റാന്നി: വിദ്യ ചായപ്പെൻസിൽകൊണ്ടു വരച്ച്, സ്വപ്നംകണ്ട വീട് യാഥാർഥ്യമായി. മഞ്ജു വാര്യർ സമ്മാനിച്ച സ്നേഹത്തിന്റെ വലിയൊരു മുദ്ര. വടശ്ശേരിക്കര കടമാൻകുന്ന് ക്ഷേത്രത്തിനടുത്ത് മനോഹരമായ കൊച്ചുവീട്. മാറിമാറി താമസിച്ചുവന്ന വാടകവീടുകളിൽനിന്നു മോചനം. വിദ്യക്കും അമ്മയ്ക്കും ചേച്ചിമാർക്കും മനസ്സമാധാനത്തോടെ സുരക്ഷിതമായി ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. വീടിന്റെ പാലുകാച്ചൽ വ്യാഴാഴ്ച 12.20-നാണ്. ഈ സന്തോഷത്തിൽ പങ്കാളിയാവാൻ മഞ്ജു വാര്യരും എത്തും.

2015-ൽ കോഴിക്കോട്ടു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്തത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് മഞ്ജു വാര്യർ പ്രഖ്യാപിച്ചതാണ് വീട്. മാതൃഭൂമിയുടെ കലോത്സവപ്പതിപ്പിലാണ് മഞ്ജു വാര്യർ സഹായം നൽകുമെന്നറിയിച്ചത്. കലോത്സവത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവരെ അഭിനന്ദിക്കാനായി മാതൃഭൂമി കൊച്ചിയിലൊരുക്കിയ ചടങ്ങിലായിരുന്നു 12 കുട്ടികൾക്കു സഹായപ്രഖ്യാപനം നടത്തിയത്. കുട്ടികളിൽ പലരുടെയും സ്ഥിതി ചോദിച്ചറിഞ്ഞ മഞ്ജു, നാലുപേർക്ക് വീടു നിർമിച്ചുനൽകുമെന്നും അറിയിച്ചു. സ്വന്തമായി സ്ഥലവും വീടുമില്ലാത്ത വിദ്യയും ഇതിൽ ഉൾപ്പെട്ടു.

റാന്നി വടശ്ശേരിക്കര ചരിവുകാലായിൽ ചന്ദ്രികാദേവിയുടെ മൂന്നു പെൺമക്കളിൽ ഇളയവളാണ് വിദ്യ. അച്ഛൻ ചെറുപ്പത്തിലേ കുടംബത്തെ ഉപേക്ഷിച്ചുപോയിരുന്നു. വടശ്ശേരിക്കര ഫോറസ്റ്റ് ചെക്ക്പോസ്റ്റിനു സമീപം പുറമ്പോക്കു സ്ഥലത്തു ചായക്കട നടത്തിയാണ് ചന്ദ്രികാദേവി കുടുംബം പോറ്റിയിരുന്നത്. നിരവധിപേരുടെ സഹായത്തോടെയാണ് കലോത്സവങ്ങളിൽ പങ്കെടുത്തിരുന്നത്. രോഗിയായ ചന്ദ്രികാദേവിക്കു ചികിത്സച്ചെലവും കണ്ടെത്തേണ്ടിവന്നു. ഇവരുടെ സ്ഥിതി മനസ്സിലാക്കിയാണ്, നൃത്തയിനങ്ങളിൽ കഴിവുതെളിയിച്ചിരുന്ന വിദ്യക്ക് വീടു നിർമിച്ചുനൽകാനും ചികിത്സാസഹായം നൽകാനും മഞ്ജു വാര്യർ തയ്യാറായത്.

വിദ്യയുടെ നഴ്സായ ചേച്ചി സമ്പാദിച്ച പണം ചേർത്ത് അഞ്ചുസെന്റ് സ്ഥലം വാങ്ങുകയായിരുന്നുവെന്ന് ചന്ദ്രികാദേവി പറഞ്ഞു. പത്തുമാസം മുമ്പാണ് സ്ഥലം ലഭിച്ചത്. പിന്നീടു വേഗത്തിൽ വീട് പൂർത്തിയാക്കിത്തന്നു.

ചെന്നൈ എം.ജെ.ജാനകി കോളേജിലെ ബി.എ. ഭരതനാട്യം വിദ്യാർഥിനിയാണിപ്പോൾ വിദ്യ. നൃത്തപഠനച്ചെലവും അമ്മയ്ക്കു മരുന്നു വാങ്ങാനുള്ള പണവും, കണ്ടനാൾമുതൽ മഞ്ജു വാര്യർ നൽകിവരുന്നതായി വിദ്യ പറഞ്ഞു. പാലുകാച്ചിന് മഞ്ജുച്ചേച്ചി എത്തുന്നതും കാത്തിരിക്കുകയാണ് വിദ്യയും കുടുംബാംഗങ്ങളും.

content highlights: manju warrier, vidya,state school fest