന്റെ അമ്മയുടെ പേരില്‍ സൗജന്യമായി എഴുതിക്കൊടുത്തു. സുരേഷ്‌കുമാറും ഭാര്യ രമയും ഗൃഹപ്രവേശച്ചടങ്ങിനെത്തിയിരുന്നു. ഇപ്പോള്‍ കര്‍ണാടകയിലെ രേവാ സര്‍വകലാശാലയില്‍ കുച്ചിപ്പുഡി ഡിപ്ലോമയ്ക്ക്‌ പഠിക്കുന്ന മനുവിന്റെ പഠനച്ചെലവുകളെല്ലാം മഞ്ജുതന്നെയാണ് വഹിക്കുന്നത്.

റാന്നി വടശ്ശേരിക്കര ചരിവുകാലായിലെ ചന്ദ്രികാദേവിയുടെ മകളാണ് വിദ്യ. അച്ഛന്‍ നേരത്തേ കുടുംബം ഉപേക്ഷിച്ചിരുന്നു. പുറമ്പോക്കില്‍ ചായക്കട നടത്തിയാണ് ചന്ദ്രികാദേവി മൂന്നു പെണ്‍മക്കളെ വളര്‍ത്തിയത്. വിദ്യയുടെ പഠനച്ചെലവും ചന്ദ്രികാദേവിയുടെ ചികിത്സച്ചെലവും മൂന്നു വര്‍ഷമായി മഞ്ജുവാണ് നൽകുന്നത്. പുതിയ വീട്ടിലെത്തിയ മഞ്ജുവിനെ വിദ്യയും അമ്മ ചന്ദ്രികാ ദേവിയും പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്. മഞ്ജുവും വിദ്യയും അമ്മയും ചേർന്ന്‌ വീട്ടിലെ നിലവിളക്ക് തെളിയിച്ചു.

manju

കുട്ടികള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ മഞ്ജു വാരിയര്‍ പറഞ്ഞു. ‘‘12 കുട്ടികള്‍ക്ക് നൃത്തപഠനച്ചെലവ് വഹിക്കാമെന്നും ഇതില്‍ നാല് ഭവനരഹിതരായ കുട്ടികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കാമെന്നുമായിരുന്നു ‘മാതൃഭൂമി’ സംഘടിപ്പിച്ച ചടങ്ങില്‍ പറഞ്ഞത്. ഇപ്പോള്‍ നാലു വീടുകളും പൂര്‍ത്തിയായി. രണ്ടുവീടുകളുടെ ഗൃഹപ്രവേശവും വ്യാഴാഴ്ചയാണ് നടന്നത്. രണ്ടിലും പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവും സംതൃപ്തിയുമുണ്ട്’’-മഞ്ജുവാരിയര്‍ പറഞ്ഞു.

വ്യാഴാഴ്ച അമ്മ ഗിരിജാമാധവന്‍, സഹോദരന്റെ ഭാര്യ അനു, സഹോദരപുത്രി ആവണി എന്നിവര്‍ക്കൊപ്പമാണ് മഞ്ജുവാരിയര്‍ ചടങ്ങിനെത്തിയത്.

content highlights; Manju Warrier's helping hand gives Vidya a new home